'പുള്ളി എന്റെ പോക്കറ്റില്‍ നിന്ന് ബീഡിയെടുത്ത് വലിക്കും', അങ്ങനെയും ഒരു എംടി, മമ്മൂട്ടി അന്ന് പറഞ്ഞത്
എംടിയുമായുളള മമ്മൂട്ടിയുടെ ബന്ധത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. എംടിയുടെ സംവിധാനത്തിലാണ് മമ്മൂട്ടി ആദ്യമായി പ്രധാനവേഷത്തിൽ ഒരു സിനിമയിലെത്തുന്നത്. വെളിച്ചം കാണാതെ പോയ ദേവലോകം മുതൽ തുടങ്ങുന്നു ആ ബന്ധം. എംടിയുടെ വടക്കൻ വീരഗാഥയും തൃഷ്ണയും സുകൃതവും ഒന്നുമില്ലാതെ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തെ അടയാളപ്പെടുത്തുക വയ്യ.
ഒടുവിൽ അക്ഷരങ്ങൾ ബാക്കിയാക്കി എംടി വിടപറഞ്ഞിരിക്കുന്നു. എംടിയെ കുറിച്ച് എത്രയെത്ര ഓർമ്മകളുണ്ടാകും മമ്മൂട്ടിക്ക് പങ്കുവെയ്ക്കാൻ.. വർഷങ്ങൾക്ക് മുൻപ് കൈരളി ടിവിയിൽ സംവിധായകൻ രഞ്ജിത്തുമായുളള പ്രത്യേക അഭിമുഖ പരിപാടിയിൽ തനിക്ക് ആരാണ് എംടിയെന്ന് മമ്മൂട്ടി തുറന്ന് പറയുന്നുണ്ട്.

എംടി ആരാണ് മമ്മൂട്ടിക്ക്, എന്താണ് അദ്ദേഹത്തെ കുറിച്ചുളള ഓര്‍മ്മകള്‍ എന്നായിരുന്നു രഞ്ജിത്തിന്റെ ചോദ്യം. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ: ആരാണെന്നോ എന്താണെന്നോ വിശദീകരിക്കാന്‍ പറ്റാത്തൊരു ആത്മബന്ധം എനിക്ക് അദ്ദേഹത്തോട് തോന്നുന്നുണ്ട്. വളരെക്കാലം മുന്‍പ് എനിക്ക് അദ്ദേഹത്തെ അറിയാം. ഞാന്‍ പ്രായം കുറഞ്ഞ കാലത്തും എംടിയുടെ കഥാപാത്രങ്ങളായി മനസ്സില്‍ സ്വയം സങ്കല്‍പ്പിക്കുകയും ആ സംഭാഷണ ശകലങ്ങള്‍ സ്വയം ഉരുവിട്ട് ശീലിക്കുകയുമൊക്കെ ചെയ്തിട്ടുളള ഒരാളാണ്.
എന്തോ ഒരു കാര്യം ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ എന്താണ് പേര് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, മമ്മൂട്ടി. അതങ്ങനെ പോയി. അതായിരുന്നു ആദ്യത്തെ കാഴ്ച. എന്നെ അദ്ദേഹം ഒന്ന് രജിസ്റ്റര്‍ ചെയ്യുകയും ഞാന്‍ അദ്ദേഹത്തെ ഒന്ന് ശരിക്കും നോക്കിക്കാണുകയും ചെയ്തു.
പിന്നീടാണ് ജനശക്തി ഫിലിംസിന്റെ ദേവലോകം എന്ന സിനിമ വരുന്നത്. എന്റെ സീനിയര്‍ ആയിട്ട് പഠിച്ച എസ് രമേശന്‍ അന്ന് സംഘാടകരിലുണ്ട്. എന്റെ സിനിമാഭ്രമം അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തോട് അതേക്കുറിച്ച് സൂചിപ്പിച്ചു. അങ്ങനെയാണ് ദേവലോകത്തിലേക്ക് വിളിക്കുന്നത്. മുതിര്‍ന്നവരുടെ മുന്നില്‍ നിന്ന് ബീഡി വലിക്കാന്‍ പാടില്ല എന്നതൊന്നും അന്ന് അത്ര കാര്യമായി എടുത്തിട്ടില്ല. പുള്ളി എന്റെ പോക്കറ്റില്‍ നിന്ന് ബീഡിയെടുത്ത് വലിക്കും.
അദ്ദേഹത്തോട് അനാവശ്യമായ അടുപ്പം കാണിക്കുകയോ ഇരുന്ന് സംസാരിക്കുകയോ അല്ല. ഞാനും അദ്ദേഹത്തിന്റെ ഒരു സമപ്രായക്കാരന്റെ ലെവലിലേക്ക് മാറി. പുള്ളിയുടെ പ്രതിരോധത്തിന്റെ വേലി പൊളിച്ച് ഞാന്‍ അകത്ത് കയറി. ആ വേലിക്കകത്താണ് ഞാനിപ്പോഴും. അതിനകത്ത് നിന്ന് പുള്ളി ഇപ്പോഴും എന്നെ അടിച്ച് പുറത്താക്കിയിട്ടില്ല.
എനിക്ക് ഏറ്റവും അഭിമാനകരമായ, സന്തോഷം തോന്നുന്ന ഒരു കാര്യമുണ്ട്. എന്നോട് പുള്ളി പറഞ്ഞു, ഞാന്‍ മമ്മൂട്ടിക്ക് വേണ്ടി ഴുതുമ്പോള്‍ എനിക്ക് മമ്മൂട്ടിയുടെ ശബ്ദത്തില്‍ ഈ സംഭാഷണങ്ങള്‍ കേള്‍ക്കാം. അത് വലിയൊരു അംഗീകാരമാണ്. എല്ലാത്തിനും ഉണ്ടാകും ഞാന്‍, ഒക്കെ നന്നാവും, അങ്ങനെ പറയുന്ന ഒരു ഗുരുതുല്യന്‍ ആണ്.
സിനിമയില്‍ ഏറ്റവും കൂടുതല്‍ എംടിയുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളള ആള്‍ ഞാനാണ് എന്നാണ് തോന്നുന്നത്. അത്രത്തോളം അദ്ദേഹത്തിന്റെ രചനാശൈലിയോടും സംഭാഷണങ്ങളോടും പാത്രസൃഷ്ടിയോടും ഒക്കെ അടുപ്പവും പരിചയവും ഉണ്ട്, മമ്മൂട്ടി പറയുന്നു.












Click it and Unblock the Notifications