കെ സുരേന്ദ്രൻ തുടരുമോ? കേരള ബിജെപിയെ നയിക്കാൻ ആര്, നാമനിർദേശ പത്രിക സമർപ്പണം ഇന്ന്
നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നയിക്കാൻ പുതിയ അധ്യക്ഷനെത്തുമോയെന്ന് ഇന്ന് അറിയാം. അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഉച്ചക്ക് രണ്ടിനാണ് പത്രിക സമർപ്പിക്കുക. തിരഞ്ഞെടുപ്പാണെങ്കിലും മത്സരം ഒഴിവാക്കിക്കൊണ്ട് ഒറ്റപ്പേരായിരിക്കും കേന്ദ്രനേതൃത്വം നിർദേശിക്കുക.
രാവിലെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി ചേരും. ഈ യോഗത്തിൽ ചർച്ചയാകുന്ന പേര് കേന്ദ്രനേതൃത്വത്തെ അദ്ദേഹം അറിയിക്കും. സംസ്ഥാന കൗൺസിലിലും തർക്കങ്ങൾ ഇല്ലാതെ പേര് നിർദേശിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

നിലവിലെ അധ്യക്ഷനായ കെ സുരേന്ദ്രൻ 5 വർഷം പൂർത്തിയാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തന്നെ തുടരട്ടെ എന്ന നിലപാട് നേതൃത്വം കൈക്കൊള്ളുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കെ സുരേന്ദ്രനോട് ദേശീയ നേതൃത്വത്തിന് അതൃപ്തിയില്ലെന്നാണ് നേരത്തേ വന്ന റിപ്പോർട്ടുകൾ. സുരേന്ദ്രന് കീഴിലാണ് പാർട്ടി ആദ്യമായി ഒരു ലോക്സഭ സീറ്റ് സ്വന്തമാക്കുന്നത്. മാത്രമല്ല കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബി ജെ പിയുടെ വോട്ട് ശതമാനം ഉയർന്നതെല്ലാം സുരേന്ദ്രന് അനുകൂല ഘടകമാണ്.
എന്നാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ശേഷം സുരേന്ദ്രനെതിരെ ബി ജെ പിയിൽ വലിയ പൊട്ടിത്തെറികൾ പാർട്ടിയിൽ ഉടലെടുത്തിരുന്നു. സന്ദീപ് വാര്യർ പാർട്ടി വിടാനടക്കം ഈ പൊട്ടിത്തെറി കാരണമായി. കൃഷ്ണദാസ് പക്ഷം ഒറ്റക്കെട്ടായി സുരേന്ദ്രനെതിരെ രംഗത്തെുണ്ട്. കൊടകര കള്ളപ്പണ വിവാദത്തിലടക്കം സുരേന്ദ്രനെതിരെ പാർട്ടിയിൽ വലിയ അതൃപ്തികൾ ഉടലെടുത്തിരുന്നു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന ബി ജെ പിയെ ഒരു വനിത നയിക്കട്ടെയെന്ന തീരുമാനത്തിലേക്ക് ബി ജെ പി ദേശീയ നേതൃത്വം എത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ ബി ജെ പിയിലെ തീപ്പൊരു നേതാവായ ശോഭാ സുരേന്ദ്രന് സാധ്യത ഏറെയാണ്. കഴിഞ്ഞ ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പിലെല്ലാം ബി ജെ പിയുടെ വോട്ടുകൾ കുത്തനെ ഉയർത്താൻ സാധിച്ച നേതാവാണ് ശോഭ സുരേന്ദ്രൻ. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം ബി ജെ പിയുടെ വോട്ടുയർത്താൻ ശോഭക്ക് സാധിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രനോട് വലിയ വിഭാഗം നേതാക്കൾക്ക് താത്പര്യവുമുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ശോഭയോടുള്ള താത്പര്യം മുതിർന്ന നേതാക്കൾ അടക്കം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അതേസമയം ഈ പേരുകളൊന്നും അല്ലാതെ മറ്റെന്തെങ്കിലും ദേശീയ നേതൃത്വത്തിന്റെ മനസിലുണ്ടോയെന്നാണ് അറിയേണ്ടത്. മുഖം മിനുക്കലാണ് ലക്ഷ്യമെങ്കിൽ രാജീവ് ചന്ദ്രശേഖരൻ എത്താനുളള സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.












Click it and Unblock the Notifications