വിശ്വാസിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ പാടില്ലത്രെ; കെടി ജലീല്‍ നല്‍കുന്ന മറുപടി
തവനൂര്‍ മുന്‍ എംഎല്‍എ കെടി ജലീലും ഭാര്യയും കഴിഞ്ഞ ദിവസമാണ് സിപിഎമ്മില്‍ ഔദ്യോഗികമായി അംഗത്വമെടുത്തത്. ഒരു വിശ്വാസിക്ക് എങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ സാധിക്കും എന്ന ചോദ്യം ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിശദമായ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കെടി ജലീല്‍.
ഒരു വിശ്വാസി കോണ്‍ഗ്രസില്‍ ചേരുന്നില്ലേ, എഎപിയില്‍ ചേരുന്നില്ലേ, ബഹുദൈവ ആരാധന നടത്തുന്നവര്‍ ഏകദൈവ വിശ്വാസികള്‍ മാത്രമുള്ള മുസ്ലിം ലീഗില്‍ ചേരുന്നില്ലേ, സുന്നിയും മുജാഹിദും ജമാഅത്തെ ഇസ്ലാമിക്കാരനും ആശയ ഭിന്നത മാറ്റിവച്ച് മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. അപ്പോള്‍ എന്തുകൊണ്ട് വിശ്വാസിക്കും അവിശ്വാസിക്കും ഒരുമിച്ച് പ്രവര്‍ത്തിച്ചുകൂടാ... കെടി ജലീല്‍ ചോദിക്കുന്നു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ പാടില്ലത്രെ!
ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റില്‍ അംഗമാകാന്‍ കഴിയില്ലെങ്കില്‍ എങ്ങിനെയാണ് ഒരു വിശ്വാസിക്ക് കോണ്‍ഗ്രസ്സാകാന്‍ സാധിക്കുക? എങ്ങനെ തൃണമൂണ്‍ കോണ്‍ഗ്രസ്സാകാന്‍ സാധിക്കും? എങ്ങനെ ഡി.എം.കെ ആകും? എങ്ങനെ ഒരു വിശ്വാസിക്ക് ആംആദ്മി പാര്‍ട്ടിയില്‍ അംഗമാകാന്‍ പറ്റും? എങ്ങനെ ഒരു ബഹുദൈവാരാധകന് ഏകദൈവ വിശ്വാസികള്‍ മാത്രമുള്ള മുസ്ലിംലീഗില്‍ അംഗമാകാന്‍ സാധിക്കും? ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് എങ്ങനെ ബി.ജെ.പിയില്‍ അംഗമാകാന്‍ കഴിയും? ഒരു വിശ്വാസിക്ക് എങ്ങനെ സമാജ്വാദി പാര്‍ട്ടിയും സോഷ്യലിസ്റ്റ് ജനതാദളും ആകാന്‍ കഴിയും? ഒരു വിശ്വാസിക്ക് എങ്ങനെ കേരള കോണ്‍ഗ്രസ്സോ ആര്‍.എസ്.പിയോ ആര്‍.എം.പിയോ സി.എം.പിയോ ആകാന്‍ സാധിക്കും?
ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്ലാമിക്കാരനും മുസ്ലിംലീഗില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആശയ ഭിന്നത തടസ്സമല്ലെങ്കില്‍ ഒരു ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്തുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനാവില്ല?
ഒരു ഹിന്ദു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് വാദിക്കുന്നത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്! ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കരുതെന്ന് പ്രചരിപ്പിക്കുന്നത് മുസ്ലിംലീഗും ലീഗിന്റെ അടിയാളന്മാരുമാണ്! ഒരു ക്രൈസ്തവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകാന്‍ പാടില്ലെന്ന് ശഠിക്കുന്നത് കൃസംഘികളാണ്.
ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതഭ്രാന്തന്‍മാരുടെ വാക്കുകളെ ചവറ്റുകൊട്ടയില്‍ എറിഞ്ഞ്, മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ വിശ്വാസികള്‍ അംഗത്വമെടുക്കുക. ഒരു തമ്പുരാന്റെയും അരയില്‍ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോല്‍! അത് നമ്മുടെ ഓരോരുത്തരുടെയും പ്രവര്‍ത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നത്. ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്.
അല്ലാതെ ഓരോരുത്തരുടെയും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കല്ല!
ലോകത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബന്ധപ്പെട്ട പാര്‍ട്ടികളില്‍ അംഗത്വമെടുക്കണമെങ്കില്‍ മതനിഷേധിയാകണമെന്നോ യുക്തിവാദിയാകണമെന്നോ അവയുടെ ഭരണഘടനകളില്‍ വ്യവസ്ഥ വെച്ചിട്ടില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേവലമൊരു ദാര്‍ശനിക പാര്‍ട്ടിയല്ല. പ്രായോഗിക രാഷ്ട്രീയ സംഘടന കൂടിയാണ്. ദാര്‍ശനികമായും രാഷ്ട്രീയമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അംഗീകരിക്കുന്നവര്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങള്‍ അംഗീകരിച്ച് നടപ്പിലാക്കാന്‍ സന്നദ്ധരായവര്‍ക്കും ഒരുപോലെ അംഗത്വം നല്‍കുന്ന സംഘടനയാണത്. അക്കാര്യം ഇ.എം.എസ് ചിന്തയുടെ ചോദ്യോത്തര പംക്തിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ബഹുമത സമൂഹത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാമതക്കാരെയും സമുദായ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന പോലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും വിവിധ വിശ്വാസി സമൂഹങ്ങളെയും അവിശ്വാസികളെയും ഉള്‍കൊള്ളുന്നു. കോണ്‍ഗ്രസ്സിലെയും മുസ്ലിംലീഗിലെയും ജനതാദളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെയും വിശ്വാസികളായ മുസ്ലിങ്ങള്‍ നമസ്‌കരിക്കാന്‍ ഒത്തുകൂടുന്നത് മസ്ജിദുകളിലാണ്. ഹിന്ദുക്കള്‍ പ്രാര്‍ത്ഥനക്കും ദര്‍ശനത്തിനും ക്ഷേത്രങ്ങളിലേക്കാണ് പോവുക. എല്ലാ പാര്‍ട്ടികളിലുമുള്ള ക്രൈസ്തവരാകട്ടെ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ പോകാറ് ചര്‍ച്ചുകളിലേക്കാണ്. ആത്മീയ രംഗത്ത് വ്യത്യസ്ത വഴികള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ്സിലേയോ ലീഗിലേയോ സഹോദര സമുദായാംഗങ്ങള്‍ അരലീഗോ അരകോണ്‍ഗ്രസ്സോ അല്ലാത്തതു പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വ്യത്യസ്ത ആത്മീയ ധാരകളെ പുല്‍കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം അംഗീകരിച്ച് പാര്‍ട്ടി അംഗങ്ങളായവര്‍ അര കമ്മ്യൂണിസ്റ്റുകാരുമല്ല.
ഒരിക്കല്‍
സ: ലെനിന്‍ ഒരു പാതിരിക്ക്
പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കാമോ
എന്ന ചോദ്യത്തിനു നല്‍കിയ
ഉത്തരം; എന്ത് കൊണ്ട് കൊടുത്തുകൂടാ?
അയാള്‍ പാര്‍ട്ടി പരിപാടിയും
ഭരണഘടനയും അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെങ്കില്‍ നിശ്ചയമായും പാര്‍ട്ടിയംഗമാവാം.
ഒരു പുരോഹിതനെന്ന നിലയില്‍
അയാള്‍ പള്ളിയില്‍ ചെയ്യുന്ന
പണിയല്ലല്ലോ പാര്‍ട്ടിയില്‍ ചെയ്യുന്നത്.
അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍
അനുഭവിക്കുന്ന ദുരിതവും
ചൂഷണവും അവസാനിപ്പിക്കാനുള്ള സമര പ്രചാരണ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒരു പാതിരിയെന്ന
ആത്മീയപദവി ഒരു തടസ്സവും
സൃഷ്ടിക്കാത്ത കാലത്തോളം അയാള്‍ക്ക്
പാര്‍ട്ടിയില്‍ അംഗമായി പ്രവര്‍ത്തിക്കാം....
ആ ബോദ്ധ്യം കൊണ്ടാണ് ഇസ്ലാമിക പണ്ഡിതന്മാരായിരുന്ന ഹസ്രറത്ത് മൊഹാനിയും ഹസ്രത്ത് ബര്‍ക്കത്തുള്ളയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചത്. വിശ്വാസി സമൂഹമേ; നിങ്ങള്‍ക്ക് സധൈര്യം സി.പി.ഐ എമ്മിലേക്ക് കടന്നുവരാം. ആരും നിങ്ങളുടെ ആരാധനാചാരങ്ങളെ നിരുല്‍സാഹപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഒരു നല്ല ഹിന്ദുവോ ക്രൈസ്തവനോ മുസ്ലിമോ ആയിത്തന്നെ ഒരു നല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമാകാം. മറിച്ചുള്ള പ്രചരണങ്ങള്‍ നൂറ്റിഒന്ന് ശതമാനവും തെറ്റാണ്...തെറ്റാണ്... തെറ്റാണ്...














Click it and Unblock the Notifications