Get Updates
Get notified of breaking news, exclusive insights, and must-see stories!

'അളിയൻ ഇനി ഈ വീട്ടിൽ ഹൽവ കൊണ്ടുവരരുത്', ദിലീപിനൊപ്പം എയറിലായി ബേബി, 'മെഴുകരുത് സഖാവേ'

തിരുവനന്തപുരം: ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തെ പുകഴ്ത്തി വെട്ടിലായിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കുടുംബസമേതം കാണാവുന്ന ചിത്രം ആണെന്നും വിലപ്പെട്ട ആശയം ഈ സിനിമ സമൂഹത്തിന് നൽകുന്നു എന്നുമാണ് ഡൽഹി മലയാളികൾക്കൊപ്പം സിനിമ കണ്ടതിന് ശേഷം എംഎ ബേബി പ്രതികരിച്ചത്. ഇത് സിപിഎം അണികളിൽ നിന്നടക്കം വലിയ വിമർശനമാണ് ക്ഷണിച്ച് വരുത്തിയത്.

നടിയെ കൊട്ടേഷൻ നൽകി ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ സിനിമയെ സിപിഎം ജനറൽ സെക്രട്ടറി പ്രമോട്ട് ചെയ്യുന്നത് ശരിയല്ലെന്ന അഭിപ്രായം വ്യാപകമായി ഉയർന്നു. അതിജീവിതയുടെ സഹോദരനും ബേബിക്കെതിരെ രംഗത്ത് വരികയുണ്ടായി. ഇത്രയും തിരക്കുള്ള താങ്കൾ സിനിമയോടുള്ള താൽപര്യം കൊണ്ട് മാത്രം മറ്റ് തിയേറ്ററുകളിൽ നിറഞ്ഞോടുന്ന പ്രമുഖ നടന്മാരുടെ സിനിമകൾ കാണാതെ ഈ സിനിമ തന്നെ കാണുകയും അതിനെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നുവെന്നത് തികച്ചും അഭിനന്ദനാർഹം തന്നെയാണ് എന്നാണ് അതിജീവിതയുടെ സഹോദരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

dileep

വിമർശനം കനത്തതോടെ വിശദീകരണവുമായി എംഎ ബേബി രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനെ ന്യായീകരിക്കുന്നില്ലെന്നും നല്ല സന്ദേശമുളള സിനിമ ആണെന്ന് തോന്നിയത് കൊണ്ട് അഭിപ്രായം പങ്കുവെച്ചതാണ് എന്നുമാണ് എംഎ ബേബിയുടെ ന്യായീകരണം. എന്നാൽ താങ്കൾ ഇപ്പോൾ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി ആണെന്നും സ്വരലയ ചെയർമാൻ അല്ലെന്നും ഓർക്കണം എന്നാണ് കമന്റിൽ സിപിഎം അനുഭാവികൾ അടക്കം പ്രതികരിക്കുന്നത്.

എംഎ ബേബിയുടെ വിശദീകരണം: ''പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാൻ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തിൽ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ കാണാൻ നിർബന്ധിതനായത്.

സിനിമ കണ്ടപ്പോൾ, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമർശിക്കാതെ ഞാൻ അത് പങ്കുവെച്ചത്. ഇക്കാര്യത്തിന് ഇതിൽ കൂടുതൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇതിൽ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാൻ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.

തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കൾ അനുഭാവികൾ തുടങ്ങിയവർ സദുദ്ദേശ്യത്തിലും മറ്റു ചിലർ അങ്ങനെയല്ലാതെയും ഈ കാര്യത്തിൽ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തിൽ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതിൽ എനിക്കും വിഷമമുണ്ട്''.

എംഎ ബേബിയുടെ സിനിമാ നിരൂപണത്തേക്കാൾ മോശമായിപ്പോയി ന്യായീകരണം എന്നാണ് കമന്റിൽ നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. അളിയൻ ഇനി ഈ വീട്ടിൽ ഹൽവ കൊണ്ടുവരരുത് എന്നാണ് പരിഹാസരൂപേണ വന്ന ഒരു കമന്റ്. ''ഇന്ത്യയിലെ തന്നെ കേട്ട് കേൾവിയില്ലാത്ത സ്ത്രീ പീഡനത്തിന് റേപ്പ് കൊട്ടേഷൻ കൊടുത്ത കൊടും ക്രിമിനലായ നടൻ മലയാളികൾ ആകെത്തന്നെ ബഹിഷ്കരിച്ച ഘട്ടത്തിൽ അതിനേ അതിജീവിക്കാൻ പെയ്ഡ് പ്രമോഷൻ നടത്തി മാർക്കറ്റ് പിടിക്കാൻ നടക്കുന്ന സിനിമകണ്ടത് ഇത്ര ലാഘവ ബുദ്ധ്യാ, നിഷ്കളങ്കമായി ന്യായീകരിക്കാൻ ആവില്ല, സഖാവ് നിലവിൽ സിപിഐഎം ന്റെ അഖിലേന്ത്യാ സെക്രട്ടറിയാണ്...'' എന്നാണ് മറ്റൊരു കമന്റ്.

മറ്റു ചില പ്രതികരണങ്ങൾ താഴെ:

''സഖാവിന് ഇക്കാര്യത്തിൽ കഠിനമായ തെറ്റുപറ്റിയെന്നു സ്വയം വിമർശനം നടത്തുകയും തിരുത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ക്വൊട്ടേഷൻ റേപ്പ് കേസിലെ പ്രതിയുടെ സിനിമ ബഹിഷ്കരിക്കുകയായിരുന്നു ശരി. അതിനെ എൻഡോഴ്സ് ചെയ്തത് സംവിധായകനോടുള്ള വ്യക്തിബന്ധത്തിൻ്റെ പേരു പറഞ്ഞ് ന്യായീകരിക്കരുത്''.

''ഇവനെയൊക്കെ വെച്ച് സിനിമ ചെയ്യാൻ തയ്യാറാവുന്നവരെ അവഗണിക്കാമായിരുന്നു. കേരളത്തിലെ പ്രത്യയശാസ്ത്ര ബോധമോ കാര്യമായ ലോകവിവരമോ ഇല്ലാത്ത സാധാരണക്കാരും നിരക്ഷരരുമായ മനുഷ്യർ ഈ ക്രൂരനായ വ്യക്തിയോട് തങ്ങൾക്ക് പറ്റുന്ന രീതിയിൽ ബഹിഷ്കരണം നടത്തുന്നുണ്ട്. അതറിയാനുള്ള ശ്രമമെങ്കിലും നടത്തുന്നില്ലെങ്കിൽ ആ സ്ഥാനം വെറും ആലങ്കാരികമായിപ്പോകും... 'ഫിലോസഫി ഓഫ് പ്രാക്സിസ്' എന്നതാണ് ഏതൊരു കമ്മ്യൂണിസ്റ്റിൻ്റെയും ജനകീയ ഇടപെടലുകളിലുള്ളത്''.

''വല്ലവരും ചട്ടുകം തരുമ്പോൾ ഇളക്കാൻ മുന്നിൽ നില്ക്കുന്നവനാണ് CPM അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബേബി എന്ന് നാട്ടുകാർക്ക് മനസിലായി..! ആര് തന്നു എന്നോ, എന്തിന് തന്നു എന്നോ,എന്താണ് ഇളക്കേണ്ടത് എന്നോ, ഇളക്കിയത് ആരാണ് കഴിക്കുന്നത് എന്നോ മനസ്സിലാക്കുവാനുള്ള ബോധം ഇല്ല. ഇത് തന്നെയാണ് കേരളത്തിൽ പിണറായിയും ചെയ്യുന്നത്''.

''മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ഒരുവിധം സിനിമകളെല്ലാം തിയേറ്ററിൽ പോയി കാണുന്ന ഒരാളാണ്. എന്നാൽ ആ നടൻ അഭിനയിക്കുന്ന ഒരു സിനിമ പോലും ടീവിയിൽ പോലും ഇപ്പോൾ കാണാറില്ല. അതൊരു നിലപാടിന്റെ ഭാഗമാണ് എന്ന് കരുതുന്നു. ആ രാഷ്ട്രീയം താങ്കളെപ്പോലെ ഒരാൾക്ക് മനസ്സിലാകുന്നില്ല എന്നത് നിരാശാജനകമാണ് എന്ന് പറയട്ടെ''.

''തീർത്തും അപക്വമായ ഒരു അഭിപ്രായപ്രകടനമായി പോയി. പ്രസ്തുത സിനിമയിലെ നായകനുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണത്തിൻ്റെ ഗൗരവം, ഒരു സിനിമയിലെ നായകൻ എങ്ങിനെയാണ് സമൂഹത്തിൽ ഏജൻസി കൈയ്യാളുന്നത്, സിനിമയെന്നത് വെറും സന്ദേശം പറയാനുള്ള ഉപാധിയല്ല എന്നൊക്കെ സി.പി.എം ജനറൽ സെക്രട്ടറിയോട് അണികൾ പറയേണ്ടി വന്നത് സെക്രട്ടറിയേക്കാർ എത്രയോ മേലെയാണ് സാധാരണ പ്രവർത്തകർ എന്നത് തെളിയിക്കുന്നു''.

''ഖേദം പ്രകടിപ്പിച്ചത് നന്നായി.
1. മുഖ്യമന്ത്രിയും സഖാവടക്കമുള്ളവരും പ്രതിപക്ഷവും പിന്തുണച്ചിട്ടും എമ്പുരാനിൽ കട്ട് വരുത്തുമ്പോൾ മോഹൻലാൽ പറഞ്ഞത് തന്റെ ഏറ്റവും സ്നേഹമുള്ളവരെ വേദനിപ്പിക്കുന്നില്ല എന്നാണ്. ആരാണ് ആ ''സ്നേഹമുള്ളവർ' എന്ന് വ്യക്തമായില്ലേ?
2. സഖാവ് എം എ ബേബിയ്ക്ക് തന്റെ ഒരഭിപ്രായം തന്നെ സ്നേഹിക്കുന്ന വരെ വേദനിപ്പിച്ചു എന്ന് മനസ്സിലായി എന്ന് തുറന്നു പറയുമ്പോൾ അവർ ഏത് തരം ആദർശത്തെ പിന്തുണയ്ക്കുന്നവരാണെന്നും അവരുടെ സ്ത്രീ അനുകൂല നിലപാട് കേരളത്തിന്റെ പുരോഗമനപരതയ്ക്ക് എത്ര അനിവാര്യമാണെന്നും ബോധ്യപ്പെടുന്നു. വിമർശനാഭിവാദ്യങ്ങൾ''.

''ഒരു കാര്യം കൂടി പറഞ്ഞു വയ്ക്കുകയാണ് സഖാവെ.. പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷം സഖാവിൻ്റെ പല ചെയ്തികളും അഭിപ്രായങ്ങളും ആന മണ്ടത്തരങ്ങളാണ്‌ . ഇതിപ്പോൾ പറഞ്ഞില്ലെങ്കിൽ ഇനിയും അത്തരം കാര്യങ്ങളിൽ സഖാവ് അഭിരമിക്കും.
വിശാലമായ ഇന്ത്യയും രാഷ്ട്രിയ സാഹചര്യങ്ങളെയും മനസിലാക്കി ഇടപെടുക . സ്വരലയക്കാരനെ തൽക്കാലം അലമാരയിൽ വച്ചു പൂട്ടുക . അതിനു കഴിയുന്നില്ലെങ്കിൽ രാഷ്ട്രിയ സത്യസന്ധത കാട്ടുക''.

''താങ്കൾ ഇപ്പോൾ ഈ പോസ്റ്റ്‌ ഇട്ടത് ഇരയുടെ സഹോദരൻ നന്നായി പരിഹസിച്ചത് കൊണ്ടാണ് എന്ന് അറിയാം കൂടുതൽ മെഴുകാൻ നിക്കരുത്. താങ്കൾ ലോക്കൽ സെക്രട്ടറി അല്ല എന്ന് ഓർത്താൽ നല്ലത്. പിന്നെ ഇതൊക്കെ ഞാൻ ഏറെക്കുറെ പ്രതീക്ഷിച്ചതാണ് ഇനി എന്തൊക്കെ വരാൻ പോകുന്നു കോടിയേരി സഖാവിന്റെ വിടവ് മനസ്സിലാക്കുന്നു''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+