കീഴ്ത്താടിയും നാക്കും തകര്‍ന്ന നിലയില്‍; കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
കണ്ണൂര്‍: ഇരിട്ടിയില്‍ ജനവാസ മേഖലയില്‍ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. കീഴ്ത്താടിയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയെ പിടികൂടി ചികിത്സ നല്‍കാനുള്ള വനംവകുപ്പിന്റെ ശ്രമത്തിനിടെയാണ് ചരിഞ്ഞത്. മൂന്ന് വയസുള്ള പിടിയാനയാണിത്. അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടുകൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞതിനു പിന്നാലെയാണ് സമാന സാഹചര്യത്തില്‍ കുട്ടിയാനയും മരണത്തിനു കീഴടങ്ങിയത്.
ചൊവ്വാഴ്ച രാത്രി അയ്യന്‍കുന്ന്, ആറളം ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ എത്തിയ കുട്ടിയാന പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബുധനാഴ്ച്ച പുലര്‍ച്ചെ ആന പാഞ്ഞടുത്തിരുന്നു. തുടര്‍ന്ന് ഇരിട്ടി കരിക്കോട്ടക്കരി ഭാഗത്ത് നിലയുറപ്പിച്ചു. വായില്‍ സാരമായ പരിക്കേറ്റിരുന്ന ആനയ്ക്ക് ഭക്ഷണമെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

മുറിവേറ്റ ഭാഗത്ത് പഴുപ്പുണ്ടായിരുന്നു. മാസവും രക്തവും അടര്‍ന്ന് തൂങ്ങിയ നിലയിലായിരുന്നു. പല്ലുകളും നാക്കും തകര്‍ന്നിട്ടുണ്ട്. ഭക്ഷണമെടുക്കാന്‍ കഴിയാത്തതിനാല്‍ തീരെ അവശതയിലായിരുന്നു ആന. പന്നിപ്പടക്കം കടിച്ചപ്പോള്‍ പൊട്ടിയതിനെ തുടര്‍ന്ന് കീഴ്ത്താടിയില്‍ പരിക്കേറ്റതെന്നാണ് വനംവകുപ്പിന്റെ അനുമാനം.
ഒരു പകല്‍ ചുറ്റിത്തിരിഞ്ഞ കുട്ടിയാനയെ വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് ഏഴോടെ മയക്കുവെടി വച്ചത്. അവശനിലയിലായതിനാല്‍ ചെറിയ അളവിലുള്ള മരുന്നാണ് മയക്കാന്‍ ഉപയോഗിച്ചത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി.
ആനയെ ആറളത്തെ ആര്‍ആര്‍ടി ഓഫീസില്‍ എത്തിച്ച് ചികിത്സ നല്‍കാനായിരുന്നു തീരുമാനം. എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ ആന അവശനായി തളര്‍ന്നു വീഴുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് ആന ചരിഞ്ഞത്.
സംഭവത്തില്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ 11 അംഗ സംഘം അന്വേഷിക്കും. കഴിഞ്ഞ മാസം ചാലക്കുടിയില്‍ മസ്തകത്തിന് മുറിവേറ്റ കാട്ടാനയെ പിടികൂടി ചികിത്സിക്കാനുള്ള ശ്രമത്തിനിടെ ചരിഞ്ഞിരുന്നു.












Click it and Unblock the Notifications