ഡോക്ടര്‍മാർക്കിടയിലും വാട്ട്സ് ആപ് തന്നെ താരം

വാട്ട്സ് ആപില്‍ ഓര്‍ത്തോപോഡ്‌സ് എന്നൊരു ഗ്രൂപ്പ് നിര്‍മ്മിച്ചിരിയ്ക്കുകയാണ് തിരുവന്തപുരത്തെ ചില പ്രമുഖ ആശുപത്രികളിലെ ഓര്‍ത്തോപീഡിയാക് ഡോക്ടര്‍മാര്‍. തങ്ങളുടെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, പുത്തന്‍ അറിവുകള്‍, അടിയന്തര സഹായങ്ങള്‍ എന്നിവയ്‌ക്കൊക്കെയാണ് ഇവര്‍ ഈ ചാറ്റ് ആപിനെ ഉപയോഗിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഗ്രൂപ്പില്‍ ഇപ്പോള്‍ പതിനാറ് അംഗങ്ങള്‍ ഉണ്ട്. വിവിധ ആശുപത്രികളില്‍ നിന്നുളള ഡോക്ടര്‍മാരാണ് ഇവര്‍. തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കൈമാറാന്‍ ആപ് സഹായിക്കുന്നുവെന്ന് നിംസ് ആശുപത്രിയിലെ ഓര്‍ത്തോപിഡീഷ്യന്‍ ഡോക്ടര്‍ വിശ്വനാഥന്‍ പറഞ്ഞു.
ചില സങ്കീര്‍ണമായ കേസുകളില്‍ രോഗിയുടെ ചിത്രം, രോഗത്തിന്‍റെ അവസ്ഥ, ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ എന്നിവ മറ്റ് ഡോക്ടര്‍മാര്‍ക്ക് വളരെ വേഗം കൈമാറാനും അവരുടെ ഉപദേശവും സഹായവും പെട്ടന്ന് തന്നെ ലഭ്യമാക്കാനും ആപിന്റെ സഹായത്തോടെ കഴിയുന്നുവെന്ന് എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ കൈലാസ് വിശ്വനാഥ് പറയുന്നു.
ചികിത്സാരംഗത്തും സംശയങ്ങള്‍, ആശയങ്ങള്‍ എന്നിവയൊക്കെ വര്‍ഷങ്ങളായി ഇന്റര്‍നെറ്റിലൂടെ കൈമാറുന്നവരാണ് തങ്ങളെങ്കിലും ആശയവിനിമയം വളരെ വേഗത്തിലാക്കാന്‍ കഴിഞ്ഞത് വാട്ട്‌സ് ആപ് ഉള്ളത് കൊണ്ടാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒര്‍ത്തോപീഡീഷ്യന്‍മാര്‍ മാത്രമല്ല മറ്റ് ഡോക്ടര്‍മാരും വാട്ട്‌സ് ആപ് തങ്ങളുടെ ജോലിയുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ചിറയിന്‍കീഴ് ഗവണ്‍മെന്റ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ഡോക്ടര്‍ എന്‍ സുല്‍ഫി പറഞ്ഞു.












Click it and Unblock the Notifications