എംടി എനിക്ക് ആരായിരുന്നു.. എല്ലാമായിരുന്നെന്ന് പറഞ്ഞാലും കുറഞ്ഞ് പോകുമെന്ന് മോഹൻലാൽ
മലയാളത്തിന്റെ ഐതിഹാസിക കഥാകാരൻ എംടി വാസുദേവൻ നായർക്ക് വേദനയോടെ വിട നൽകുകയാണ് കേരളം. എംടിയുടെ വിയോഗത്തെ നികത്താനാകാത്ത നഷ്ടമെന്ന് അക്ഷരാർത്ഥത്തിൽ പറയാം. എംടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ കേരളം കോഴിക്കോട്ടേക്ക് ഒഴുകുകയാണ്.
നടൻ മോഹൻലാൽ രാവിലെ കോഴിക്കോട്ടെ എംടിയുടെ വീടായ സിത്താരയിൽ എത്തി അദ്ദേഹത്തിന് ആദരാജ്ഞലി അർപ്പിച്ചു. സദയത്തിലും പഞ്ചാഗ്നിയിലുമടക്കം എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട് മോഹൻലാൽ. എംടി തനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും പറ്റുന്നില്ലെന്ന് മോഹൻലാൽ വേദനയോടെ ഫേസ്ബുക്കിൽ കുറിക്കുന്നു.

image credit: Mohanlal/facebook
മോഹൻലാലിന്റെ കുറിപ്പ്: മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ..
എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസിൽ സൃഷ്ടിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞതിൽപ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികൾ അഭിനയിച്ചപ്പോൾ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതിൽപ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?
മലയാളത്തിൻ്റെ അഭിമാനത്തെ ജ്ഞാനപീഠത്തിലിരുത്തിയ, ബഹുമുഖപ്രതിഭയായിരുന്ന പ്രിയപ്പെട്ട എംടി സാറിന്, എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക? വേദനയോടെ, പ്രാർഥനകളോടെ...












Click it and Unblock the Notifications