Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്.. കളിയാക്കുന്നവര്‍ ഇക്കാര്യം അറിയണം; വൈറല്‍ കുറിപ്പ്

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണ്. നേരത്തെ അമേരിക്കയില്‍ വെച്ച് നടത്തിയ ചികിത്സയുടെ തുടര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി നാളെ യാത്ര തിരിക്കുന്നത്. സംസ്ഥാനത്തെ ആരോഗ്യമേഖലയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിനെ പരിഹസിച്ച് കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്ക് വെക്കുന്നുണ്ട്.

ആരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്ണാണ് എന്ന് മേനി നടിക്കുമ്പോഴും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ചികിത്സ വിദേശത്ത് നടത്തുന്നത് എന്നാണ് ഈ ട്രോളുകളില്‍ നിറയുന്ന ചോദ്യം. ഇപ്പോഴിതാ ഈ പരിഹാസങ്ങള്‍ക്ക് മറുപടിയെന്നോണം ഡോ. മനോജ് വെള്ളനാട് പങ്ക് വെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്ത് പോകുന്നത് എന്നും എന്തുകൊണ്ടാണ് കേരളം ആരോഗ്യരംഗത്ത് ഒന്നാമതാകുന്നത് എന്നും മനോജ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

Pinarayi Vijayan

മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രോസ്റ്റേറ്റ് കാന്‍സറിന് കേരളത്തില്‍ ചികിത്സയുണ്ടോ? ഉണ്ട്. എന്നാല്‍ ഏറ്റവും ആധുനികമായ ചികിത്സാ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ആലോചിക്കേണ്ടി വരും. എന്തായാലും, ബയോപ്‌സി ചെയ്ത് ഉറപ്പിച്ച, സര്‍ജറി ചെയ്യാന്‍ സാധ്യമായ, പ്രോസ്റ്റേറ്റ് കാന്‍സറിന്റെ നിര്‍ദ്ദിഷ്ഠ ചികിത്സ റോബോട്ടിക് സര്‍ജറിയാണ്. അത് നിലവില്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ വന്നിട്ടില്ല. ചില സ്വകാര്യ ആശുപത്രികളില്‍ ഉണ്ട്.

ഇനി ഇതേ രോഗത്തിന്റെ രോഗനിര്‍ണയത്തിന് സാധാരണ രീതിയില്‍ ബയോപ്‌സി എടുക്കുമ്പോള്‍ എല്ലാ ഏരിയയിലെ ട്യൂമറില്‍ നിന്നും നമുക്ക് വേണ്ട ട്യൂമര്‍ ഭാഗം കിട്ടണമെന്നില്ല. അപ്പോള്‍ MRI guided ആയിട്ടോ മറ്റോ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രത്യേക രീതിയില്‍ അത് ചെയ്യേണ്ടി വരും. അത്തരം രോഗനിര്‍ണയ രീതി നിലവില്‍ നമുക്ക് ഏറ്റവും അടുത്ത് മുംബയിലും ഹൈദരാബാദിലും ആണുള്ളത് എന്നാണ് എന്റെ ധാരണ.

ഇവിടുന്ന് പലരും അവിടെയൊക്കെ പോയി ബയോപ്‌സി ചെയ്തിട്ട്, തുടര്‍ ചികിത്സ നമ്മുടെ നാട്ടില്‍ തന്നെ ചെയ്യാറുമുണ്ട്. ഇവയൊക്കെ ഇവിടെ വരാന്‍ വൈകുന്നത് അവ വലിയ ചിലവുള്ള നിക്ഷേപങ്ങളായത് കൊണ്ടാണ്. കേരളത്തിലെ No.1 ആരോഗ്യമേഖല വിട്ട് മുഖ്യമന്ത്രി ചികിത്സയ്ക്ക് മയോ ക്ലിനിക്കില്‍ പോയതിനെ പരിഹസിക്കുന്ന നിരവധി പേരെ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയത്.

നമ്മുടെ ആരോഗ്യമേഖല നമ്പര്‍ 1 ആവുന്നത് ഇവിടെ ഏറ്റവും ആധുനിക ചികിത്സാ മാര്‍ഗങ്ങള്‍ ഉള്ളതു കൊണ്ടല്ലാ. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുളളവര്‍ക്കും ഏറ്റവും എളുപ്പത്തില്‍, ഉള്ളതില്‍ ഏറ്റവും മികച്ച ചികിത്സ കിട്ടുന്നത് കൊണ്ടാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മള്‍ നമ്പര്‍ 1 ആവുന്നത്.
മുഖ്യമന്ത്രിക്ക് മാത്രമല്ല, ഏതൊരു ജനപ്രതിനിധിക്കും രോഗം വന്നാല്‍ അവര്‍ ലോകത്തിലെ മികച്ച ചികിത്സ തന്നെ സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം.

അത് പ്രതിപക്ഷത്തുള്ളവര്‍ ആയാലും പക്ഷമില്ലാത്തവര്‍ ആയാലും ജനപ്രതിനിധി എന്ന നിലയില്‍ അവരുടെ പ്രിവിലേജ് ആണല്ലോ അത്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ചികിത്സ ഉണ്ടെങ്കില്‍ ഇവിടെ ചികിത്സിക്കാം. സ്വകാര്യ മേഖലയില്‍ ആണുള്ളതെങ്കില്‍ മടിക്കാതെ അവിടെ പോണം. സര്‍ക്കാരിലും സ്വകാര്യത്തിലും ഉണ്ടെങ്കില്‍ അവര്‍ക്ക് സൗകര്യമുള്ളിടത്ത് ചികിത്സിക്കണം.

ഇനി ഇന്ത്യയില്‍ അതില്ലാ, വിദേശത്തു പോയാല്‍ ഗുണപ്രദമാണെന്ന് തോന്നിയാല്‍ അവിടെയും പോണം. അതിന് പരിഹസിക്കേണ്ട കാര്യമൊന്നുമില്ല. ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങളില്‍ പലതും ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ പോലും ഇനിയും എത്തിയിട്ടില്ല. ഇനി ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രി കേരളത്തിലുമല്ല. എന്നിട്ടും നമ്മള്‍ പല കാര്യങ്ങളിലും നമ്പര്‍ 1 ആണ്.

അതിന്റെ ക്രെഡിറ്റ് ഒരു നൂറ്റാണ്ട് മുമ്പു മുതല്‍ ഇന്നോളമുള്ള കേരളത്തിലെ ഭരണാധികാരികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീതിച്ചു കൊടുക്കാനാണ് എനിക്കിഷ്ടം. അതിനെ നമ്മള്‍ തന്നെ കളിയാക്കുന്നത് എന്തിനാണെന്ന് എനിക്കിപ്പൊഴും മനസിലായിട്ടുമില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+