'എന്തുകൊണ്ട് നമ്മള്‍ തൃക്കാക്കരയില്‍ തോറ്റു'; വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി
തൃക്കാക്കരയിലെ എല്‍ ഡി എഫ് പരാജയത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ച് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. കേരളത്തിൽ യു ഡി എഫിന് അനായാസം ജയിക്കാൻ കഴിയുന്ന ചില മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ അത് നിലനിർത്താൻ യു ഡി എഫിന് സാധ്യമായെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. കേരളത്തിൽ എൽ ഡി എഫിനെ പരാജയപ്പെടുത്താൻ എല്ലാ ഇടതുവിരുദ്ധ ശക്തികളും പിന്തിരിപ്പന്മാരും ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്നത് തൃക്കാക്കരയിൽ പ്രകടമായി കണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആനാവൂർ നാഗപ്പന്റെ കുറിപ്പി്നറെ പൂർണ്ണ രൂപം ഇങ്ങനെ..
തൃക്കാക്കര യു ഡി എഫ് നിലനിർത്തി. കേരളത്തിൽ യു ഡി എഫിന് അനായാസം ജയിക്കാൻ കഴിയുന്ന ചില മണ്ഡലങ്ങളിൽ ഒന്നാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ അത് നിലനിർത്താൻ യു ഡി എഫിന് സാധ്യമായി. ഈ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാണേണ്ട ചില അനുഭവപാഠങ്ങൾ ഉണ്ട്. കേരളത്തിൽ എൽ ഡി എഫിനെ പരാജയപ്പെടുത്താൻ എല്ലാ ഇടതുവിരുദ്ധ ശക്തികളും പിന്തിരിപ്പന്മാരും ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്നത് തൃക്കാക്കരയിൽ പ്രകടമായി കണ്ട കാര്യമാണ്.

കോൺഗ്രസ്സിന് കഴിഞ്ഞ തവണ പതിനാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് 20-20 യുടെയും ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വോട്ടും കൂടി ചേർന്നപ്പോൾ ഇത്തവണ ഭൂരിപക്ഷം 25000 ത്തിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിമൂവായിരത്തോളം വോട്ടും, ബിജെപി പതിനയ്യായിരത്തോളവും വോട്ടാണ് നേടിയത്. 20-20 യുടെ വോട്ട് കിറ്റെക്സ് മുതലാളിയും കോൺഗ്രസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ സമ്പൂർണ്ണമായി കോൺഗ്രസിലേക്ക് പോയി.
ബി ജെ പിയിലെ ആർ എസ് എസ് വിഭാഗവും കോൺഗ്രസ്സിനെ പിന്തുണച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ എല്ലാ വിരുദ്ധന്മാരും വിരുദ്ധശക്തികളും യോജിച്ചപ്പോൾ ഉമ തോമസിന്റെ ഭൂരിപക്ഷം 25000 ആവുകയാണ് ചെയ്തത്.
ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍
പരാജയപ്പെടുന്ന മണ്ഡലത്തിലായാലും തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ സമരത്തിന്റെയും പ്രചാരണത്തിന്റെയും വേദിയായാണ് എൽ ഡി എഫ് കാണുന്നത്. തൃക്കാക്കരയിലും ഇത് തന്നെയായിരുന്നു എൽ ഡി എഫിന്റെ നയം. എന്നാൽ യു ഡി എഫ് ഏറ്റവും മലീമസമായ രീതിയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ സാധിക്കില്ലെന്ന് മനസിലാക്കിയ യു ഡി എഫ് എതിർ സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യുക എന്ന തരംതാണ തന്ത്രമാണ് സ്വീകരിച്ചത്.
എൽ ഡി എഫ് സ്ഥാർത്ഥിയ്‌ക്കെതിരായി വ്യാജ അശ്ളീല വീഡിയോ പ്രചരിപ്പിക്കുക എന്ന ഹീനമായ കൃത്യമാണ് യുഡിഎഫ് ചെയ്തത്. അതിനേക്കാൾ അപഹാസ്യവും നമ്മെയെല്ലാം ഭയപ്പെടുത്തുകയും ചെയ്ത കാര്യം, ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ നടപടിയെ പരസ്യമായി ന്യായീകരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് നേതൃത്വവും തയ്യാറായി എന്നതാണ്. രാഷ്ട്രീയം പറഞ്ഞ് തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ശക്തികളാണ് വ്യക്തിഹത്യയിലൂടെ മുന്നേറ്റം ഉണ്ടാക്കാൻ തയ്യാറായത്. ഈ പ്രചാരണത്തിന് പിന്നിലുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കസ്റ്റഡിയിൽ ആയവർ എല്ലാം യു ഡി എഫ് പ്രവർത്തകർ ആണ്.
ഇതിനേക്കാൾ പരിഹാസ്യമായ മറ്റൊരു കാഴ്ച കണ്ടത് നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ നിലപാടാണ്. മലയാള മനോരമ യുഡിഎഫ് ഘടകകക്ഷി ആയോ എന്ന് തോന്നിപോകും വിധമാണ് കഴിഞ്ഞ ഒരുമാസം പ്രവർത്തിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തിയതും, അതിനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചതുമടക്കമുള്ള വാർത്തകൾ തമസ്കരിച്ചോ താഴ്ത്തി പറഞ്ഞോ യുഡിഎഫിനെ വെള്ളപൂശാനാണ് മനോരമ ശ്രമിച്ചത്. നിഷ്പക്ഷതയുടെ ലേബൽ ഒട്ടിച്ച മറ്റ് ചില മാധ്യമങ്ങളും മലയാള മനോരമയ്ക്ക് കുടപിടിക്കാൻ മത്സരിക്കുകയായിരുന്നു.
നാം കൂടുതൽ ജാഗരൂകരാകേണ്ടതുണ്ട് എന്നാണ് ഇതെല്ലം കാണിക്കുന്നത്. ദേശാഭിമാനിയുടെ സർക്കുലേഷൻ ഇനിയും എത്രയോ വർദ്ധിപ്പിക്കേണ്ടത് ഈ കാലത്ത് അതിപ്രധാനമായ രാഷ്ട്രീയ കടമയായി നാം ഏറ്റെടുക്കേണ്ടതുണ്ട്. ആ ദിശയിലേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനും നമ്മുടെ പാർട്ടിയ്ക്ക് നേരെ രൂപപ്പെടുന്ന വലത് പക്ഷ പിന്തിരിപ്പൻ വർഗ്ഗീയ മുക്കൂട്ട് മുന്നണിയുടെ വ്യാജവാർത്ത പ്രചാരണങ്ങളുടെ മുനയൊടിക്കാനും തൃക്കാക്കരയിലെ പാഠം നമുക്ക് കരുത്തായി തീരണം.












Click it and Unblock the Notifications