കാട്ടുപോത്ത് ആക്രമണം: മയക്കുവെടി വെക്കേണ്ടത് വനം വകുപ്പ് മന്ത്രിക്കാണെന്ന് രമേശ് ചെന്നിത്തല
കോട്ടയം: വന്യജീവി ആക്രമണങ്ങളില്‍ സംസ്ഥാന സർക്കാറിനും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനുമെതിരെ ശക്തമായ വിമർശനവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാട്ടുപോത്തിനല്ല, സത്യത്തില്‍ മയക്കു വെടിവെയ്ക്കേണ്ടത് വനം വകുപ്പ് മന്ത്രിക്കാണെന്നുമാണെന്നാണ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.
വനം വകുപ്പ് മന്ത്രിക്കും വനം വകുപ്പിനും എന്ത് പറ്റി. നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത വിധം കാട്ടിലെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു, ഇത് എന്താണ് സംഭവിക്കുന്നത്? ഇതിനെന്തു പരിഹാരം എന്നല്ലേ സർക്കാർ ചിന്തിക്കേണ്ടത്? നായാട്ടു സംഘം വെടിവച്ചതു കൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയതെന്ന ബാലിശമായ വാദമാണ് വനം മന്ത്രിയിൽ നിന്നുണ്ടായതെന്നും രമേശ് ചെന്നിത്തല പറയുന്നു.

'വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയാതെ ഇതിനൊരു പരിഹാരമാണ് ഉണ്ടാകേണ്ടത്. വനം വകുപ്പ് മന്ത്രി ഒന്നും പറയുന്നു, വനു ഡിപ്പാർട്ട്മെന്റ് ഒന്നു പറയുന്നു. അതേസമയം റവന്യൂ വകുപ്പ് മറ്റൊന്നുപറയുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ വിലപ്പെട്ട 3 ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ ജനങ്ങൾ നടത്തിയ സമരത്തെ തുടർന്നാണ് കളക്ടർ വെടിവെയ്ക്കാനുള്ള തീരുമാനമെടുത്തത്. ഇപ്പോൾ റവന്യൂ വകുപ്പറയുന്നു മയക്കു വെടിവെയ്ക്കാമെന്ന് , സത്യത്തിൽ മയക്കു വെടിവെയ്ക്കേണ്ടത് വനം വകുപ്പ് മന്ത്രിക്കാണ്'- രമേശ് ചെന്നിത്തല പറഞ്ഞു.
ഇവിടെ ജനങ്ങൾ ഭീതിയിലായ പ്രശ്നം പരിഹരിക്കാനാണ് ഗവൺമെന്റ് തയ്യാറാകേണ്ടത് അല്ലാതെ കെ സി ബി സിയെ കുറ്റം പറയുക, ബിഷപ്പുമാരെ കുറ്റം പറയുക, നായാട്ടു സംഘം വെടി വെച്ചതു കൊണ്ടാണ് എന്ന് പറയുക , ഇത്തരത്തിലുള്ള ഒഴിവുകഴിവുകൾ പറയാതെ ജനങ്ങളെ വന്യജീവി ആക്രമണത്തിൽ നിന്നും രക്ഷിക്കാനുള്ള അടിയന്തിര നടപടിയാണ് ഉണ്ടാകേണ്ടത്.
അടിയന്തിരമായി മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപ്പെടണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ 2 വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടപ്പോഴാണ്, ഇനിയും മരണങ്ങൾ ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സമര രംഗത്തുവന്നത്, അതൊരു സ്വാഭാവിക പ്രകടനമല്ലേ? ആസ്വാഭാവിക പ്രകടനത്തെ
ക്രമസമാധാന പ്രശ്നമായെടുത്ത് അവർക്കെതിരെ കേസ്സ് എടുത്ത നടപടി ശരിയല്ല അടിയന്തിരമായി കേസുകൾ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർക്കുന്നു.
അതേസമയം, കോട്ടയം കണമലയിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് നായാട്ടുകാരുടെ വെടിയേറ്റിരുന്നുവെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. പോത്തിനെ വെടിവച്ച നായാട്ടുകാരുടെ വിവരങ്ങള്‍ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചെന്നും വിവരമുണ്ട്. കൊലപാതക പ്രേരണക്കുറ്റമാകും ഇവര്‍ക്കെതിരെ ചുമത്തുകയെന്നും സൂചനയുണ്ട്.












Click it and Unblock the Notifications