ഡിഫറന്‍സ് മനസിലാക്കൂ.... ഇപി ജയരാജന്‍ അന്തസായി രാജിവെക്കുകയാണ് ചെയ്തത്
തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് വ്യത്യസ്തമായി അന്തസ്സുള്ള നിലപാടാണ് ഇപി ജയരാജന്‍ സ്വീകരിച്ചതെന്ന് വിഎസ് അച്യുതാനന്ദന്‍. ഇപി ജയരാജന്റെ രാജി നല്ല കാര്യമാണെന്നും വിഎസ് പറഞ്ഞു. ഭരണ പരിഷ്‌കരണ കമ്മിഷന്റെ ആദ്യ യോഗം വിഎസിന്റെ ഔദ്യോഗിക വസതിയായ കവഡിയാര്‍ ഹൗസില്‍ ചേരുന്നതിന് മുന്നോടിയായാണ് വിഎസ് മാധ്യമങ്ങളെ കണ്ടത്.
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജന്‍ രാജിവെച്ചതിനെ കുറിച്ച് മാധ്യമങ്ങള്‍ അഭിപ്രായം ആരാഞ്ഞപ്പോഴാണ് വിഎസിന്റെ പ്രതികരണം. ആരോപണം വന്നപ്പോള്‍ ജയരാജന്‍ രാജിവയ്ക്കാന്‍ തയ്യാറായി. മുന്നണികള്‍ തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ മനസിലാക്കണമെന്നും വിഎസ് പറഞ്ഞു. അനധികൃത നിയമനങ്ങള്‍ തടയാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിഎസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതിന് മുമ്പുള്ള അഴിമതിക്കാരെ സംബന്ധിച്ച് തീരുമാനങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായിട്ടും എന്താണുണ്ടായത്. ഇത് അന്തസായിട്ട് രാജിവെച്ച് ഒഴിഞ്ഞില്ലേ. മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് കടന്നതോടെ ഇത് കമ്മിഷന്‍ യോഗം നടക്കുന്ന സ്ഥലമാണെന്നും കൂടുതല്‍ പ്രതികരണം പിന്നീടാവാമെന്നും പറഞ്ഞ് വിഎസ് ഒഴിയുകയായിരുന്നു.












Click it and Unblock the Notifications