'എല്ലാം തീരുമാനിക്കാന്‍ ഫെഫ്ക ആരാണ്? ഷൈന് മാപ്പില്ല'; ആരോപണ പ്രത്യാരോപണങ്ങളുമായി സിനിമാ സംഘടനകള്‍
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ ഫെഫ്ക സ്വീകരിച്ച നടപടികളില്‍ സിനിമാ സംഘടനകള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷം. ഷൈനെ വിളിച്ചുവരുത്തിയ ഫെഫ്കയ്ക്ക് എതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറുമാണ്. ഷൈന് ഒരവസരം കൂടി നല്‍കുമെന്ന ഫെഫ്കയുടെ ഏകപക്ഷീയമായ നിലപാടാണ് വിമര്‍ശനത്തിന് കാരണം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാറാണ് വിമര്‍ശനം ഉന്നയിച്ചത്.
ഷൈനിന് മാപ്പ് കൊടുക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടില്ല. ലഹരി ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത കാര്യമാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. ഫെഫ്ക പറഞ്ഞത് സ്വന്തം നിലപാടാണ്. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്ന നിലപാട് ദോശ മറിച്ചിടുന്ന പോലെയാണ് ഫെഫ്ക മാറ്റിയത്. നിര്‍മാതാക്കള്‍ക്ക് പ്രശ്നമുണ്ടാക്കുന്നവരെ മാറ്റി നിര്‍ത്തും. അത്തരക്കാര്‍ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കര്‍ശന നിലപാട് സ്വീകരിക്കും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നവരെ വച്ചുപൊറുപ്പിക്കാനാവില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഇതിനൊപ്പമായിരുന്നു ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്റെ വിമര്‍ശനം, ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ഫെഫ്ക ആരാണെന്ന് സജി നന്ത്യാട്ട് ചോദിച്ചു.
നടന്റെ ലഹരി ആരോപണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ തിടുക്കപ്പെട്ട് ഫെഫ്ക നടത്തിയ ഇടപെടല്‍ ദുരൂഹമാണ്. ഫെഫ്ക എട്ടുകാലി മമ്മൂഞ്ഞാവുകയാണ്. ഞങ്ങള്‍ ആണ് എല്ലാമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ഫെഫ്ക നടത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും സജി നന്ത്യാട്ട് മാധ്യമങ്ങളോടു പറഞ്ഞു. സൂത്രവാക്യം സിനിമയുടെ നിര്‍മ്മാതാവിനോട് വിശദീകരണം ചോദിക്കാന്‍ ഫെഫ്ക ആരാണെന്നും സജി നന്ത്യാട്ട് ചോദിച്ചു.
സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച ഷൈനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന വിന്‍സിയുടെ പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കപ്ലെയിന്റ്‌സ് കമ്മിറ്റി കഴിഞ്ഞ ദിവസം മൊഴിയെടുപ്പ് നടത്തിയിരുന്നു. ഇതിനിടയിലാണ് ഫെഫ്ക ഷൈനിനെ വിളിച്ചുവരുത്തുകയും താക്കീത് നല്‍കുകയും ചെയ്തത്.
അതിനു ശേഷം ഫെഫ്ക ഭാരവാഹിയായ ബി ഉണ്ണികൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണം. ഷൈന് ഒരവസരം കൂടി നല്‍കുകയാണെന്നുള്ള ബി. ഉണ്ണികൃഷ്ണന്റെ ഏകപക്ഷീയമായ പരാമര്‍ശങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ചേംബര്‍ ഭാരവാഹികളെ പ്രകോപിപ്പിച്ചത്. ഫെഫ്ക വാര്‍ത്താസമ്മേളനം നടത്തിയതില്‍ ഇന്റേണല്‍ കപ്ലെയിന്റ്‌സ് കമ്മിറ്റി അംഗങ്ങള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.
അതിനിടെ, വിഷയവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ ശബ്ദസന്ദശങ്ങളും മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടി. ഇന്റേണല്‍ കപ്ലെയിന്റ്‌സ് കമ്മിറ്റിയുടെ മൊഴിയെടുപ്പിനിടെ ഫെഫ്കയുടെ നടപടി ശരിയായില്ലെന്ന് നിര്‍മാതാവ് സന്തോഷ് പവിത്രം അതില്‍ ആരോപിക്കുന്നുണ്ട്. 'ഫെഫ്ക നിര്‍മാതാക്കളായ നമ്മളെയെല്ലാം മണ്ടന്മാരാക്കുകയാണ്. ഫെഫ്ക അവരുടെ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ചെയ്യട്ടെ. നമ്മുടെ നേതൃത്വം എന്താണ് മിണ്ടാത്തത്? തന്റേടം വേണം അതിന്. കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്താന്‍ വന്നാല്‍ സമ്മതിക്കില്ല' - ഓഡിയോ ക്ലിപ്പില്‍ സന്തോഷ് പവിത്രം പറയുന്നു.
നിര്‍മാതാക്കളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ഫെഫ്ക എന്തിനാണ് ഇടപെടുന്നതെന്നാണ് ഭൂരിപക്ഷം നിര്‍മാതാക്കളും ചോദിക്കുന്നു. ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മറ്റി അംഗം റാണി ശരണും രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഞാനും എന്റെ കിങ്കരന്മാരും പിന്നെ പ്രളയവും എന്ന തരത്തിലാണ് ഫെഫ്കയുടെ നിലപാട്.
അതിനിടെ നിര്‍മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും രംഗത്തുവന്നു. ഷൈന്‍ ചാക്കോ വിഷയത്തില്‍ ഫെഫ്ക ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണം നുണയാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്ക നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. ഇന്റേണല്‍ കപ്ലെയിന്റ്‌സ് കമ്മിറ്റി അന്വേഷിക്കുന്ന പരാതിയില്‍ ഫെഫ്ക ഇടപെടേണ്ട ആവശ്യമില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു. ഷൈന്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ വിവിധ സിനിമാ സംഘടനകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്.












Click it and Unblock the Notifications