‘വേറെവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’; ട്രോളുകൾക്ക് മറുപടിയുമായി മന്ത്രി ആർ ബിന്ദു
തൃശൂർ: ഇന്ത്യ ടുഡെ കോൺക്ലേവ് സംവാദ പരിപാടിയിൽ ഇംഗ്ലീഷിൽ നടത്തിയ പ്രതികരണത്തിന്റെ പേരിൽ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി മന്ത്രി ആർ ബിന്ദു. പരിപാടിയിൽ സംസാരിക്കുന്ന മുഴുവൻ വീഡിയോയും പങ്കിട്ട് കൊണ്ടാണ് മന്ത്രി പ്രതികരിച്ചത്. വീടിനെ തലയ്ക്കകത്ത് എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും എന്ന് തന്നെയാണ് താൻ പറഞ്ഞതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പരിപാടിയിൽ മന്ത്രിയുടെ ഒരു ദിവസം എങ്ങനെയാണെന്ന് അവതാരക ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി സംസാരിക്കുന്നതിനിടെ Wherever I go, I take my house in my head' എന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനെ ബിജെപി നേതാക്കൾ അടക്കം പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിയുടെ പ്രതികരണം.

മന്ത്രി ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ-'വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ.
'കൊളോണിയൽ ബുദ്ധി'കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. 'പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ' എന്ന് അവർക്ക് മറുപടി നൽകി.
അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ', മന്ത്രി പറഞ്ഞു.
അതേസമയം എഴുത്തുകാരൻ അശോകൻ ചരുവിലടക്കം നിരവധി പേർ പോസ്റ്റിന് താഴെ മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. 'സ്ത്രീ എവിടെ പോയാലും അവരുടെ മനസ്സിൽ വീട് ഉണ്ടാകും. കുടുംബമല്ല, വീടു തന്നെ. മനോഹരമായ ഒരാശയമാണത്. വിമർശിക്കാൻ കാത്തിരിക്കുന്നവർക്ക് സർഗ്ഗാത്മകത ഉണ്ടാവണമെന്നില്ല', എന്നായിരുന്നു അശോകൻ ചരുവിൽ കമന്റ് ചെയ്തത്.












Click it and Unblock the Notifications