സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്ത്? ഇഡിയോട് കോടതി, സ്വപ്നയുടെ ജാമ്യം നീട്ടി
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ ഇഡിയെ വിമര്‍ശിച്ച് കോടതി. കേസിന്റെ ആദ്യ ഘട്ടത്തില്‍ എം ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്തത് സംബന്ധിച്ചാണ് കോടതി ചോദ്യം ഉയര്‍ത്തിയത്. സ്വപ്‌ന അടക്കമുളള മറ്റു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണ് എന്ന് കോടതി ഇഡിയോട് ചോദിച്ചു.
എം ശിവശങ്കര്‍ കേസന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിച്ചില്ലെന്നാണ് ഇഡി മറുപടി നല്‍കിയത്. മറ്റ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു.

കേസില്‍ എം ശിവശങ്കറിന്റെയും സന്ദീപിന്റെയും റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് 5 വരെ കോടതി നീട്ടി. അതേസമയം സ്വപ്‌ന സുരേഷിന് കോടതി ജാമ്യം നീട്ടി നല്‍കി. ഉപാധികളോടെയാണ് ജാമ്യം നീട്ടി നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ സ്വപ്‌ന സുരേഷ് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി.
മാത്രമല്ല സ്വപ്‌ന ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും മെയില്‍ ഐഡിയും ഫോണ്‍ നമ്പറും നല്‍കാനും കോടതി ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ നല്‍കുന്നതിന് വേണ്ടി കോഴപ്പണം കൈപ്പറ്റി എന്നതാണ് എം ശിവശങ്കര്‍ അടക്കമുളളവര്‍ക്കെതിരെയുളള കേസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ഫെബ്രുവരി 14ന് ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications