മണ്ഡല പര്യടനം എന്തിന് എന്ന് വിശദീകരിച്ച് മുഖ്യമന്ത്രി; സമാനതകളില്ലാത്ത നവകേരള സദസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന നവകേരള സദസ് ആരംഭിക്കാന്‍ ഇടതുപക്ഷം. എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിക്കുന്നതാണ് പരിപാടി. പുതുമയുള്ള പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. നവംബര്‍ 18ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കുന്ന പദ്ധതിയുടെ സംഘാടക സമിതി രൂപീകരണം നടന്നുവരികയാണ്.
പുരോഗതി എന്നാല്‍ സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവുമാണ്. സുസ്ഥിരമായ വികസനമാണ് ആവശ്യം. ഇനിയും ഉയരങ്ങളിലേക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ട്. എല്ലാവരുടെയും സക്രിയമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്. ജനങ്ങളിലേക്ക് സര്‍ക്കാരിനെ കൂടുതല്‍ അടുപ്പിക്കാനും നവകേരള സദത് സഹായകമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം-
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.
നവകേരള സദസ്സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി ജനാധിപത്യത്തിന്റെയും ഭരണ നിര്‍വ്വഹണത്തിന്റെയും ചരിത്രത്തില്‍ പുതുമയുള്ളതാണ്. സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥ തലങ്ങള്‍ സമ്പൂര്‍ണ്ണതയിലെത്തിക്കാനുള്ള ക്രിയാന്മക മുന്നേറ്റമാണ് നവകേരള സദസ്സ്.
നവംബര്‍ 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. നവകേരളത്തിനായി നാം ഒത്തൊരുമിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നവകേരള സദസ്സ് പുതിയ ഊര്‍ജ്ജം പകരും.
നാടിന്റെ പുരോഗതിയെന്നാല്‍ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് നാം പ്രയത്‌നിച്ചത്. സുസ്ഥിരവും സര്‍വ്വതലസ്പര്‍ശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് ഈ സര്‍ക്കാരിന്റെ കരുത്ത്. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും മാതൃകാസ്ഥാനമായി കേരളത്തെ നിലനിര്‍ത്താന്‍ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതു കൊണ്ടാണ്. ഇനിയും ഉയരങ്ങളിലേയ്ക്ക് കേരളത്തെ എത്തിക്കേണ്ടതുണ്ട്.
അതേറ്റവും നന്നായി നടപ്പാക്കാന്‍ ഏവരുടേയും സക്രിയമായ പങ്കാളിത്തം അനിവാര്യമാണ്. സംഭാവനകള്‍ അനിവാര്യമാണ്. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പു വരുത്താനും ജനങ്ങളിലേയ്ക്ക് സര്‍ക്കാരിനെ കൂടുതല്‍ അടുപ്പിക്കാനും നവകേരള സദസ്സ് സഹായകമാകും.












Click it and Unblock the Notifications