'ഏത് അടുപ്പിലാണ് ലീഗ് എംപിമാരും നേതാക്കളും ഒളിച്ചിരിക്കുന്നത്'? പുകച്ച് പുറത്ത് ചാടിക്കണമെന്ന് കെടി ജലീൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്നത്. കോൺഗ്രസും ഇടത് പാർട്ടികളും ഇന്ത്യ സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ഡിഎംകെയും ആം ആദ്മി പാർട്ടിയും അടക്കമുളള പ്രതിപക്ഷ പാർട്ടികൾ സമര രംഗത്തുണ്ട്.
എന്നാൽ മുസ്ലീം ലീഗിന്റെ എംപിമാർ സമരത്തിനില്ലെന്ന് ആരോപിക്കുകയാണ് കെടി ജലീൽ. ഏത് അടുപ്പിലാണ് ലീഗ് എം.പിമാരും നേതാക്കളും ഒളിച്ചിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കെടി ജലീൽ ചോദിക്കുന്നു. ലീഗ് പ്രവർത്തകർ തങ്ങളുടെ നേതാക്കളെ ഉടൻ പുകച്ച് പുറത്ത് ചാടിക്കണമെന്നും കെടി ജലീൽ പരിഹസിക്കുന്നു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' 'ലീഗ് എം.പിമാരും നേതാക്കളും എത് അടുപ്പിലാണ്? രാജ്യം രണ്ടാം സ്വാതന്ത്ര്യസമരത്തിൻ്റെ പോർമുഖത്താണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ മുഴുവൻ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോരാട്ടത്തിൻ്റെ മുന്നിലുണ്ട്. ഇടതുപക്ഷ നേതാക്കൾ എം.എ ബേബിയുടെ നേതൃത്വത്തിൽ കൈമെയ് മറന്ന് സമരഭൂമിയിൽ സജീവമാണ്. ഇടതു എംപിമാർ ജോൺ ബ്രിട്ടാസിൻ്റെ നേതൃത്വത്തിൽ തീപന്തങ്ങളായി തലസ്ഥാനത്തെ സമരഭൂമിയിൽ ആളിക്കത്തുകയാണ്.

ഇന്ത്യ സഖ്യത്തിൽ നിന്ന് വിട്ടു നിൽക്കുന്ന ഡി.എം.കെയുടെയും ആം ആദ്മിയുടെയും എം.പിമാരും ശക്തമായ സാന്നിദ്ധ്യമറിയിച്ച് പോർക്കളത്തിലുണ്ട്. ഒരുപാർട്ടിയേയും അതിൻ്റെ നേതാക്കളെയും എം.പിമാരെയും മാത്രം കഷായത്തിൽ ചേർക്കാൻ പോലും അവിടെയെവിടെയും കാണാനില്ല. മുസ്ലിംലീഗ് എന്ന പാർട്ടി "മയ്യത്തായോ"? സാദിഖലി തങ്ങളേ, ഗ്യാനേഷ് കുമാറിനെതിരെ ലീഗ് സമരം നടത്തേണ്ടത് മലപ്പുറത്തല്ല, അങ്ങ് ഡൽഹിയിലാണ്.
രാജ്യം സമരച്ചൂടിൽ തിളച്ച് മറിയുമ്പോൾ ലീഗിൻ്റെ ജനപ്രതിനിധികൾ കുളത്തിലേക്ക് ഉന്തിയിട്ട് കളിക്കുന്ന തിരക്കിലാണല്ലോ? നാട് സമരാഗ്നിയിൽ ജ്വലിക്കുമ്പോൾ "ലാവിഷായി" ജീവിച്ച് പരിചയിച്ച ലീഗിൻ്റെ മന്ത്രിമാർ കോടികൾ വിലപിടിപ്പുള്ള ആരാൻ്റെ റൈഞ്ചറോവർ കാറുകളിൽ പാറിപ്പറക്കുന്ന തിരക്കിലല്ലേ? ലീഗിൻ്റെ മകൻ മന്ത്രി വിദേശത്ത് കറങ്ങി നടക്കുന്നു. മുസ്ലിംലീഗിൻ്റെ ദേശീയ ജനറൽ സെക്രട്ടറി ഞാനീനാട്ടുകാരനേ അല്ലെന്ന മട്ടിൽ കൂർക്കം വലിച്ച് ഉറങ്ങുകയാണ്.
ഏത് അടുപ്പിലാണ് ലീഗ് എം.പിമാരും നേതാക്കളും ഒളിച്ചിരിക്കുന്നത്. അവരെ അവിടെ നിന്ന് പുകച്ച് പുറത്തു ചാടിക്കാൻ ലീഗു പ്രവർത്തകരേ, ഉടൻ രംഗത്തു വരിക. ഇവരെ ഇങ്ങനെ വിട്ടാൽ ED-യാണ് "പടച്ചോൻ" എന്നു പറയാനും മടിക്കില്ല. ലീഗിൻ്റെ ധൈര്യം കാണിക്കേണ്ടത് വാതിലടച്ച് മലപ്പുറത്തല്ല. നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും മൂക്കിന് താഴെ ഡൽഹിയിലാണ്. അങ്ങോട്ട് പോകാതിരിക്കാൻ ലീഗിൻ്റെ കൈകാലുകൾ സംഘ്പരിവാർ ഏതെങ്കിലും "കുറ്റിയിൽ" കെട്ടിയിട്ടുണ്ടെങ്കിൽ ആ 'ബന്ധനം' പൊട്ടിച്ചെറിയാൻ യഥാർത്ഥ ലീഗു പ്രവർത്തകർ തയ്യാറാവണം. ലീഗ് എം.പിമാരെ ഡൽഹിയിലേക്ക് ഓടിക്കണം'.


Click it and Unblock the Notifications
