നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ്
തിരുവനന്തപുരം: ദേശീയ പാത ഉദ്ഘാടനം രാഷ്ട്രീയ വിവാദമായിരിക്കെ ബഹിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ദേശീയ പാത നിര്‍മാണത്തിന് സംസ്ഥാനത്ത് ചുക്കാന്‍ പിടിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതാണ് വിവാദത്തിന് കാരണം. ഇതോടെ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച പിന്നാലെ കോഴിക്കോട് ദേശീയ പാതയില്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ റാലി നടത്തുമെന്നും പ്രഖ്യാപിച്ചു.
ഈ വേളയിലാണ് കഴിഞ്ഞ മാസം തനിക്ക് നേരിട്ട ദുരനുഭവം മന്ത്രി എംബി രാജേഷ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചത്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയ വേളയില്‍ ഉദ്ഘാടനത്തിന് മന്ത്രി രാജേഷിനും ക്ഷണമുണ്ടായിരുന്നു. ഇതുപ്രകാരം പരിപാടിക്കെത്തിയ മന്ത്രിയോട് എസ്പിജി ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ.

അന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി മന്ത്രി രാജേഷിനെയാണ് നിശ്ചയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് രാജേഷിന് ക്ഷണവും വന്നു. മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട പരിപാടി കൂടിയായിരുന്നു അത്. പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ച വിഐപി പാസുമായിട്ടാണ് മന്ത്രി രാജേഷ് പരിപാടിക്കെത്തിയത്. എന്നാല്‍ കടത്തിവിടാന്‍ എസ്പിജി ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.
എസ്പിജി ഉദ്യോഗസ്ഥര്‍ ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടത് ഞെട്ടിപ്പിക്കുന്നതായിരുന്നു എന്ന് മന്ത്രി രാജേഷ് പറഞ്ഞു. വിഐപി പാസ് കാണിച്ച ശേഷം ആധാര്‍ കാര്‍ഡ് ചോദിച്ചത് അപമാനിക്കലാണ്. ആധാര്‍ കാണിക്കാന്‍ സൗകര്യപ്പെടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്നും അറിയിച്ച് കാറിന് അടുത്തേക്ക് നടന്നു.
ഈ വേളയില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അവരും എസ്പിജി ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. മന്ത്രിക്ക് അനുമതി ഇല്ലെങ്കില്‍ തങ്ങളും ബഹിഷ്‌കരിക്കുമെന്ന് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ എസ്പിജി ഉദ്യോഗസ്ഥര്‍ പിന്നാലെ വന്ന് മന്ത്രിയെ വിളിച്ച് ആധാര്‍ കാര്‍ഡ് കാണിക്കേണ്ടതില്ല എന്ന് പറയുകയായിരുന്നുവത്രെ.
അസംബന്ധങ്ങള്‍ക്ക് നിന്നു കൊടുക്കില്ല
ഇനി ഇത്തരം കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതാണെന്ന് എംബി രാജേഷ് പറഞ്ഞു. അതുകൊണ്ട് ദേശീയപാത ഉദ്ഘാടനത്തിന് പോകേണ്ടതില്ല എന്ന് ഇന്നലെ തന്നെ തീരുമാനിച്ചതാണ്. ഒരുപാട് പരിപാടികള്‍ മണ്ഡലത്തിലുണ്ട്. അതൊഴിവാക്കി ഇത്തരം അസംബന്ധങ്ങള്‍ക്ക് നിന്നു കൊടുക്കേണ്ടതില്ല എന്നാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു.
ഇടുങ്ങിയ രാഷ്ട്രീയമാണ് ബിജെപിയുടേത്. എല്ലാ സംസ്ഥാനത്തും ദേശീയ പാത നിര്‍മിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേരളത്തില്‍ മാത്രം സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിന് വേണ്ടി 5580 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. കേരളത്തോട് മാത്രം പണം ചോദിക്കുന്ന വിവേചനം എല്ലാ കാര്യത്തിലും തുടരുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു.












Click it and Unblock the Notifications