സ്വർണം എവിടെ വിൽക്കുന്നതാണ് ലാഭം? വാങ്ങിയ കടയിൽ തന്നെയാണോ അതോ മറ്റെവിടെയെങ്കിലുമോ? അറിയാം
സ്വർണത്തിന്റെ വില പവന് ഒരു ലക്ഷം കടന്നതോടെ നമ്മുടെ നാട്ടിലെ നിരവധി ആളുകളാണ് പഴയ സ്വർണം വിൽക്കാനായി ജ്വല്ലറികളിൽ തിക്കിത്തിരക്കിയത്. ആ ദിവസത്തെ വിലയ്ക്ക് നമുക്ക് സ്വർണം വിൽക്കാനാകുമെന്ന് കരുതാനാകില്ല. പല കുറയ്ക്കലുകളും സ്വർണവിലയിൽ ഉണ്ടാകും.
സ്വർണം വിൽക്കുമ്പോൾ എവിടെ വിൽക്കുന്നതാകും ലാഭകരം.. അത് വാങ്ങിയ ജ്വല്ലറിയിൽ തന്നെ വിൽക്കുന്നത് കൊണ്ട് കൂടുതൽ ലാഭകരമാകാനുളള സാധ്യതയുണ്ടോ? സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നത് ഇതാണ്:
'' ചില ജ്വല്ലറികള്‍ അവരുടെ പോളിസിയുടെ ഭാഗമായി പറയാറുണ്ട്, ഞങ്ങളുടെ ആഭരണങ്ങള്‍ ഏത് സമയം കഴിഞ്ഞ് വിറ്റാലും ഒരു നിശ്ചിത റേറ്റ് കുറച്ചിട്ട് വാങ്ങും എന്ന്. ഒരു ജ്വല്ലറിയും അതാത് ദിവസത്തെ വിലയ്ക്ക് സ്വര്‍ണം തിരിച്ച് വാങ്ങുന്നില്ല. കുറേ ആളുകള്‍ക്ക് ഒരു മിഥ്യാ ധാരണ ഉളളത്, 916 ആഭരണം തിരിച്ച് കൊടുത്താല്‍ അതാത് ദിവസത്തെ വില തന്നെ അവര്‍ക്ക് തിരികെ ലഭിക്കും എന്ന്.

നമ്മുടെ അടുത്ത് പോലും ആളുകള്‍ വന്ന് തര്‍ക്കിക്കാറുണ്ട്, ഇത് ഞാന്‍ ഇവിടെ നിന്ന് വാങ്ങിയതാണല്ലോ, ഇന്ന് ഇതാണ് സ്വര്‍ണവില, ആ വില തന്നെ കിട്ടണം എന്നൊക്കെ ചോദിക്കാറുണ്ട്. ഞങ്ങളുടെത് ആയാലും മറ്റൊരു ജ്വല്ലറിയില്‍ നിന്ന് വാങ്ങിയത് ആയാലും ചെറിയൊരു ലാഭം മാത്രം എടുത്ത് കൊണ്ടാണ് സ്വര്‍ണം തിരിച്ച് വാങ്ങുന്നത്.
പക്ഷേ വന്‍കിടക്കാരുടെ പരസ്യം കണ്ട് ആളുകള്‍ ചെല്ലും. ചില ജ്വല്ലറികള്‍ പറയും ഞങ്ങളുടെ ഉരുപ്പടികള്‍ ഞങ്ങള്‍ക്ക് തന്നെ തിരിച്ച് വിറ്റാല്‍ 2 ശതമാനം, അതെത്ര കാലം ആയാലും, ഏത് വില ആണെങ്കിലും എടുക്കുമെന്ന് പറയും. ചിലപ്പോള്‍ 1 ശതമാനം കുറച്ച് സ്വര്‍ണം എടുക്കാവുന്ന സാഹചര്യം വരും. അപ്പോഴും ആ വന്‍കിട ജ്വല്ലറിക്ക് അവരുടെ പോളിസി പ്രകാരം 2 ശതമാനം തന്നെയാണ് കുറയ്ക്കാന്‍ സാധിക്കുക.
ചെറുകിട ജ്വല്ലറിക്കാര്‍ നേരിട്ടാണ് ഇതിന്റെ ലാഭവും നഷ്ടവും അനുഭവിക്കുന്നത്. വന്‍കിടക്കാരെ സംബന്ധിച്ച് ഉടമകള്‍ നേരിട്ട് ഇതിലൊന്നും ഇടപെടുന്നില്ല. അവരൊരു പോളിസി നിശ്ചയിക്കുകയും അതിന് അനുസരിച്ച് കാര്യങ്ങള്‍ നീക്കാന്‍ പറയുകയും ചെയ്യുന്നു. എപ്പോഴും സ്വര്‍ണം വില്‍ക്കാന്‍ പോകുമ്പോള്‍ ഒന്നിലധികം സ്ഥലത്ത് വില തിരക്കുക, തൂക്കം കൃത്യമായി പരിശോധിക്കുക. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല വിലയെന്ന് തോന്നുന്നയിടത്ത് വില്‍ക്കുക.
വിളിച്ച് വില ചോദിച്ച് ഒരര്‍ത്ഥവും ഇല്ല എന്നാണ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ പറയാനുളളത്. വേറെ ഒരു സാധനവും പോലെ അല്ല സ്വര്‍ണം. ഒരു മില്ലി ഗ്രാം ആണെങ്കിലും വില ഉണ്ട്. അത് കൊണ്ട് വിളിച്ച് വില ചോദിക്കുന്നതും നേരിട്ട് പോയി തൂക്കം നോക്കി വില ചോദിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പല ആളുകളും വീടുകളില്‍ വന്ന് സ്വര്‍ണമെടുക്കാം എന്ന് പരസ്യമൊക്കെ നല്‍കുന്നുണ്ട്. അത്തരക്കാരുടെ തൂക്കം നോക്കുന്ന മെഷീനൊക്കെ വലിയ വ്യത്യാസം കാണും. അതുകൊണ്ട് സ്വര്‍ണം വില്‍ക്കുമ്പോള്‍ കൃത്യമായ വില ഉറപ്പ് വരുത്തി മാത്രം വില്‍ക്കുക''.


Click it and Unblock the Notifications
