കൊടുമണ്‍ പോറ്റിക്ക് എതിരാളി ഈ യുവനടന്‍; ചലച്ചിത്ര അവാര്‍ഡ്: മോഹന്‍ലാലിന്റെ സാധ്യതകള്‍ ഇങ്ങനെ
2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം നവംബര്‍ ആദ്യം നടന്നേക്കും. തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് അധ്യക്ഷനായ ഏഴംഗ അന്തിമ ജൂറിയുടെ നേതൃത്വത്തിലുള്ള പുരസ്‌കാര നിര്‍ണയം അന്തിമ ഘട്ടത്തിലാണ്. ഇക്കുറി 128 ചിത്രങ്ങളാണ് അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. അതില്‍ അവസാന ഘട്ടത്തില്‍ എത്തിയത് 36 സിനിമകളാണ്.
മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരങ്ങളാണ് ഏവരും ഉറ്റുനോക്കുന്നത്. മോഹന്‍ലാലിന് സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച ശേഷമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ മോഹന്‍ലാല്‍ ഇക്കുറി മികച്ച നടനുള്ള സാധ്യതാ പട്ടികയില്‍ ഇല്ല.
സാധ്യതാ പട്ടികയില്‍ മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരം കൊടുമണ്‍ പോറ്റിയിലൂടെ മമ്മൂട്ടി തൂക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അസാധ്യ പ്രകടനമാണ് ഭ്രമയുഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്.

മമ്മൂട്ടിക്ക് എതിരാളിയായി കട്ടയ്ക്കു നില്‍ക്കുന്നത് ആസിഫ് അലിയാണ്. ലെവല്‍ ക്രോസ് എന്ന ചിത്രത്തിലെ അഭിനയമാണ് ആസിഫലിക്ക് സാധ്യത നല്‍കുന്നത്. ലെവല്‍ ക്രോസിന് പുറമേ കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങളിലെ അഭിനയവും ആസിഫലിക്ക് സാധ്യത നല്‍കുന്നുണ്ട്. കിഷ്‌കിന്ധാ കാണ്ഡത്തിലെ തന്നെ മികച്ച അഭിനയത്തിന് വിജയരാഘവനും സാധ്യതാ പട്ടികയില്‍ ഉണ്ട്. വിമുക്തഭടനായ അപ്പുപിള്ളയെയാണ് വിജയരാഘവന്‍ അവതരിപ്പിച്ചത്. ഇതുകൂടാതെ ആവേശത്തിലെ രങ്കണ്ണനായി യുവാക്കളില്‍ ആവേശം പടര്‍ത്തിയ ഫഹദ് ഫാസില്‍, അജയന്റെ രണ്ടാം മോഷണം എംആര്‍എം എന്ന ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച ടോവിനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ ജൂറിയുടെ പരിഗണനയിലുണ്ട്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിനായി അവസാന പട്ടികയിലുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ബറോസ്, മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബന്‍ തുടങ്ങിയ ചിത്രങ്ങളും അവസാന റൗണ്ടിലുണ്ട്.
ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് ഷംല ഹംസയും അം അയിലെ പ്രകടനത്തിന് ശ്രുതി ജയന്‍, മീരാ വാസുദേവന്‍, സൂക്ഷ്മദര്‍ശിനിയിലെ പ്രകടനത്തിന് നസ്രിയ നസീം, അജയന്റെ രണ്ടാം മോഷണത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മി എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയില്‍ ഉള്ളത്. ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. അതേസമയം കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിയും ദിവ്യ പ്രഭയും അന്തിമ റൗണ്ടില്‍ ഉണ്ട്.
അജയന്റെ രണ്ടാം മോഷണം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഗുരുവായൂര്‍ അമ്പലനടയില്‍, പ്രേമലു, വര്‍ഷങ്ങള്‍ക്കു ശേഷം, സൂക്ഷ്മദര്‍ശിനി, മാര്‍ക്കോ, ഭ്രമയുഗം, ആവേശം, കിഷ്‌കിന്ധാ കാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ അവസാന റൗണ്ടില്‍ ഉള്ളത്.
55 മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് നവംബര്‍ ആദ്യം പ്രഖ്യാപിക്കുന്നത്. പ്രകാശ് രാജിന് പുറമേ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്‍, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിഥിന്‍ ലൂക്കോസ് എന്നിവരാണ് മറ്റ് ജറി അംഗങ്ങള്‍.
സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ മികച്ച നടനുള്ള പുരസ്‌കാരം കൊടുമണ്‍ പോറ്റി തൂക്കുമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. 2022ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് മമ്മൂട്ടിക്കായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ചിത്രത്തിന് ആയിരുന്നു അവാര്‍ഡ്. ഇക്കുറി അവാര്‍ഡ് ലഭിച്ചാല്‍ അത് മമ്മൂട്ടിയുടെ കരിയറിലെ ഏഴാമത്തെ അവാര്‍ഡായിരിക്കും.












Click it and Unblock the Notifications