ഇത്തവണ നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ല; കാരണമിതാണ്...
തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവരുന്ന 140 പേർക്കുപുറമെ ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും നിയമസഭയുടെ ഭാഗമാണ്
തിരുവനന്തപുരം: ചിരിത്രത്തിലാദ്യമായി കാലാവധി പൂർത്തിയാക്കി ഒരു സർക്കാർ തുടർഭരണം നേടിയ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ ദിവസങ്ങളിലെ നടപടികൾ അവസാനിക്കുമ്പോൾ ഒരു വലിയ കുറവ് നിലനിൽക്കുകയാണ്. 141 അംഗ നിയമസഭയാണ് കേരളത്തിന്റേത്. തിരഞ്ഞെടുപ്പിലൂടെ വിജയിച്ചുവരുന്ന 140 പേർക്കുപുറമെ ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും നിയമസഭയുടെ ഭാഗമാണ്. എന്നാൽ ഇത്തവണ അത്തരത്തിലൊരു അംഗം നിയമസഭയിലില്ല.

2019ൽ പാർലമെന്റ് പാസാക്കിയ 126-ാം ഭേദഗതി അനുസരിച്ച് സംസ്ഥാനങ്ങളിലെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം റദ്ദാക്കിയിരുന്നു. കേരള നിയമസഭയിൽ ഇനി ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിയുണ്ടാകില്ല. ന്യൂനപക്ഷ വിഭാഗമായ ഇവർക്ക് ഭരണഘടന വ്യവസ്ഥചെയ്‌ത പ്രത്യേക പ്രാതിനിധ്യ കാലാവധി കേന്ദ്ര സർക്കാർ ദീർഘിപ്പിക്കുകയും ചെയ്തിരുന്നില്ല.

സൂക്ഷ്‌മ ന്യൂനപക്ഷ വിഭാഗമായ ആഗ്ലോ - ഇന്ത്യൻസ് ഭാഷാ ന്യൂനപക്ഷംകൂടിയാണ്. ഈ പരിഗണനയിലാണ് ലോക്‌സഭയിൽ രണ്ടും കേരളമുൾപ്പെടെ 13 നിയമസഭകളിൽ ഒരാളെ വീതവും നാമനിർദേശംചെയ്യാൻ ഭരണഘടന പ്രത്യേക വ്യവസ്ഥ കൊണ്ടുവന്നത്.പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്ക് പാർലമെന്റിന്റെ ഇരു സഭകളിലുമുള്ള സംവരണം പത്ത് വർഷത്തേക്കുകൂടി 2020 കാലാവധി ദീർഘിപ്പിച്ച് നൽകിയെങ്കിലും ആംഗ്ലോ ഇന്ത്യൻ-ഇന്ത്യൻസ് വിഭാഗത്തെ പരിഗണിച്ചില്ല.

സഭയിൽ നിർണായക സാനിധ്യമായിരുന്നു ആംഗ്ലോ-ഇന്ത്യൻ പ്രതിനിധികൾ. രാഷ്‌ട്രപതി, രാജ്യസഭാംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശമൊഴികെ എംഎൽഎമാരുടെ എല്ലാ അവകാശങ്ങളും ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിക്കും ലഭിച്ചിരുന്നു. അവിശ്വാസ പ്രമേയവേളയിൽ വോട്ടവകാശംവരെയുണ്ടായിരുന്നു.

സിപിഎം നേതാവ് ജോൺ ഫെർണാണ്ടസ് ആയിരുന്നു കഴിഞ്ഞ നിയമസഭയിലെ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധി. ഇത്തരത്തിൽ നിയമസഭയിലെത്തിയ അവസാനത്തെ എംഎൽഎ കൂടിയാകും അദ്ദേഹം. എന്നാൽ അങ്ങനെ ചരിത്രത്തിന്റെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജോൺ ഫെർണാണ്ടസ് പറയുന്നത്. "ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് അർഹമായ സംവരണ ആനുകൂല്യം നിഷേധിക്കുന്നതിൽ യുക്തിയില്ല. ഇത് നിർഭാഗ്യകരമാണ്," അദ്ദേഹം ന്യൂ ഇന്ത്യൻ എക്സപ്രസിനോട് പറഞ്ഞു.

ഒന്നാം കേരള നിയമസഭ മുതൽ 14-ാം സഭ വരെ 8 ആംഗ്ലോ ഇന്ത്യൻ പ്രിതിനിധികളാണ് ഉണ്ടായിരുന്നത്. ഒന്നാം ഇഎംഎസ് സർക്കാരിന്റെ സമയത്ത് ഡബ്ല്യൂ എച്ച് ഡിക്രൂസായിരുന്നു ഇത്തരത്തിൽ നാമനിർദേശം ചെയ്യപ്പെട്ട് സഭയിലെത്തിയത്. ഏറ്റവും കൂടുതൽ തവണ നാമനിർദേശം ചെയ്യപ്പെട്ടത് സ്റ്റീഫൻ പാഡുവയാണ്, നാല് തവണ. ജോൺ ഫെർണാണ്ടസ്, ലൂഡി ലൂയിസ് എന്നിവർ രണ്ട് തവണയും നിയമസഭയിലെത്തി. അന്തരിച്ച മുൻ സിപിഎം നേതാവ് സൈമൺ ബ്രിട്ടോയും ഇത്തരത്തിൽ നാമനിർദേശം ചെയ്യപ്പെട്ടയാളാണ്.
Recommended Video

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം ഇന്ത്യയിൽ ജീവിക്കുന്നൊരാളുടെ പിതാവോ പൂർവ പിതാക്കൻമാരിൽ ആരെങ്കിലുമോ യൂറോപ്യൻ വംശജൻ ആയിരുന്നെങ്കിൽ ആ വ്യക്തിയെ ആംഗ്ലോ ഇന്ത്യൻ എന്നാണു കണക്കാക്കുന്നത്. കച്ചവടത്തിനും മറ്റുമായി ഇന്ത്യയിലെത്തിയ പോർട്ടുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് തുടങ്ങിയ യൂറോപ്യൻ വംശജർക്ക് ഇന്ത്യയിലെ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണ് ആംഗ്ലോ- ഇന്ത്യൻസ്. വിദേശീയർക്ക് ഇവിടുത്തെ സ്‌ത്രീകളെ വിവാഹംചെയ്യാൻ അക്കാലത്ത് രാജാക്കന്മാർ അനുമതി നൽകിയിരുന്നു.












Click it and Unblock the Notifications