സുരേഷ് ഗോപി വടകരയിലെ മാക്രി എന്ന് വിളിച്ച ആ നേതാവ് ഇതാണ്; വിഡ്ഡി എന്നും അധിക്ഷേപം
തൃശൂര്‍: കടുത്ത സ്വരത്തില്‍ സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരാണ്. സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. വടകരയിലെ മാക്രി, വിഡ്ഡി എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. കേന്ദ്രമന്ത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല എന്ന പരാമര്‍ശമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്.
അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ ശേഷം താന്‍ ഇടപെട്ട് ചെയ്ത പദ്ധതികള്‍ സംബന്ധിച്ച് സുരേഷ് ഗോപി വിശദീകരിച്ചു. വടകരയിലും തലശേരിയിലും കൊല്ലം ജില്ലയിലും പാലക്കാടും ആലപ്പുഴയിലും വകയിരുത്തിയ തുകയുടെ കണക്കും സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തെയാണ് സുരേഷ് ഗോപി തൃശൂരിലെ പരിപാടിയില്‍ അധിക്ഷേപിച്ചത്.

''വടകരയിലെ ഒരു മാക്രി, പഠിപ്പും വിവരവുമുള്ള ആളാണ്. എന്താണ് ഇങ്ങനെ ആയത് എന്ന് എനിക്കറിയതത്തില്ല. അയാള്‍ക്ക് രോദനമാണ്. എന്തൊക്കെയോ പറയുന്നുണ്ട്. ഒരു വിഡ്ഡിയാണ്. അങ്ങേരുടെ മൂക്കിന് താഴെ വടകരയില്‍ 95.34 കോടി രൂപയുടെ പദ്ധതിയാണ് കൊടുത്തിരിക്കുന്നത്. അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്. തൃശൂര്‍ എംപിക്കിട്ട് ഞോണ്ടാന്‍ വരരുത്. ഞാന്‍ മാന്തി പൊളിച്ചുകളയും''- ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരനെതിരെയാണ് സുരേഷ് ഗോപിയുടെ കടുത്ത വാക്കുകള്‍. സുരേഷ് ഗോപി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലെന്നും ഇങ്ങനെ പോയാല്‍ ബിജെപിയെ അദ്ദേഹം തന്നെ പരാജയപ്പെടുത്തുമെന്നുമായിരുന്നു ദിവാകരന്‍ പറഞ്ഞത്. മനോരമ ന്യൂസിന്റെ പരിപാടിക്കിടെയായിരുന്നു ദിവാകരന്റെ വാക്കുകള്‍.
കോടികള്‍ അനുവദിച്ച കണക്കുമായി സുരേഷ് ഗോപി
ഇതിനുള്ള മറുപടിയാണ് തൃശൂരിലെ നെട്ടിശ്ശേരി ഡിവിഷനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ സുരേഷ് ഗോപി നല്‍കിയത്. തലശേരിയില്‍ സ്പീക്കന്‍ എഎന്‍ ഷംസീറിന്റെ അഭ്യര്‍ഥന പരിഗണിച്ച് സ്പിരിച്വല്‍ നക്‌സസ് എന്ന പദ്ധതിക്ക് 25 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സംശയമുണ്ടെങ്കില്‍ ഷംസീറിനോട് ചോദിക്കൂ എന്നും സുരേഷ് ഗോപി പറയുന്നു.
കൊല്ലം അഷ്ടമുടിയില്‍ ബയോഡൈവേഴ്‌സിറ്റിക്ക് 59 കോടി രൂപയാണ് കൊടുത്തത്. തൃശൂരിന് ഫോറന്‍സിക് ലാബ് അനുവദിച്ചു. എട്ട് ഏക്കര്‍ തരണം എന്ന് കേരളത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേ തരൂ എന്ന് പറയുന്നത് ദുഷിച്ച പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമാണ്. അമിത് ഷാ ഉറപ്പ് തന്ന പദ്ധതിയാണ് ഫോറന്‍സിക് ലാബ്. മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമല സ്വര്‍ണ വിവാദം, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് എന്നിവയിലൊന്നും പ്രതികരിക്കാനില്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി അതില്‍ പ്രതികരിച്ചോട്ടെ, താനില്ല എന്നാണ് പറഞ്ഞത്. ഒരു ചെമ്പ് കേസുണ്ടായിരുന്നല്ലോ മുമ്പ്. അതിന്റെ അവസ്ഥ എന്തായി. എന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നു അത് എന്നും സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications