ഓണാഘോഷത്തില്‍ മുസ്ലിം ലീഗ് എവിടെ? ഉദ്ഘാടകനായി മറ്റാരെയും കിട്ടിയില്ലേ എന്ന് കെടി ജലീല്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടിയില്‍ മുസ്ലിം ലീഗ് മന്ത്രിമാരോ പ്രതിനിധികളോ ഇല്ലാത്തത് ചര്‍ച്ചയാക്കി മുന്‍ എംഎല്‍എ കെടി ജലീല്‍. മുസ്ലിം ലീഗിനെ മാറ്റി നിര്‍ത്തിയതാണോ അതോ അവര്‍ മാറി നിന്നതാണോ എന്ന് ജലീല്‍ ചോദിക്കുന്നു. ആര്‍എസ്എസുകാരന്‍ കൂടിയായ ഉപരാഷ്ട്രപതി ഉദ്ഘാടകനായി എത്തിയതിനെയും ജലീല്‍ ചോദ്യം ചെയ്തു. മറ്റാരെയും കിട്ടിയില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
ഉപരാഷ്ട്രപതി വന്നതു കൊണ്ടാണ് വന്ദേമാതരം മുഴുവന്‍ പാടിയത് എന്നാണ് മന്ത്രി പിസി വിഷ്ണുനാഥ് പറയുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം മുമ്പും കേരളത്തില്‍ വന്നിട്ടുണ്ട്. അന്നൊന്നും വന്ദേമാതരം മുഴുവന്‍ പാടിയിട്ടില്ല. ബിജെപിക്ക് മലയാളി മനസില്‍ സ്വീകാര്യത ഉണ്ടാക്കാന്‍ യുഡിഎഫ് കരാര്‍ എടുത്തിട്ടുണ്ടോ എന്നും ജലീല്‍ ചോദിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''ഓണാഘോഷത്തില്‍ നിന്ന് ലീഗ് മാറി നിന്നതോ മാറ്റി നിര്‍ത്തിയതോ? കേരളം സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ ഉല്‍ഘാടനത്തില്‍ ആര്‍.എസ്.എസുകാരന്‍ കൂടിയായ ഇന്ത്യയുടെ വൈസ് പ്രസിഡണ്ടിനെ അല്ലാതെ ഉല്‍ഘാടകനായി മറ്റാരെയും യു.ഡി.എഫ് സര്‍ക്കാരിന് കിട്ടിയില്ലെ? അദ്ദേഹം വന്നത് കൊണ്ട് ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ പാടിയത്രെ.
പ്രിയപ്പെട്ട മന്ത്രീ, കഴിഞ്ഞ പത്തുവര്‍ഷം ഈ വന്ദേമാതരം ഇവിടെ ഉണ്ടായിരുന്നില്ലെ?. അന്ന് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും എല്ലാം പങ്കെടുത്ത ചടങ്ങുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുമുണ്ട്. അന്നൊന്നും വന്ദേമാതരം മുഴുവന്‍ പാടണമെന്ന് ഒരു ഓഫീസും വാശി പിടിച്ചിരുന്നില്ലല്ലോ? ഇപ്പോള്‍ പുതുതായി അങ്ങിനെ നിര്‍ദ്ദേശം വരാന്‍ കാരണമെന്താണ്? വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങു മുതലാണ് കേരളത്തില്‍ പൊതുചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചു തുടങ്ങിയത്.
ഓണം മലയാളിയുടെ ദേശീയ ഉല്‍സവമാണെന്നിരിക്കെ സര്‍ക്കാരിന്റെ പണം ചെലവിട്ട് നടത്തിയ പരിപാടിയിലേക്ക് യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിന്റെ അഞ്ചു മന്ത്രിപൂങ്കവന്‍മാരില്‍ ഒരാളെപ്പോലും ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണ്? ലീഗുമന്ത്രിമാര്‍ക്ക് ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വല്ല വിമ്മിഷ്ടവും അവര്‍ അറിയിച്ചത് കൊണ്ട് പങ്കെടുക്കാത്തതാണോ? അതല്ല, വന്ദേമാതരം മുഴുവന്‍ പാടുന്ന വേദിയില്‍ നിന്ന് ലീഗ് ബോധപൂര്‍വ്വം വിട്ടുനിന്നതാണോ? അതോ, ലീഗ് പങ്കെടുത്തില്ലെങ്കിലും പ്രശ്‌നമില്ല, ഞങ്ങള്‍ക്ക് വൈസ് പ്രസിഡണ്ട് മതി എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചതാണോ?
ഈ പോക്ക് പോയാല്‍ അധികം വൈകാതെ കേരളത്തിലെ കോണ്‍ഗ്രസ് ബി.ജെ.പിയാകുമെന്നാണ് തോന്നുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള വികസന പദ്ധതികളുടെ പരിപാടികളിലേക്ക് പ്രസിഡണ്ടിനേയും പ്രധാനമന്ത്രിയേയും വൈസ് പ്രസിഡണ്ടിനെയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ കേരളം മതേതരമായി ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തില്‍ മാത്രം നടത്തുന്ന ഓണാഘോഷത്തിേലേക്ക് ക്ഷണിച്ച് ബി.ജെ.പിക്ക് മലയാളിയുടെ മനസ്സില്‍ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കാന്‍ യു.ഡി.എഫ് വല്ല കരാറും എടുത്തിട്ടുട്ടോ?''




Click it and Unblock the Notifications