എന്തുകൊണ്ടാണ് റഷ്യയിലൂടെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്നതിനുള്ള നയതന്ത്ര ധാരണ എത്താത്തത്; ഐസക്
കൊച്ചി; എന്തുകൊണ്ടാണ് റഷ്യയിലൂടെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്നതിനുള്ള നയതന്ത്ര ധാരണയിൽ കേന്ദ്രസർക്കാർ എത്താത്തതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്.
കർണ്ണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ യുക്രൈനിലെ വിദ്യാർത്ഥികളെക്കുറിച്ചുള്ള ആശങ്കകൾ പതിന്മടങ്ങായിരിക്കുകയാണ്. റഷ്യയുമായി സാമാന്യം നല്ല ബന്ധവും പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടാണ് റഷ്യയിലൂടെ ഇവരെ ഒഴിപ്പിക്കുന്നതിനുള്ള ഒരു നയതന്ത്ര ധാരണയിൽ എത്താൻ കേന്ദ്ര സർക്കാരിനു കഴിയാത്തത്? ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടത്ര ജാഗ്രത പുലർത്താത്ത കേന്ദ്ര സർക്കാർ സമീപനമാണ് ഈ ദുരിതാവസ്ഥയിലേക്ക് എത്തിച്ചതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ തോമസ് ഐസക് കുറ്റപ്പെടുത്തി. പോസ്റ്റ് വായിക്കാം

പാർട്ടി സംസ്ഥാന സമ്മേളനം പാസ്സാക്കിയ ആദ്യത്തെ പ്രമേയം യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ അടിയന്തരമായി രക്ഷിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചാണ്. കർണ്ണാടക സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ വിദ്യാർത്ഥികളെക്കുറിച്ചുള്ള ആശങ്കകൾ പതിന്മടങ്ങായിരിക്കുകയാണ്. ഇന്ത്യാ സർക്കാർ കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ സ്വീകരിച്ചേപറ്റൂ.
വിദേശകാര്യ സഹകാര്യ മന്ത്രി വി. മുരളീധരൻ മറുപടി പറയേണ്ട ഒരു കാര്യമുണ്ട്. രണ്ടാഴ്ചയായി ഏതു നിമിഷവും റഷ്യൻ സേനയുടെ ആക്രമണം ഉണ്ടാകുമെന്നും മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞു നിൽക്കുകയായിരുന്നു. മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മരെ ഒഴിപ്പിച്ചുകൊണ്ടുപോയി. ഇന്ത്യാ സർക്കാർ ഇത്രയും ദിവസം എന്തു ചെയ്യുകയായിരുന്നു?
ഇപ്പോൾ യുക്രൈയിനിലെ ഇന്ത്യക്കാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം കിഴക്കൻ അതിർത്തിയിൽ കിടക്കുന്ന ഖാർക്കിവിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ പടിഞ്ഞാറൻ രാജ്യങ്ങളായ പോളണ്ട്, റുമേനിയ, ഹംഗറി, മാൾഡോവ തുടങ്ങിയ രാജ്യാതിർത്തികളിൽ എത്തിച്ചേരണമെന്നതാണ്. കിഴക്കൻ യുക്രൈയിനിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യൻ പൗരന്മാർ യുക്രൈയിന്റെ ഈ പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ എത്തണമെങ്കിൽ ആയിരത്തിലധികം കിലോമീറ്റർ എങ്കിലും യുദ്ധഭൂമിയിലൂടെ യാത്ര ചെയ്യേണ്ടിവരും. ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തകയേയുള്ളൂ.
Recommended Video
ഈ യുദ്ധത്തിൽ ഇന്ത്യ നിഷ്പക്ഷത പുലർത്തിയതായിട്ടാണല്ലോ നമ്മൾ മനസ്സിലാക്കുന്നത്. മാത്രമല്ല, റഷ്യയുമായി സാമാന്യം നല്ല ബന്ധവും പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. എന്തുകൊണ്ടാണ് റഷ്യയിലൂടെ ഇവരെ ഒഴിപ്പിക്കുന്നതിനുള്ള ഒരു നയതന്ത്ര ധാരണയിൽ എത്താൻ കേന്ദ്ര സർക്കാരിനു കഴിയാത്തത്? ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടത്ര ജാഗ്രത പുലർത്താത്ത കേന്ദ്ര സർക്കാർ സമീപനമാണ് ഈ ദുരിതാവസ്ഥയിലേക്ക് എത്തിച്ചത്.












Click it and Unblock the Notifications