'എനിക്ക് കൊമ്പുണ്ടോ? എന്തിനാണ് വിവാദം, പിന്നിലാരാണെന്ന് അന്വേഷിക്കൂ'; തുറന്നടിച്ച് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ തനിക്ക് എത്താൻ സാധിക്കാതിരുന്നത് വണ്ടി കിട്ടാത്തതിനാലായിരുന്നുവന്ന് ശോഭാ സുരേന്ദ്രൻ. താൻ പോയെന്ന് കരുതി കാറും ഡ്രൈവറും പോയി. പിന്നീട് ഡ്രൈവർ വന്നപ്പോൾ അതേ കാറിൽ തന്നെ സ്ഥലത്ത് എത്താൻ സാധിച്ചു. ഇതൊക്കെ എന്തുകൊണ്ടാണ് തനിക്കെതിരായ വിവാദം ആകുന്നതെന്ന് മനസിലാകുന്നില്ല. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിക്കുന്നതെന്ന് മാധ്യമങ്ങൾ അന്വേഷിക്കൂവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കീഴിൽ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം കഴിവ് തെളിയിച്ച ആളാണെന്നും അവർ പറഞ്ഞു.
'രാജീവ് ചന്ദ്രശേഖരൻ ഒരുതരത്തിലും പുതിയ ആളല്ല, ഒരു കേന്ദ്രമന്ത്രിയായിരുന്ന വ്യക്തിയാണ്. അദ്ദേഹം മന്ത്രിയെന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വളരെ കുറഞ്ഞ വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ബി ജെ പിയെ സംബന്ധിച്ച് കേരളത്തിൽ ശക്തമായ വേരാട്ടമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ തവണ നിർത്തിയിടത്ത് നിന്ന് അതിശക്തമായി തന്നെ മുന്നോട്ട് പോകും. നേതൃമാറ്റം ഓരോ സമയം കഴിയുമ്പോഴും ഉണ്ടാകുന്നതാണ്. കേരളത്തിൽ മാത്രമല്ല, ഇപ്പോഴത്തെ നേതൃമാറ്റത്തിൽ വളരെ സന്തോഷത്തോടെയാണ് കാണുന്നത്.

നാമനിർദേശത്തിന് എത്താൻ കഴിയാതിരുന്നത് കാർ കിട്ടാത്തതിനാലാണ്. കാര്‍ വന്നപ്പോള്‍ ഉടനെ കയറിവരികയും ചെയ്തു. ഇത്രമാത്രം ഇത് വാർത്തയാക്കുമെന്ന് കരുതിയില്ല.ഇന്നലെ കൊടുങ്ങല്ലൂരില്‍ മയക്കുമരുന്നിനെതിരേയുള്ള ശക്തമായ പോരാട്ടത്തിലായിരുന്നു ഞാന്‍. ഒറ്റവരി വാർത്ത എവിടേയും കണ്ടില്ലല്ലോ. എന്നോട് മാത്രമെന്താണ് ഈ ചോദ്യം മാധ്യമങ്ങൾ ചോദിക്കുന്നത്. കോർ കമ്മിറ്റിയിലെ മറ്റാരോടെങ്കിലും ഈ ചോദ്യം ഉയരുമോ? ശോഭ സുരേന്ദ്രന് കൊമ്പുണ്ടോ? ഈ നല്ല നിമിഷത്തിലും എനിക്കെതിരെ കുത്തിത്തിരിപ്പ് വാർത്ത ഉണ്ടാക്കാൻ നോക്കുമ്പോൾ അതിന്റെ പുറകിലാരാണെന്നല്ലേ കണ്ടെത്തേണ്ടത്', ശോഭ സുരേന്ദ്രൻ പറഞ്ഞു. പത്രിക സമർപ്പണ വേളയിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയായിരുന്നു.
അതേസമയം രാജീവ് ചന്ദ്രശേഖറിനെ ബി ജെ പി സംസ്ഥാന അധ്യക്ഷമായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. സംഘപരിപവാർ പശ്ചാത്തലമില്ലാത്ത നേതാവിനെ അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications