170 കോടി റോബർട്ട് വധ്ര ബിജെപിക്ക് നൽകിയത് എന്തിനാണ് പ്രതിപക്ഷ നേതാവേ?;ജോണ്‍ ബ്രിട്ടാസ്
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിൽ എത്തിയാൽ രാഹുൽ ഗാന്ധിയുടെ ഒരേയൊരു അജണ്ട മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നത് മാത്രമാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എന്ത് കുറ്റമാണ് ചെയ്തതെന്നോ, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയോ സിബിഐയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതെന്നോ വ്യക്തമാക്കാൻ രാഹുൽ ഗാന്ധിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സംഘടനാ ജനറൽ സെക്രട്ടറി തയ്യാറാക്കി നൽകിയ തിരക്കഥയാവാം ഇതെന്നും ബ്രിട്ടാസ് വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം, വായിക്കാം
'ഇന്ത്യ മുന്നണി നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കേരളത്തിൽ വരുമ്പോഴെല്ലാം അദ്ദേഹത്തിന് ഒരേയൊരു അജണ്ടയേ ഉള്ളൂ-മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ല എന്നത്! മുഖ്യമന്ത്രി എന്ത് കുറ്റമാണ് ചെയ്തതെന്നോ, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇഡിയോ സിബിഐയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതെന്നോ വ്യക്തമാക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ല. എങ്കിലും, ഇടതുപക്ഷത്തിനെതിരെയുള്ള ബിജെപിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ച് ഉന്നയിച്ച് പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് പറയാൻ അദ്ദേഹത്തിന് വല്ലാത്ത ആവേശമാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഘടനാ ജനറൽ സെക്രട്ടറി തയ്യാറാക്കി നൽകിയ തിരക്കഥയാവാം ഇത്.

നാഷണൽ ഹെറാൾഡ് പോലുള്ള കേസുകളിൽ ഇഡി മണിക്കൂറുകളോളം തന്നെ ചോദ്യം ചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെടാറുണ്ട്-എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടാത്തത്? ബിജെപി നേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണോ ഇത്? ഇലക്ടറൽ ബോണ്ടുകൾ വഴി 170 കോടി രൂപ തന്റെ സഹോദരീഭർത്താവായ റോബർട്ട് വധ്ര ബിജെപിക്ക് നൽകിയത് എന്തിനാണ് പ്രതിപക്ഷ നേതാവേ? തുടർന്ന് വധ്രയ്‌ക്കെതിരെയുള്ള കേസുകൾ അപ്രത്യക്ഷമാകുന്നതിനും, വിവാദ ഇടപാടുകളിൽ ക്ലീൻ ചിറ്റ് ലഭിക്കുന്നതിനും കാരണമെന്താണ്?
ആം ആദ്മി പാർട്ടിയെ തകർക്കാനും ഡൽഹിയിൽ ബിജെപിയുടെ വിജയം ഉറപ്പാക്കാനും വേണ്ടി കെജ്രിവാളിനും എഎപി നേതാക്കൾക്കുമെതിരെ ഡൽഹി മദ്യനയക്കേസ് കെട്ടിച്ചമയ്ക്കാൻ കോൺഗ്രസും ബിജെപിയും എങ്ങനെയാണ് ഒത്തുകളിച്ചതെന്ന് എല്ലാവർക്കുമറിയാം. തന്റെ വിശ്വസ്തരായ അനുയായികളടക്കം നിരവധി കോൺഗ്രസ് നേതാക്കൾ മോദി-ഷാ ടീമിനെ ശക്തിപ്പെടുത്തുന്ന കാഴ്ച കാണുമ്പോൾ, ബിജെപിക്കെതിരെ പോരാടാൻ പ്രതിപക്ഷ നേതാവിന് ഇനി എന്ത് ധാർമ്മിക അവകാശമാണ് അവശേഷിക്കുന്നത്?'












Click it and Unblock the Notifications