'എന്തിനാണ് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ,മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? :ആർ ശ്രീലേഖ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ തുറന്നടിച്ച് ബിജെപി നേതാവും മുൻ ഡി.ജി.പിയുമായ ആർ ശ്രീലേഖ. തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ എന്തിനാണെന്ന് അവർ ചോദിച്ചു. മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ, കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
'തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ!
പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ. പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?

ഇനിയും ഇതുപോലെ എത്ര പടക്ക നിർമ്മാണ ശാലകൾ തൃശ്ശൂരിൽ ഉണ്ട് എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?
ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?
എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?
ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ?
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?', ഫേസ്ബുക്ക് പോസ്റ്റിൽ അവർ പറഞ്ഞു.
അതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനാണ് അന്വേഷണത്തിന്‍റെ ചുമതല. വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ഇന്ന് ഓൺലൈൻ ആയി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണനിധി (എസ്ഡിആർഎഫ്) യിൽനിന്ന് നാല് ലക്ഷം രൂപയുമായാണ് അനുവദിക്കുക. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും. അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications