സ്വാശ്രയസമരം പൊളിച്ചത് ഉമ്മന്‍ചാണ്ടി ? ചെന്നിത്തലയെ നാണം കെടുത്താന്‍ യുഡിഎഫിലെ ഗ്രൂപ്പ് കളി...
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ അഡ്മിഷനുള്ള ഫീസ് വര്‍ദ്ധനവിനെതിരെയുള്ള യുഡിഎഫിന്റെ സമരം പൊളിച്ചതാരാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് നാണം കെട്ട രീതിയില്‍ സമരം അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് വിവരം. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷേഭം പൊളിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്.
അന്തസായി അവസാനിപ്പിക്കേണ്ട സമരം നാണം കെട്ട രീതിയില്‍ അവസാനിപ്പിച്ച് പോകേണ്ടി വന്നതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്ന് സിപിഎം എംഎല്‍എ എം സ്വരാജും ആരോപിക്കുന്നു. മാനേജുമെന്റുമായി സര്‍ക്കാരിന് ധാരണയിലെത്താമായിരുന്നു. പക്ഷെ ആരോ ഒരാള്‍ ഡബിള്‍ ഗെയിം കളിച്ചു. എകെജി സെന്റില്‍ നിന്ന് വന്ന ഫോണ്‍ കോളാണ് സമരം പൊളിച്ചതെന്ന് ചെന്നിത്തല ആരോപിക്കുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ വില്ലനാരാണ് ?

യുഡിഎഫിന്‍റെ സമരത്തെ പരിഹസിച്ച് സ്വാരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിങ്ങനെയാണ്. അടുത്ത പത്തുനാള്‍ സഭ സമ്മേളിക്കാത്തതിനാല്‍ സമരം പുറത്തേക്ക് വ്യാപിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ്. ശരി, നിരാഹാര സമരം പുറത്തേക്ക് മാറ്റാതെ അവസാനിപ്പിക്കുന്നതെന്തേ? സഭയില്‍ നടക്കുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോള്‍ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അര്‍ത്ഥം. ?
നേരത്തെയുള്ള കലണ്ടര്‍ പ്രകാരം നാളെ കഴിഞ്ഞാല്‍ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരുന്നുള്ളൂ. നാളെ ഒരു ദിവസത്തെ സഭയാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. സഭയില്ലാത്ത സാഹചര്യത്തില്‍ നിരാഹാരം വേണ്ടെന്നാണെങ്കില്‍ നാളെ എന്തായാലും അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ ബല്‍റാം ആവേശത്തോടെ തുടക്കം കുറിച്ചത് ?
സമരം നടത്താനും നിര്‍ത്താനുമുള്ള പൂര്‍ണ അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് അംഗീകരിച്ചു കൊണ്ടു തന്നെ തോന്നിയ സംശയം ഇവിടെ കുറിച്ചെന്ന് മാത്രം. സമരം മാന്യമായി അവസാനിപ്പിക്കാന്‍ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം 'നാണം കെട്ടുപിരിയണം' എന്ന ഗ്രൂപ്പ് താല്‍പര്യത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിന്? എന്നും സ്വരാജ് ചോദിക്കുന്നു. സമരം ആരു പൊളിച്ചെന്ന ചോദ്യത്തിന് ഉത്തരം കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെയാണ് കിട്ടേണ്ടത്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications