'എന്താണിത്ര തിടുക്കം, കാത്തിരുന്നൂടെ'; ഐസക് ഇപ്പോൾ ഹാജരാകേണ്ടെന്ന് കോടതി..ഇഡിക്ക് തിരിച്ചടി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് ഇപ്പോൾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന് മുൻപിൽ ഹാജരാകേണ്ടെതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തിരഞ്ഞെടുപ്പിന് ശേഷം മറ്റുനടപടികളുമായി മുന്നോട്ടുകാമെന്നും ഇഡിയോട് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുശേഷം ഐസക്ക് ഇഡിക്കു മുൻപിൽ ഹാജരായാൽ മതിയെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടാനാകില്ലെന്നായിരുന്നു നേരത്തേ സിംഗിൾ ബെഞ്ച് പറഞ്ഞത്. ഐസക്കിനെ തിരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാൻ വിളിപ്പിക്കരുതെന്നായിരുന്നു ഇഡിക്കെതിരായ വിധി. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നായിരുന്നു ഇ ഡി കോടതിയിൽ വാദിച്ചത്. ചോദ്യം ചെയ്യൽ വൈകുന്നത് കേസിൽ കാലതാമസത്തിന് കാരണമാകുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പേരിൽ മറ്റൊരിടത്തും അന്വേഷണം മാറ്റിവയ്ക്കുന്നില്ല. സ്ഥാനാർത്ഥിയായതുകൊണ്ട് മാത്രം ചോദ്യം ചെയ്യാനാകില്ലെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് അടിയന്തര നടപടിയുണ്ടാകണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ഇഡി കോടതിയെ സമീപിച്ചത്. തോമസ് ഐസകിനെ ഇപ്പോൾ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി കോടതിയെ അറിയിച്ചു.
എന്നാൽ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നിരിക്കെ എന്തിനാണ് ഇഡിക്ക് ഇത്ര തിടുക്കമെന്നും അതുവരെ കാത്ത് നിന്നൂടെയെന്നുമായിരുന്നു ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എം എ അബ്ദുള്‍ ഹക്കീം എന്നിവരുടെ ചോദ്യം .തിരഞ്ഞെടുപ്പിനുശേഷം മറ്റുനടപടികളുമായി നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഇഡിയുടെ നടപടികളുടെ ഉദ്ദേശം മറ്റൊന്നാണെന്നും വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും ഐസകിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് ഈ മാസം വേനലവധിക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ലക്ഷ്യം വെച്ചാണ് ഇഡിയുടെ നീക്കമെന്ന് തോമസ് ഐസക് പ്രതികരിച്ചു. ഇഡി സീൽഡ് കവറിൽ കോടതിക്ക് കൈമാറിയ വിവരങ്ങൾ പോലും എങ്ങനെയാണ് ചോർന്നതെന്നും ഐസക് ചോദിച്ചു.












Click it and Unblock the Notifications