ആരാണ് കെഎസ് ഹംസ? മുസ്ലിം ലീഗിന്റെ രഹസ്യങ്ങള്‍ അറിയുന്ന നേതാവ്... സിപിഎം കണക്കുകൂട്ടല്‍
മലപ്പുറം: സുലൈമാന്‍ ഹാജി, പിവി അന്‍വര്‍, കെടി ജലീല്‍, വി അബ്ദുറഹ്മാന്‍, ഹുസൈന്‍ രണ്ടത്താണി... കളംമാറി എത്തിയവരും പൊതുമുഖമായി എത്തിയവരുമടക്കം മുസ്ലിം ലീഗിനെ അടിക്കാന്‍ സിപിഎം എടുത്ത വടികള്‍ പലതാണ് മലപ്പുറത്ത്. കെടി ജലീലിലൂടെയും വി അബ്ദുറഹ്മാനിലൂടെയും പിവി അന്‍വറിലൂടെയും തന്ത്രം വിജയിച്ചെങ്കിലും പിഴച്ച അടവുകളും ഏറെ. ഇതിനിടയിലേക്കാണ് കെഎസ് ഹംസയുമായുള്ള സിപിഎമ്മിന്റെ പുതിയ വരവ്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി കെഎസ് ഹംസ മല്‍സരിക്കുമ്പോഴും തേര് തെളിക്കുക കെടി ജലീല്‍ ആകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വിശ്വസിക്കുന്നു. വിമതര്‍ മറുചേരിയിലെത്തി വീമ്പ് പറയുന്ന വേളയില്‍ മുസ്ലിം ലീഗ് അണികള്‍ക്ക് ആവേശം കൂടുമെന്നും അത് യുഡിഎഫിന്റെ വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ.

മുസ്ലിം ലീഗ് മൂന്നാം ലോക്‌സഭാ സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീര്‍, പൊന്നാനിയിലേയും മലപ്പുറത്തേയും സ്ഥാനാര്‍ഥികള്‍ സീറ്റ് വച്ചുമാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. സിപിഎം സ്ഥാനാര്‍ഥികള്‍ ആര് എന്ന് പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു ലീഗ് നേതൃത്വം കരുതിയത്. പുതിയ സാഹചര്യത്തില്‍ സീറ്റ് വച്ചുമാറലുണ്ടാകുമോ എന്നും സംശയമാണ്.
കെഎസ് ഹംസ നിസാരക്കാരനല്ല, പക്ഷേ...
മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളില്‍ ഒരാളായിരുന്നു കെഎസ് ഹംസ. സംസ്ഥാന സെക്രട്ടറിയായിരിക്കെ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് വിമതസ്വരം ഉയര്‍ത്തിയ നേതാവ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചോദ്യങ്ങളുമെല്ലാം അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹംസയ്ക്ക് പുറത്തേക്കുള്ള വഴി ഒരുക്കി. സംസ്ഥാന നേതാവായതുകൊണ്ടുതന്നെ ലീഗിന്റെ എല്ലാ അടവും രഹസ്യവും അറിയുന്ന പ്രമുഖന്‍.
സമസ്ത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. സമീപകാലത്ത് ഇടയ്ക്കിടെ അദ്ദേഹം കോഴിക്കോടെത്തി സമസ്തയുമായി ബന്ധപ്പെട്ട നേതാക്കളെ കണ്ടിരുന്നു. എപി വിഭാഗം സമസ്തയുടെ വോട്ട് നേരത്തെ ഉറപ്പിച്ചിട്ടുള്ള സിപിഎം ഇകെ വിഭാഗത്തിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കിയാല്‍ നേട്ടം കൊയ്യാമെന്നും കണക്കുകൂട്ടി.
തൃശൂരിലെ മലബാര്‍ എഞ്ചിനിയറിങ് കോളജിന്റെയും ഇഖ്‌റ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാനാണ് കെഎസ് ഹംസ. മുസ്ലിം ലീഗിലായിരുന്നപ്പോള്‍ എംകെ മുനീര്‍, കെഎം ഷാജി എന്നിവര്‍ക്കെല്ലാം കരുത്തായിരുന്നു അദ്ദേഹം. പാണക്കാട് മുഈനലി തങ്ങളെ കൂടെ നിര്‍ത്തി ചില നീക്കങ്ങളും ഹംസ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സമസ്തയുമായുള്ള ബന്ധത്തിലാണ് സിപിഎമ്മിന്റെ നോട്ടമത്രെ.
ഇടി മുഹമ്മദ് ബഷീറിന് പകരം അബ്ദുസമദ് സമദാനിയെ ലീഗ് പൊന്നാനിയില്‍ മല്‍സരിപ്പിച്ചാല്‍ ഹംസയ്ക്ക് എളുപ്പവഴി ഒരുങ്ങുമെന്ന് വിലയിരുത്തുന്ന നേതാക്കള്‍ ഇരുഭാഗത്തുമുണ്ട്. എന്നാല്‍ പ്രതിസന്ധി കനക്കുമ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എല്ലാകാലത്തും കാണിക്കുന്ന അപ്രതീക്ഷിത ആവേശം ഇത്തവണ പൊന്നാനിയിലുണ്ടാകുമെന്ന് ലീഗ് നേതാക്കള്‍ കരുതുന്നു. മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലും ലീഗിന്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ് ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍.












Click it and Unblock the Notifications