ആരോടും പറയാതെ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് സുധീരൻ; പിന്നില്‍ ആരോഗ്യമോ തൊഴുത്തില്‍ക്കുത്തോ... അടുത്തത്?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ടാണ് വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നത് എന്നാണ് സുധീരന്‍ ഔദ്യോഗികമായി വിശദീകരിച്ചത്.
എന്നാല്‍ ഇക്കാര്യം പൂര്‍ണമായി വിശ്വസിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നെ കഴിയില്ല. വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തുമ്പോള്‍ തന്നെ പാര്‍ട്ടിയിലെ രണ്ട് പ്രമുഖ ഗ്രൂപ്പുകളും അതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. സുധീരനെ താഴെയിറക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് രംഗത്ത് വന്നിരുന്നു.
അടുത്തിടെ കോഴിക്കോട് ഒരു പൊതുപരിപാടിയ്ക്കിടെ അദ്ദേഹത്തിന് ചെറിയ തോതില്‍ അപകടം പറ്റിയിരുന്നു. ഇതേതുടര്‍ന്നുള്ള അനാരോഗ്യം കൊണ്ട് മാത്രം സുധീരന്‍ രാജിവയ്ക്കുമോ? ചോദ്യങ്ങള്‍ അനവധിയാണ്.

ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റ് ആകും എന്ന് എല്ലാവരും കരുതിയിരുന്ന സമയത്താണ് വിഎം സുധീരന്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് ആയത്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരം ആയിരുന്നു അന്ന് സുധീരന്‍ പ്രസിഡന്റ് ആയത്.

വിഎം സുധീരന്‍ അധ്യക്ഷസ്ഥാനത്തെത്തിയതിനെതിരെ ശക്തമായി രംഗത്ത് വന്നത് എ ഗ്രൂപ്പും ഐ ഗ്രൂപ്പും തന്നെ ആയിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയം ഇക്കാര്യത്തില്‍ ഒരുമിച്ച് നിന്നു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പും സുധീരനും തമ്മില്‍ നേര്‍ക്ക് നേര്‍ യുദ്ധത്തിലെത്തി. ഒടുവില്‍ കേരളം ഞെട്ടിയ മദ്യ നിരോധന തീരുമാനത്തിലേക്ക് വരെ അത് എത്തി.

സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പലതവണ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ഹൈക്കമാന്‍ഡ് ആ ആവശ്യം തള്ളുകയായിരുന്നു.

ഡിസിസി അധ്യക്ഷന്‍മാരെ തിരഞ്ഞെടുത്ത ഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി പക്ഷം നേരിട്ട് രംഗത്തെത്തി. എ ഗ്രൂപ്പിന് കാര്യമായ പരിഗണന കിട്ടാത്തതിന് പിന്നില്‍ സുധീരനാണെന്ന ആക്ഷേപമാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചത്.

വിഎം സൂധീരന്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്നായിരുന്നു പിന്നീട് ഉയര്‍ന്ന ആരോപണം. സുധീരന്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുന്നു എന്ന ആരോപണവും ഉയര്‍ന്നു.

കോഴിക്കോട്ടെ പരിപാടിക്കിടെ വീണ പരിക്കേറ്റ സുധീരന് ദീര്‍ഘനാളത്തെ ചികിത്സ ആവശ്യമാണെന്നാണ് ഔദ്യോഗികമായി പറയുന്നത്. ഇതാണ് രാജിവയ്ക്കാനുള്ള കാരണമായി അദ്ദേഹവും പാര്‍ട്ടിയും പറയുന്നത്.

വേണമെങ്കില്‍ അവധിയെടുത്ത് മാറി നില്‍ക്കാവുന്നതാണല്ലോ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്, അതുകൊണ്ടാണ് അവധിയെടുത്ത് മാറി നില്‍ക്കാത്തത് എന്നായിരുന്നു വിശദീകരണം.

ആരോടെങ്കിലും മുന്‍കൂട്ടി ചര്‍ച്ച ചെയ്തിട്ടില്ല തന്റെ രാജി തീരുമാനം എന്നും സുധീരന്‍ വ്യക്തമാക്കുന്നുണ്ട്. ഇതും രാജിയ്ക്ക് പിന്നിലുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നതാണ്.

മൂന്ന് വര്‍ഷത്തോളമായി വിഎം സുധീരന്‍ കെപിസിസി അധ്യക്ഷനായിട്ട്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ആയിരുന്നു സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തുന്നത്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നെങ്കിലും തുടര്‍ന്നും കഴിയുന്ന രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പങ്കാളിയാകും എന്നാണ് സുധീരന്‍ പറയുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ വലിയ തോല്‍വിയ്ക്ക് കാരണം വിഎം സുധീരനാണെന്ന ആക്ഷേപം ഉണ്ടായിരുന്നു.എ ഗ്രൂപ്പും ഐ ഗ്രൂപ്പും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതും രാജി തീരുമാനത്തിന് കാരണമായോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications