ശ്വേത മേനോനെ അമ്മയില്‍ ആര്‍ക്കാണ് പേടി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന വൃത്തികേടുകള്‍
താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി കേവലം എട്ട് നാള്‍ മാത്രമാണുള്ളത്. അമ്മയുടെ തലപ്പത്തേക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ സാരഥി എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശ്വേതാ മേനോന്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. ദേവനാണ് പ്രധാന എതിരാളി.
ഈ നിര്‍ണായക ഘട്ടത്തിലാണ് ശ്വേതാ മേനോനെതിരെ ആരും പ്രതീക്ഷിക്കാത്ത ഒരു പരാതി വരുന്നത്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന് ആരോപിച്ചാണ് ഒരാള്‍ പരാതി നല്‍കിയത്. പരാതിയില്‍ എറണാകുളം സിജിഎം കോടതിയുടെ നിര്‍ദേശപ്രകാരമാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്വേതാ മേനോന്‍ അഭിനയിച്ച കളിമണ്ണ്, രതിനിര്‍വേദം പലേരി മാണിക്യം കാമസൂത്ര പരസ്യം എന്നിവയൊക്കെയാണ് അശ്ലീല ചിത്രങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസില്‍ തുടര്‍നടപടികള്‍ എന്താകും എന്ന ആകാംക്ഷയിലാണ് സിനിമ പ്രവര്‍ത്തകര്‍. കേസിനെതിരെ ശ്വേതാ മേനോന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനകള്‍ ഉണ്ട്.
താര സംഘടനയുടെ പ്രസിഡന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുമ്പോഴുള്ള ഈ കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശ്വേതയെ പിന്തുണയ്ക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു. സമൂഹമാധ്യമങ്ങളിലും ശ്വേത മേനോന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി മത്സരിക്കാന്‍ ഒരുങ്ങിയതിന്റെ പേരില്‍ സാന്ദ്ര തോമസിനുണ്ടായ അനുഭവവും പലരും ഇതിനോടു ചേര്‍ത്തുവയ്ക്കുന്നു.
ശ്വേതാ മേനോന് എതിരായ പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും അതു വെളിച്ചത്തു കൊണ്ടുവരണമെന്നും സംവിധായകനായ എംഎ നിഷാദ് പറഞ്ഞു. സെന്‍സര്‍ ചെയ്ത് ജനം കണ്ട സിനിമകള്‍ക്കെതിരേ പരാതിയുമായി രംഗത്തു വരുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരുന്നതില്‍ ആര്‍ക്കാണ് ബുദ്ധിമുട്ടെന്നും നിഷാദ് ചോദിക്കുന്നു.
അതേസമയം വാദി പരാമര്‍ശിച്ച ചിത്രങ്ങള്‍ ശ്വേത തനിച്ചല്ലല്ലോ ചെയ്തതെന്നും അതിന്റെ ഡയറക്ടര്‍, നായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പലര്‍ക്ക് എതിരെയും പരാതി കൊടുക്കേണ്ടതല്ലേ എന്നും പലരും സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നു. ശ്വേതക്ക് എതിരെയുള്ള പരാതിയും കേസും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിലുള്ള ആണ്‍കോയ്മയുടെ ഈഗോയുടെ ഭാഗമാണ് പരാതിയെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചില ശ്രദ്ധയമായ കമന്റുകള്‍ വായിക്കാം. സന്ദീപ് വാഴക്കാടന്‍ എന്ന പൊഫൈലില്‍ നിന്നാണ് ഈ കുറപ്പ് പങ്കുവെച്ചിരിക്കുന്നത്.
ശ്വേത മേനോന് എതിരെ ഉള്ള കേസ് ഒക്കെ എത്ര ബാലിശമാണ്, രതിനിര്‍വ്വേദവും കളിമണ്ണും ഒക്കെ ഇറങ്ങിയിട്ട് കാലം എത്രയായി. ആരുടെ പരാതി കിട്ടിയിട്ട് ആണെങ്കിലും നീതിപീഠവും പോലീസും ഒക്കെ 2025 ലും സദാചാര പോലീസിംഗ് നടത്തുന്നത് ലജ്ജാകരമാണ്. ആളുകളെ വഴി തെറ്റിക്കുന്നത് മുതല്‍ പ്രോസ്റ്റിറ്റിയൂഷന്‍ വരെ ആരോപിച്ചാണ് ശ്വേതയ്ക്ക് എതിരെ സിനിമയുടെ പേരില്‍ ഒരു അടിസ്ഥാനമില്ലാതെ കേസ് എടുത്തിരിക്കുന്നത്.
അമ്മ ഇലക്ഷനുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികെട്ട നാടകങ്ങളാണ് അരങ്ങേറുന്നത്.
ഒരു വനിതാ പ്രൊഡ്യൂസറായ സാന്ദ്ര തോമസിനെ മത്സരിപ്പിക്കാതിരിക്കാന്‍ പഴയ താപ്പാനകള്‍ ബൈ ലോ പോലും നോക്കാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇലക്ഷനില്‍ നിന്നും പുറത്താക്കിയത് കഴിഞ്ഞ ദിവസമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശരി വെക്കുന്ന വൃത്തികേടുകളും ലോബിയിംഗുമാണ് സിനിമാ മേഖലയില്‍ നടക്കുന്നത്.
ഗീത സുധാകരന്‍ എന്ന പ്രൊഫൈലില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
ശ്വേത മേനോനെതിരെ, അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു പണമുണ്ടാക്കി എന്ന പേരില്‍ കേസ് കൊടുത്തപ്പോള്‍ വാദി പരാമര്‍ശിച്ച ചിത്രങ്ങള്‍ കളിമണ്ണ്, രതി നിര്‍വേദം, പാലിയേരി മാണിക്യം, പിന്നെ കോണ്ടം പരസ്യം.. ഇതൊക്കെ അവര്‍ തനിച്ചല്ലല്ലോ ചെയ്തത്? ഡയറക്ടര്‍, നായകന്‍, നിര്‍മാതാവ് ഇങ്ങനെ പലരും ഉണ്ടല്ലോ. സെന്‍സെര്‍ ബോര്‍ഡ് അനുമതി നല്‍കിയ ശേഷം അല്ലേ ഇതൊക്കെ റിലീസ് ആയത്? പിന്നെന്താ വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനെ ഒരു നീക്കം? മകള്‍ക്കെതിരെ 'അമ്മ'യാണോ അണിയറയില്‍ ചരട് വലിക്കുന്നത്? ഏത് സ്ത്രീയെയും എളുപ്പം അപകീര്‍ത്തിപെടുത്താന്‍ ഉപയോഗിക്കുന്ന അതേ തന്ത്രം...












Click it and Unblock the Notifications