മുഖ്യമന്ത്രിക്ക് എന്താണ് പരാതിയില്ലാത്തത് എന്ന് പിവി അന്‍വര്‍; പ്രതിപക്ഷ നേതാവ് ഇടപെട്ടല്ലോ?
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാനം ഉള്‍പ്പെടെയുള്ള കണക്കുകള്‍ പരസ്യമാക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കണക്കുകള്‍ പുറത്തുവരാത്തതില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ വോട്ടെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം വന്നിരുന്ന കണക്കുകളാണ് ഇപ്പോള്‍ ദിവസങ്ങളായിട്ടും പരസ്യമാക്കാന്‍ കഴിയാത്തത് എന്നാണ് വിമര്‍ശനം.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ ഇക്കാര്യത്തിലുള്ള മൗനം ചോദ്യം ചെയ്തിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിക്കാത്തത് എന്നാണ് അന്‍വറിന്റെ ചോദ്യം. താന്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ ബലം കിട്ടിയിരിക്കുകയാണെന്നും അന്‍വര്‍ പറയുന്നു.

പിവി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''മുഖ്യമന്ത്രിക്ക് പരാതിയില്ലേ?! ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പ് ജനാധിപത്യപരവും സുതാര്യവും ആയിരിക്കണമെന്ന് നിര്‍ബന്ധമില്ലേ ? നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ബഹു പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശന്‍ കത്ത് നല്‍കുകയുണ്ടായി.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പോസ്റ്റല്‍ വോട്ടിംഗ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമല്ല.തിരഞ്ഞെടുപ്പ് ജനാധിപത്യപരവും സുതാര്യവുമാണ് എന്ന് ഉറപ്പുവരുത്തേണ്ടതും അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുമായ ഉത്തരവാദിത്വം 'സ്റ്റാറ്റിയൂട്ടറി ബോഡി' ആയ ഇലക്ഷന്‍ കമ്മീഷനുണ്ട്.
സാങ്കേതികപരമായി ഇന്നുള്ളതിന്റെ ഒരു ശതമാനം പോലും സൗകര്യമില്ലാത്ത കാലത്ത് പോലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് ലഭ്യമായിരുന്നു എന്നോര്‍ക്കുമ്പോഴാണ് എനിക്ക് അതിശയോക്തി തോന്നുന്നത്.
മറ്റൊന്നു കൂടി ചേര്‍ത്തു പറയേണ്ടതുണ്ട് പ്രതിപക്ഷ നേതാവിനെക്കാള്‍ ഈ വിഷയത്തില്‍ ഉത്തരവാദിത്വം കാണിക്കേണ്ടത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമായിരുന്നു.എന്നാല്‍ ഈ തിരഞ്ഞെടുപ്പ് സുതാര്യമാവണം എന്ന നിര്‍ബന്ധം ഞങ്ങള്‍ക്കില്ല എന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും നിലപാട്.മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയോ ഒരു പരാതി അയക്കുകയോ ചെയ്തിട്ടില്ല എന്നത് മുമ്പ് ഞാന്‍ പറഞ്ഞു വന്ന വിഷയങ്ങള്‍ ശരിവെക്കുന്നതും ഈ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളെ ബലപ്പെടുത്തുന്നതുമായ കാര്യമാണ്.
ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സും സുതാര്യതയും ഉറപ്പുവരുത്തണമെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ അയച്ചു.''












Click it and Unblock the Notifications