'മോദിയെ രക്ഷിച്ച ആ കോൺഗ്രസ് നേതാക്കൾ ആരാണ്? ലോകമറിയട്ടെ ആ ചതി, വാ തുറക്കൂ കോൺഗ്രസ് നേതൃത്വമേ'
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിയും അമിത് ഷായും ജയിലിൽ പോകേണ്ടതായിരുന്നുവെന്നും ചില കോൺഗ്രസ് നേതാക്കളാണ് അവരെ സഹായിച്ചത് എന്നുമുളള മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടെ വെളിപ്പെടുത്തതിൽ കോൺഗ്രസിന്റെ മൗനത്തെ ചോദ്യം ചെയ്ത് എംബി രാജേഷ്. സോണിയാ ഗാന്ധിയുടെ പുസ്തക പ്രകാശനം നടന്ന വേദിയിൽ വെച്ചായിരുന്നു മുൻ നിയമമന്ത്രി കൂടിയായ വീരപ്പ മൊയ്ലിയുടെ ആരോപണം.
എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പരിപൂർണ നിശ്ശബ്ദതയോ? അതെന്താ അങ്ങനെ? ദിവസങ്ങളായുള്ള മൗനം വെടിയൂ കോൺഗ്രസ് നേതൃത്വമേ. ഗ്രൂപ്പ് വഴക്കിനെ കുറിച്ചല്ല. അതിനേക്കാൾ വലിയ, ഭീകരമായ ഒരു ചതിയെ കുറിച്ചാണ് നിങ്ങളോട് ചോദിക്കുന്നത്. കർണാടക മുൻ മുഖ്യമന്ത്രിയും മൻമോഹൻ സർക്കാരിലെ നിയമ മന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെക്കുറിച്ചാണ്.

അതും ചെറിയ വേദിയിലല്ല. സോണിയാ ഗാന്ധിയുടെ പുസ്‌തക പ്രകാശനത്തിൻ്റെ ബംഗളൂരിലെ വേദിയിൽ വച്ച് ! എന്താണ് ആ വെളിപ്പെടുത്തൽ? "അമിത് ഷായും മോദിയും കേസിൽ ജയിലിൽ പോകേണ്ടതായിരുന്നു. ആദ്യം അമിത് ഷായും പിന്നാലെ നരേന്ദ്ര മോദിയും ജയിലിലാകുമായിരുന്നു. എന്നാൽ നമ്മുടെ ചില നേതാക്കൾ ( മൻമോഹൻസിങ് അല്ല. മറ്റു ചിലർ ) രക്ഷപ്പെടുത്തിക്കൊടുക്കുകയായിരുന്നു. ഇത് നമ്മുടെ പാർട്ടിയുടെ ദുരന്തമാണ്. അതിൻ്റെയാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നത്".ഇതാണ് മുൻ നിയമമന്ത്രി മൊയ്‌ലി പറഞ്ഞത്.
അതായത്, ഗുരുതരമായ കേസിൽ ജയിലിൽ പോകേണ്ടിയിരുന്ന അമിത് ഷായേയും നരേന്ദ്ര മോദിയേയും കോൺഗ്രസ് സർക്കാരിലെ ഉന്നതർ സഹായിച്ചു.അതുകൊണ്ടു മാത്രമാണ് അവരിപ്പോൾ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായിരിക്കുന്നത് എന്നാണ് മൊയ്‌ലി പറഞ്ഞിരിക്കുന്നത്. വീരപ്പ മൊയ്‌ലി പറഞ്ഞത് തെറ്റാണോ?
എങ്കിൽ സോണിയാ ഗാന്ധിയുടെ പുസ്‌തക പ്രകാശനത്തിൽ വെച്ച് തെറ്റായ കാര്യം പറഞ്ഞ വീരപ്പ മൊയ്ലിക്കെതിരേ അച്ചടക്ക നടപടി എടുക്കുമോ? ഇനി അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ ആരാണ് ആ കോൺഗ്രസ് നേതാക്കൾ? ലോകമറിയട്ടെ ആ ചതി. എന്തായിരുന്നു കോൺഗ്രസ് - മോദി ഡീൽ ? വാ തുറക്കൂ കോൺഗ്രസ് നേതൃത്വമേ. മിണ്ടാത്തതെന്താണ് ഉറക്കം നടിക്കുന്ന മാധ്യമങ്ങളേ?''



Click it and Unblock the Notifications
