ആരാണ് ഈ തൊപ്പി: കുട്ടിക്കള്ളന്‍, നാട്ടുകാർ കെട്ടിയിട്ടത് കണ്ട് ബോധം കെട്ട ഉമ്മ, പിതാവിനോട് മിണ്ടില്ല
കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് കസ്റ്റഡിയിലെടുത്ത വിവാദ യൂട്യൂബ് വ്ളോഗർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തി. വളാഞ്ചേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിന് പിന്നാലെ നിഹാദിനെതിരെ കണ്ണപുരം പൊലീസും കേസെടുത്തു. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 അനുസരിച്ചാണ് കേസ്. വളാഞ്ചേരി കേസില്‍ സ്റ്റേഷനില്‍ നിന്നും ജാമ്യം അനവദിച്ചതിനെ തുടർന്ന് നിഹാദിനെതിരെ കണ്ണപുരം പൊലീസിന് കൈമാറും.
അതേസമയം, പൊലീസ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. നിഹാദിന്റെ പ്രവർത്തനങ്ങളോടും നിലപാടുകളോടും യോജിപ്പില്ലെങ്കിലും പാതിരാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് പിടികൂടേണ്ട അത്രയും വലിയ പ്രതിയാണോ നിഹാദെന്നാണ് ചിലർ ചോദിക്കുന്നത്. എന്നാല്‍ ഒരു മണിക്കൂറിലേറെ കാത്തിരുന്നിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്നാണ് അത്തരമൊരു നടപടിയിലേക്ക് പോവേണ്ടി വന്നതെന്നാണ് പൊലീസ് വിശദീകരണം. സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും നിഹാദ് അതിനും തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.

സത്രീ വിരുദ്ധതയും കേട്ടാലറയ്ക്കുന്ന അശ്ലീല ഭാഷയിലുള്ള വിഡിയോകളിലൂടേയം ശ്രദ്ധേയനായ നിഹാദിനെ നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്കൂള്‍ വിദ്യാർത്ഥികളും കൗമാരക്കാരുമാണ് തൊപ്പിയുടെ ആരാധകരില്‍ അധികവും. അതേസമയം തന്നെ നിഹാദ് എന്ന 24 വയസ്സുകാരന്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. കുട്ടിക്കാലം മുതൽ അനുഭവിച്ച ടോക്സിക് പാരന്റിങ്ങിന്റെ ഇരയാണ് നിഹാദെന്നും ഇവർ അവകാശപ്പെടുന്നു.
വളരെയേറെ നിയന്ത്രണങ്ങളുള്ള ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് നിഹാദ് തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലത്ത് പാട്ടു കേൾക്കുന്നതിനും സിനിമ കാണുന്നതിനുമൊക്കെ വീട്ടിൽ വിലക്കുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യത്തിന് പണം ചോദിച്ചാല്‍ തരില്ല. ഒൻപതാം വയസ്സില്‍ ഗെയിമിനു വേണ്ട പണത്തിനായി ഒരു കടയിൽ മോഷണം നടത്തി. പണവും എടുത്ത് ഓടുന്നതിനിടെ നാട്ടുകാർ ഓടിച്ചിട്ടുപിടിച്ച് കെട്ടിയിട്ടു. ഇതുകണ്ട ഉമ്മ ബോധം കെട്ടുവീണെന്നും നിഹാദ് തന്നെ അഭിമുഖത്തില്‍ പറഞ്ഞു.
പത്താംക്ലാസില്‍ പഠനം നിർത്തി. ഒരേ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെങ്കിലും 14 വയസ്സുമുതല്‍ വാപ്പ തന്നോട് മിണ്ടാറില്ലെന്നും നിഹാദ് പറഞ്ഞു. വീട്ടീല്‍ നിന്നും അധികം പുറത്തിറങ്ങാതായതോടെ ഓണ്‍ലൈന്‍ ഗെയിമിങ്ങിലായിരുന്നു നിഹാദിന്റെ പിന്നീടുള്ള പൂർണ്ണ ശ്രദ്ധ. രാവിലെ എഴുന്നേൽക്കും, ഗെയിം ലൈവ് സ്ട്രീം ചെയ്യും, ഭക്ഷണം കഴിക്കും, കിടന്നുറങ്ങും ഇതാണ് നിഹാദിന്റെ രീതി. കൂട്ടൂകാർ വളരെ കുറവ്. അടുത്ത കൂട്ടൂകാരനായിരുന്ന ഒരു വ്യക്തി ആത്മഹത്യ ചെയ്തതും ഏറെ തളർത്തി. തുടർന്നുണ്ടായ വിഷാദ രോഗത്തില്‍ നിന്നും ഏറെ സമയമെടുത്താണ് കരകയറുന്നത്.
'ഞാൻ വീട്ടിൽ നിന്നിറങ്ങില്ല. സോഷ്യൽ ആങ്സൈറ്റിയാണ്. പലരുടെയും മുഖത്തു പോലും നോക്കാൻ പറ്റുന്നില്ല. എന്റെ റൂമിലിരുന്ന് എനിക്ക് എന്തും പറയാം. പക്ഷേ, ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാൻ എനിക്ക് കഴിയില്ല' - എന്നാണ് തൊപ്പി തന്നെ പറഞ്ഞത്. അതേസമയം തൊപ്പിയുടെ വിഷയം വ്യക്തിപരമായി മാറ്റി നിർത്തിയാല്‍ ഇതെല്ലാം ബാധിക്കുന്നത് അവരുടെ 'ഫാൻസ്' ആയ കുട്ടികളെയാണെന്നതാണ് ശ്രദ്ധേയം. ഈ പ്രായത്തില്‍ കുട്ടികളെ സ്വാധീനിക്കാന്‍ എളുപ്പമാണ് എന്നതിനാല്‍ തന്നെ ഇത്തരം പ്രവണതകളില്‍ നിന്നും അവരെ അകറ്റി നിർത്തേണ്ടത് പ്രധാനമാണെന്നും മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications