കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി സണ്ണി ജോസഫ്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. അന്വേഷണത്തില്‍ വേഗത പോരെന്നും വന്‍ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് തിട്ടപ്പെടുത്തുകയോ അവ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം.

മുഖ്യമന്ത്രി പരാമര്‍ശിച്ച നേതാക്കളാരും ഭരണാധികാരികളല്ല. അവര്‍ക്കാര്‍ക്കും പോറ്റിക്ക് സൗകര്യം ചെയ്തുകൊടുക്കാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ശബരിമലയില്‍ പോറ്റിയെ കേറ്റിയതും പോറ്റിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്താണ്. മുഖ്യമന്ത്രി ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയാണ്. അതു ജനങ്ങള്‍ തിരിച്ചറിയും.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുമ്പോഴും അവരെ സിപിഎം സംരക്ഷിക്കുകയാണ്. അവര്‍ക്കെതിരെ ചെറിയ ഒരു അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോലും സിപിഎം നേതൃത്വത്തിന് മനസുറപ്പില്ല. കാരണം നടപടിയെടുത്താല്‍ അവര്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സ്വര്‍ണ്ണക്കൊള്ളയിലെ പങ്ക് വ്യക്തമാക്കുമെന്ന ആശങ്കയാണ്', അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ളയിൽ സി ബി ഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. 'സി ബി ഐ അന്വേഷണത്തിന്റെതായ ഒരു ഘട്ടം ഇപ്പോൾ വന്നിട്ടുണ്ട് എന്ന് പൊതുവിൽ കാണുന്നില്ല. അന്വേഷണം ശരിയായ രീതിയിൽ നടക്കുകയാണ്. മുതൽ വാങ്ങിയാൾ ഈ രണ്ടുപേരും ഒന്നിച്ച് എങ്ങനെ ഒരേ സമയം ഇവരുടെ അടുത്ത് എത്തിപ്പെട്ടു, അതിൻറെ കൂടെ അടൂർ പ്രകാശും ആന്റോ ആന്റണിയും നിൽക്കുന്നു, എങ്ങനെയാണ് രണ്ടുപേരും ഒന്നിച്ചെത്തിയത്, അതിൽ ഒരാൾ പറയുന്നു ഞാൻ മുൻകൈ എടുത്തില്ല എന്നെ പോറ്റി വിളിച്ചതാണെന്ന്. പോറ്റി പോകന്നിടത്തെല്ലാം ചെല്ലേണ്ട ആളാണോ അദ്ദേഹം. പോറ്റി വിളിച്ചാൽ പോകേണ്ട ബാധ്യതയാണോ അദ്ദേഹത്തിനുള്ളത്. എങ്ങനെയാണ് എന്നത് കൂടുതൽ വ്യക്തതയോടെ പറയാനുള്ള ധാർമികത ആ പാർട്ടി കാണിക്കണ്ടേ .അതിനുവേണ്ടി സംസാരിക്കുന്നവർ കാണിക്കണ്ടേ. അത് ബാലിശമായ ഒരു പ്രശ്നമാണ്. ഈ പ്രശ്നത്തിന്റെ ഏറ്റവും ഗൗരവമായ ഒരു വശമല്ലേ, അതിനല്ലേ മറുപടി പറയേണ്ടത് .












Click it and Unblock the Notifications