പ്രണയം ഉണ്ടായിരുന്നോ? വിവാഹം ഉടനെ ഉണ്ടാകുമോ?; ചാണ്ടി ഉമ്മന്റെ മറുപടി ഇങ്ങനെ
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതൽ സോഷ്യൽ മീഡിയയിലും പുറത്തുമെല്ലാം വലിയ രീതിയിൽ ഉയർന്നൊരു ചോദ്യമുണ്ട്, ചാണ്ടി ഉമ്മന്റെ വിവാഹം. എന്തുകൊണ്ടാണ് ചാണ്ടി ഉമ്മൻ വിവാഹം കഴിക്കാത്തത് എന്നായിരുന്നു പലർക്കും അറിയേണ്ടത്. 'വിവാഹം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്' എന്നായിരുന്നു അന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. എന്നാൽ ഈ മറുപടി കൊണ്ടൊന്നും സോശ്യൽ മീഡിയ തൃപ്തിപ്പെട്ടിട്ടില്ല.
ഇപ്പോഴിതാ വൻ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിയിൽ എംഎൽഎയായി വിജയിച്ചപ്പോഴും ആളുകൾക്ക് അറിയാനുള്ളത് ചാണ്ടി ഉമ്മന്റെ വിവാഹത്തെ കുറിച്ച് തന്നെ. എംഎൽഎയൊക്കെ ആയില്ലേ? ഇനി വിവാഹം ഉണ്ടാകുമോ? എന്നാണ് ഉയരുന്ന ചോദ്യം. എന്നാൽ സമയം ആകുമ്പോൾ താനത് തീരുമാനിച്ചോളാം എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്.

അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് തന്റെ പേരിൽ ഉയർന്ന സോഷ്യൽ മീഡിയ ട്രോളുകളോടും അഭിമുഖത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പ്രചരണത്തിനിടെ ചാണ്ടി ഉമ്മന്റെ സംസാര ശകലങ്ങളും പ്രചരണത്തിനിടയിലെ ധൃതിപിടിച്ചുള്ള ഓട്ടങ്ങളുമെല്ലാമായിരുന്നു സോഷ്യൽ മീഡിയയിൽ ട്രോളായി ഇറങ്ങിയത്. എന്നാൽ ഇത്തരം ട്രോളുകളെ താൻ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
'നമ്മുക്ക് വല്ല തെറ്റും പറ്റിയാൽ പറഞ്ഞു തരേണ്ടത് ഇവരല്ലേ. നൂറ് ശതമാനം ഞാൻ ഇതിനെയൊക്കെ സ്വാഗതം ചെയ്യുകയാണ്. കട്ട് ചെയ്ത് പ്രചരിപ്പിച്ച കാര്യങ്ങളിൽ ഒന്ന് എന്താണ്? ഞാൻ ബൂത്ത് ഉപയോഗിക്കണം എന്ന് പറഞ്ഞ കാര്യമാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ കട്ട് ചെയ്താണ് കൊടുത്തത്. ജനങ്ങൾ മൂന്ന് മണിക്കൂറിന് മുകളിൽ ക്യൂ നിൽക്കുകയാണ്. റൂളും ചട്ടവും പറഞ്ഞ് നിന്നാൽ അവര് പോകില്ലേ. ഒരു പൂജാരി 6 മണിക്ക് പൂജയുണ്ടെന്ന് പറഞ്ഞ് 3 മണിക്ക് മടുത്ത് പോകുകയാണ്. വ്യാപകമായി ഈ പ്രശ്നം ശ്രദ്ധയിൽ പെട്ടപ്പോഴാണ് പ്രതികരിച്ചത്.
ഒരു ബൂത്തിൽ തടസം നേരിട്ടപ്പോൾ ആ ബൂത്തിലേക്ക് അധിക സംവിധാനം കൊണ്ടുവരാനാണ് ഞാൻ ആവശ്യപ്പെട്ടത്. ഞാൻ ചോദിക്കുന്നുണ്ട് ഓഫീസർമാരെ മാത്രമാണോ വിടുന്നത്, മെഷീൻ വേണ്ടേയെന്ന്. തൊട്ടടുത്ത ബൂത്തുകളിൽ മെഷീൻ ഇരിക്കുകയാണ്. ഓക്സിലറി ബൂത്ത് പോസിബിൾ ആണോയെന്നാണ് ഞാൻ ചോദിച്ചത്. ആളുകളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നം. ഇതൊക്കെ വെറുതെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.ചില കാര്യങ്ങൾ ആളുകൾക്ക് ബോധ്യപ്പെടാൻ വർഷങ്ങളെടുക്കും. എന്റെ പക്വതയൊക്കെ ആളുകൾക്ക് ബോധ്യപ്പെട്ടോളും. നിയമത്തിന് അപ്പുറം ജനമാണ് വലുത്', ചാണ്ടി ഉമ്മൻ.












Click it and Unblock the Notifications