37 വയസായില്ലേ, ചാണ്ടി ഉമ്മൻ ഇതെന്താണ് കല്ല്യാണം കഴിക്കാത്തത്? പൊരിഞ്ഞ ചർച്ച..മറുപടി ഇങ്ങനെ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച അദ്ദേഹത്തിന്റെ മുടിയെ കുറിച്ചായിരുന്നു. ചാണ്ടി ഉമ്മൻ എന്തുകൊണ്ടാണ് മുടി ചീകാത്തത് എന്നായിരുന്നു ചോദ്യങ്ങൾ. പിതാവ് ഉമ്മൻചാണ്ടിയെ അനുകരിച്ച് സഹതാപതരംഗം സൃഷ്ടിക്കലാണെന്നായിരുന്നു എതിരാളികളുടെ വിമർശനം. എന്നാൽ ഇത് താൻ 'ചാണ്ടി ഉമ്മൻ' സ്റ്റൈൽ എന്ന് കോൺഗ്രസുകാർ മറുപടി നൽകി. പഴയ ചാണ്ടി ഉമ്മന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടായിരുന്നു മറുപടി.
തന്റെ കല്ല്യാണത്തിന് പോലും ചാണ്ടി ഉമ്മൻ മുടി ചീകിയിട്ടില്ലെന്നാണ് സഹോദരി മറിയ ഉമ്മൻ പ്രതികരിച്ചത്. മുടി ചീകാൻ മറന്നതാണോ എന്ന ചോദ്യത്തിന് 'എന്നെങ്കിലും എന്നെ മുടി ചീകി കണ്ടിട്ടുണ്ടോ'യെന്ന് വിമർശനങ്ങളോട് ചാണ്ടി ഉമ്മനും ചോദിക്കുന്നു. ശരിയാണ് മറിയയുടെ വിവാഹത്തിന് മാത്രമല്ല, പഴയ ചിത്രത്തിലൊന്നും എവിടേയും ചാണ്ടി ഉമ്മൻ മുടി ചീകിയതായി കാണുന്നില്ല.

എന്നാൽ അവിടെയും ചർച്ച തീരുന്നില്ല. 'ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടി ഇരിക്കുന്നത് പോലെ പള്ളിയിൽ ഇരിക്കുന്നു'. തിരിച്ച് ചാണ്ടി ഉമ്മൻ പറഞ്ഞത് ഇതായിരുന്നു-'എല്ലാ ദിവസവും പള്ളിയില്‍ കുര്‍ബാനയുണ്ട്. ഞങ്ങള്‍ കുടുംബമായി എല്ലാ ദിവസവും പള്ളിയില്‍ പോകുന്നുണ്ട്. ചടങ്ങുകള്‍ക്കിടെയാണ് തറയില്‍ ഇരുന്നത്. എന്റെ പിന്നിലുള്ളവരും തറയില്‍ തന്നെയാണ് ഇരിക്കുന്നത്. ഞാന്‍ തറയില്‍ ഇരുന്നതാണോ ഇപ്പോള്‍ പ്രശ്‌നം?'.
അങ്ങനെയെങ്കിൽ അടുത്ത ചോദ്യം ചാണ്ടി ഉമ്മൻ എന്താണ് കല്ല്യാണം കഴിക്കാത്തത് എന്നാണ്. അതിനും ചാണ്ടി ഉമ്മന് മറുപടി ഉണ്ട്-'വിവാഹം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ ചോയ്സ് ആണ്', എന്നാൽ ഈ മറുപടി കൊണ്ട് സോഷ്യൽ മീഡിയ തൃപ്തിപ്പെട്ടിട്ടില്ല കേട്ടോ, 37 വയസ് കഴിഞ്ഞില്ലേ, ഇനിയും വേണ്ടേ വിവാഹം? എന്തായാലും ഇത്തരം ചർച്ചകളോട് പ്രതികരിക്കാൻ ഇല്ലെന്നും തന്റെ ലക്ഷ്യം ഉപതിരഞ്ഞെടുപ്പാണെന്നുമാണ് ചാണ്ടി ഉമ്മന്റെ നിലപാട്.
പ്രചരണത്തിൽ ചാണ്ടി ഉമ്മൻ കളം നിറഞ്ഞ് കഴിഞ്ഞു. ഓടി നടന്ന് വോട്ടർമാരെ കാണുകയാണ് ഇപ്പോൾ അദ്ദേഹം. പുതുപ്പള്ളിയിലാണ് താൻ രാഷ്ട്രീയം തുടങ്ങിയതെന്നും ഇവിടുത്തെ ജനങ്ങൾ സ്വാഭാവികമായി തന്നെ സ്നേഹിക്കുമെന്നും ചാണ്ടി ഉമ്മൻ പറയുന്നു. '23 വർഷമായി ഞാൻ ഇവർക്കൊപ്പം ഉണ്ട്. പുതുപ്പള്ളിക്കാർ എന്നെ സ്നേഹിക്കും. ആത്മവിശ്വാസത്തിൽ തന്നെയാണ്. മുൻപും ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോൾ കാമറ കൂടയുണ്ടെന്നതേ ഉള്ളൂ', ചാണ്ടി ഉമ്മൻ പറയുന്നു.












Click it and Unblock the Notifications