യൂത്ത് കോണ്‍ഗ്രസിന്റെ 'രാഹു'കാലം മറികടക്കാനുള്ള ദൗത്യം ആര്‍ക്ക്; രണ്ടും കല്‍പ്പിച്ചുള്ള നീക്കങ്ങള്‍
യൂത്ത് കോണ്‍ഗ്രസിനെ നയിച്ചിരുന്ന വീറും വാശിയുമുള്ള യുവ നേതാവ് ലൈംഗിക ആരോപണക്കേസില്‍ കാലിടറി വീണതോടെ ഇനി ആര് നയിക്കും എന്ന് ചര്‍ച്ചകളാണ് സജീവമായിക്കൊണ്ടിരിക്കുന്നത്. കിട്ടിയ അവസരം പാഴാക്കാതെ അധ്യക്ഷ പദവിയില്‍ എത്താനുള്ള യുവ നേതാക്കളുടെ മത്സരവും മുറുകി. രാഹുല്‍ മാങ്കൂട്ടത്തില്‍ സംഘടനയ്ക്ക് വരുത്തിയ നാണക്കേട് മാറ്റിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അധ്യക്ഷനെ കാത്തിരിക്കുന്നത്.
എങ്കിലും ഭാവിയില്‍ ലഭിക്കാനിരിക്കുന്ന പദവികളുടെ ചവിട്ടുപടി എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ സ്ഥാനത്തിന് താല്പര്യക്കാര്‍ ഏറെയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെഎസ്യു മുന്‍ പ്രസിഡന്റ് കെഎം അഭിജിത്ത്, വിഷ്ണു സുനില്‍ പന്തളം എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന കേള്‍ക്കുന്നത്. കെഎം അഭിജിത്ത്, വിഷ്ണു സുനില്‍ പന്തളം എന്നിവര്‍ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി ബ്രിഗേഡ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിനെ അധ്യക്ഷന്‍ ആക്കരുത് എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചിട്ടുണ്ട്. പ്രായപരിധി പിന്നിട്ടതിനാല്‍ ബിനുവിനെ അധ്യക്ഷനാക്കരുത് എന്നാണ് ഇവരുടെ ആവശ്യം. ബിനുവിന് 39 വയസ് ആണുള്ളത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രായപരിധി 36 വയസാണ്. ബിനുവിന് വേണ്ടി വിട്ടുവീഴ്ച ചെയ്യരുതെന്നാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പക്ഷമാണ് ബിനുവിന് വേണ്ടി ചരട് വലിക്കുന്നത്.
അബിന്‍ വര്‍ക്കി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിനോടാണ് രമേശ് ചെന്നിത്തലയ്ക്ക് താല്‍പര്യം. അതേസമയം ഇപ്പോഴുള്ള ചീത്തപേരു മാറ്റാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് വരട്ടെ എന്ന അഭിപ്രായം പങ്കുവെക്കുന്നവരും ഉണ്ട്. അതേസമയം രാഹുല്‍ അനുകൂലികള്‍ അബിന്‍ വര്‍ക്കിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
അതിനിടെ ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ചാണ്ടി ഉമ്മന് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 27 പേര്‍ ഒപ്പിട്ട് കത്ത് ദേശീയ നേതൃത്വത്തിന് അയച്ചിട്ടുണ്ട്.
രാഹുല്‍ മങ്കൂറ്റത്തിന്റെ പതനത്തോടെ വാക്ചാതുരിയില്‍ വലിയ കാര്യമില്ലെന്ന അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്. തള്ളലുകള്‍ക്കപ്പുറം ഇനിയെങ്കിലും വാക്കും പ്രവര്‍ത്തിയും ഒരു പോലെയുള്ളവരെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്ന അഭിപ്രായവും ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവഹിക്കുന്നുണ്ട്.












Click it and Unblock the Notifications