എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എന്തിനാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര? ഹൈക്കോടതി
കൊച്ചി: കെ എസ് ആര്‍ ടി സിയില്‍ എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും എന്തിനാണ് സൗജന്യ യാത്ര അനുവദിക്കുന്നത് എന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെആണ് ഹൈക്കോടതിയുടെ ചോദ്യം.
അര്‍ഹതയുള്ളവര്‍ക്ക് മാത്രം സൗജന്യ പാസ് നല്‍കിയാല്‍ മതി എന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. സൗജന്യ യാത്രാ പാസ് വിദ്യാര്‍ത്ഥികള്‍ അടക്കം ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് മാത്രമാക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മാസ ശമ്പളം നല്‍കാന്‍ പോലും ഇത്രയേറെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി എങ്ങനെ ആണ് ഇത്രമാത്രം സൗജന്യ പാസുകള്‍ നല്‍കുന്നത് എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ച് ഇത്തരമൊരു ചോദ്യം ആരാഞ്ഞത്. പൊതുവെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എം പിമാരും, എം എല്‍ എമാരും അടക്കം ഉള്ളവര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത് എന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഹൈക്കോടതി ബെഞ്ച് ചോദിച്ചത്.

മുന്‍ എം പിമാരും, മുന്‍ എം എല്‍ എമാരും അടക്കം ഉള്ളവര്‍ക്ക് ജീവിത അവസാനം വരെ കെ എസ് ആര്‍ ടി സിയില്‍ സൗജന്യ യാത്ര നല്‍കുന്നു എന്നും ഇത് എങ്ങനെ ആണ് നീതികരിക്കാനാകുക എന്നും ഹൈക്കോടതി ചോദിച്ചു. അംഗപരിമിതര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ആയിരിക്കണം സൗജന്യ യാത്ര എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എന്തിനാണ് ജനപ്രതിനിധികള്‍ക്ക് എന്നാണ് ഹൈക്കോടതി ചോദിച്ചത്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് വരുമാന നഷ്ടമുണ്ടാക്കണോ എന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം ഹര്‍ജി പരിഗണിക്കവെ ഒരു നിര്‍ദേശം മാത്രമാണ് ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്.












Click it and Unblock the Notifications