'ജിന്നയെ മഹത്വവൽക്കരിക്കുന്നത് എന്തിനാണ്? കാശി എന്നാണ് കഫേയുടെ പേരെന്ന് മറക്കരുത്';രാജീവ് ചന്ദ്രശേഖർ
കാശി ആർട്ട് കഫേ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജിന്നയെ മഹത്വവൽക്കരിക്കുന്നത് എന്തിനാണെന്നും ഹിന്ദുക്കളുടെ പുണ്യനഗരമായ കാശിയുടെ പേരിലാണ് ഈ കഫേ എന്നത് മറക്കരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒരു മുസ്ലിം പുണ്യനഗരത്തിൻ്റെ പേരിൽ ഒരാൾ റസ്റ്റോറൻ്റ് തുടങ്ങി അവിടെ പന്നിയിറച്ചി വിളമ്പിയിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ട്വീറ്റും പ്രതികരണവും എന്തായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
'കേരളം എല്ലാ മലയാളികളുടേതുമാണ്. കേരളത്തിൻ്റെ വർത്തമാനവും ഭാവിയും തീരുമാനിക്കേണ്ടത് മലയാളികൾ മാത്രമാണ്. നമ്മുടെ ഭക്ഷണം, നമ്മുടെ സംസ്കാരം, നമ്മുടെ ആഘോഷങ്ങൾ. കേരളം ഇന്ത്യയുടെ ഭാഗമാണ്. ഓരോ മലയാളിയും ഒരു ഇന്ത്യക്കാരൻ കൂടിയാണ്. മുഖ്യമന്ത്രിയുടെ പോസ്റ്റിലെ വികാരത്തോട് ഞാൻ യോജിക്കുന്നു. എങ്കിലും, കേരളത്തിൽ വളർന്നുവരുന്ന രാഷ്ട്രീയ സംസ്കാരത്തെക്കുറിച്ച് ന്യായമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്:

മതത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ച ജിന്നയെ ചിലർ മഹത്വവൽക്കരിക്കുന്നത് എന്തുകൊണ്ടാണ്?
നിരോധിത ഭീകരസംഘടനയായ ഹമാസിനെയും അവരുടെ അക്രമങ്ങളെയും ചില രാഷ്ട്രീയക്കാർ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
മതേതരത്വത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നത് എന്തുകൊണ്ടാണ്?
ഈ വിനാശകരമായ രാഷ്ട്രീയ സംസ്കാരത്തെ ന്യായീകരിക്കാൻ മുഖ്യമന്ത്രി V D Satheesan രാഷ്ട്രീയക്കാറ്റിനനുസരിച്ച് എത്രയൊക്കെ മലക്കം മറിഞ്ഞാലും, ഒരുകാര്യം വ്യക്തമാക്കാം: അധിക്ഷേപങ്ങളും അസഹിഷ്ണുതാപരമായ പെരുമാറ്റവും നടത്തിയിട്ട് രക്ഷപ്പെടാമെന്ന് ചിലർ കരുതുന്നതിൻ്റെ ഒരേയൊരു കാരണം, ഇതിന് കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും അവർക്ക് ലഭിക്കുന്ന തുറന്ന പിന്തുണയാണ് (ലൈസൻസാണ്). (ഹിന്ദുക്കളുടെ പുണ്യനഗരമായ കാശിയുടെ പേരിലാണ് ഈ കഫേ എന്നതും മറക്കരുത്.)
ഒരു മുസ്ലിം പുണ്യനഗരത്തിൻ്റെ പേരിൽ ഒരാൾ റസ്റ്റോറൻ്റ് തുടങ്ങി അവിടെ പന്നിയിറച്ചി വിളമ്പിയിരുന്നെങ്കിൽ മുഖ്യമന്ത്രിയുടെ ട്വീറ്റും പ്രതികരണവും എന്തായിരിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. അദ്ദേഹം മുൻ മുഖ്യമന്ത്രിയായി മാറും, അല്ലെങ്കിൽ ജീവനും കൊണ്ട് ഓടേണ്ടിവരും, അതുമല്ലെങ്കിൽ രണ്ടും സംഭവിക്കും. ഹമാസ് വഴിയുള്ള തീവ്രവാദവൽക്കരണ ശ്രമങ്ങൾക്കെതിരെ സംസാരിച്ചതിൻ്റെ പേരിൽ Pinarayi Vijayan എന്നെ അധിക്ഷേപിക്കുകയും വേട്ടയാടുകയും ചെയ്തു.
ഭരണഘടനയിലെ ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരനും ബാധകമാണ്.
അതുപോലെ ആർട്ടിക്കിൾ 19(2) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിമിതികളും ഓരോ ഇന്ത്യക്കാരനും ബാധകമാണ്. അതുകൊണ്ട് മുഖ്യമന്ത്രി സതീശന് എൻ്റെ ഉപദേശം ഇതാണ് - ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടും മുസ്ലിങ്ങളോടും, അതായത് എല്ലാ മലയാളികളോടും ഒരുപോലെ തുല്യമായ ബഹുമാനവും സംവേദനക്ഷമതയും പുലർത്തുക.
ജിന്നാ ആരാധന പോലെയുള്ള ഇന്ത്യാ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ അധിക്ഷേപങ്ങളെയും ചർച്ചകളെയും പ്രവർത്തനങ്ങളെയും മനോഭാവങ്ങളെയും പ്രോത്സാഹിപ്പിക്കരുത്. അങ്ങനെ ചെയ്താൽ ഞങ്ങളുടെ പിന്തുണ താങ്കൾക്കുണ്ടാകും. എന്നാൽ, സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുത്തെടുക്കുന്ന മതേതരത്വവും മതസൗഹാർദ്ദ വർത്തമാനങ്ങളും, മുൻപുണ്ടായിരുന്ന മറ്റ് കപട രാഷ്ട്രീയക്കാരെപ്പോലെ നിങ്ങളെയും മാറ്റുകയേ ഉള്ളൂ. അതിനെ ഞങ്ങൾ ചെറുക്കുക തന്നെ ചെയ്യും; എപ്പോഴും, പൂർണ്ണ ശക്തിയോടെ'.


Click it and Unblock the Notifications
