കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാനശല്യം വിട്ടൊഴിയാതെ ഇടുക്കിയിലെ ആദിവാസി മേഖലകള്‍

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ അഞ്ചാംമൈല്‍ ആദിവാസി കോളനിയില്‍ കാട്ടാന ഭീതി ഒഴിയുന്നില്ല.നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷിനാശം വരുത്തുന്നത് പ്രദേശവാസികളെ വലക്കുന്നു.പാട്ടക്കൊട്ടിയും ബഹളമുണ്ടാക്കിയും കാട്ടാനകളെ തുരത്തുന്ന പ്രദേശവാസികള്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടങ്ങ് നിര്‍മ്മിച്ച് കാട്ടാനശല്യം ഒഴിവാക്കണമെന്ന ആവശ്യമാണ് മുമ്പോട്ട് വയ്ക്കുന്നത്.

നേരം ഇരുളുന്നതോടെ കാട്ടാനയെ ഭയന്നാണ് നാട്ടുകാര്‍ പ്രദേശത്ത് കഴിഞ്ഞ് കൂടുന്നത്.കായ്ഫലം തരാന്‍ പാകമായ അടക്കാമരവും വാഴയുമെല്ലാം പലരാത്രികളിലും കാട്ടാനക്കൂട്ടം പിഴുത് മറിച്ച് ഇല്ലാതാക്കും.രാത്രികാലമത്രയും സ്ത്രീകളും കുട്ടികളുമടക്കം വീടിനുള്ളില്‍ കഴിഞ്ഞ് കൂടുന്നത് ജീവഭയത്താലാണ്.കാട്ടാനശല്യം സംബന്ധിച്ച് ഇതിനോടകം പ്രദേശവാസികള്‍ പരാതി പറയാത്ത ഒരിടവും ബാക്കിയില്ല.പറഞ്ഞു മടുത്തവര്‍ ജീവനും കൈയ്യില്‍പിടിച്ച് ജീവിതം തള്ളിനീക്കുന്നു.

ele

നേര്യമംഗലം വനത്തിന്റെ ഭാഗമായുള്ള കാഞ്ഞിരിവേലി മേഖലയില്‍ നിന്നുമാണ് കാട്ടനകള്‍ കൂട്ടത്തോടെ തീറ്റതേടി അഞ്ചാംമൈല്‍ ആദിവാസിക്കോളനിയിലെത്താറ്.വനാതിര്‍ത്തിയോട് ചേര്‍ന്ന് ഒരു കിടങ്ങ് നിര്‍മ്മിച്ചാല്‍ കാട്ടാന ആക്രമണത്തിന് പരിഹാരമാകും.പക്ഷെ കിടങ്ങ് നിര്‍മ്മിക്കാമെന്ന് പഞ്ചായത്ത് മെമ്പറടക്കം ഉറപ്പുനല്‍കുന്നതല്ലാതെ നടപടിയുമായി ചെറുവിരലനക്കം മുമ്പോട്ട് പോകാത്തത് കോളനി നിവാസികളെ വലക്കുന്നു.പറഞ്ഞ് മടുത്തതിനാലും കിടങ്ങിന്റെ നിര്‍മ്മാണം ഉടനെങ്ങും നടത്തുമെന്ന് പ്രതീക്ഷയില്ലാത്തതിനാലും പാട്ടക്കൊട്ടിയും ബഹളമുണ്ടാക്കിയുമാണ് നിലവില്‍ പ്രദേശവാസികള്‍ കാട്ടാനകളെ തുരത്തുന്നത്.മഴക്കാലമാരംഭിക്കുന്നതോടെ ഇത്തവണത്തെ കാട്ടാനശല്യത്തിന് അറുതി ഉണ്ടാകുമെങ്കിലും കിടങ്ങ് നിര്‍മ്മിച്ചില്ലെങ്കില്‍ ജീവിതകാലമത്രയും കാട്ടാന പരത്തുന്ന ആനച്ചൂരിന്റെ ഭീതിയില്‍ ജീവിതം തള്ളിനീക്കേണ്ടി വരുമല്ലോയെന്ന നിരാശയിലാണ് മേഖലയിലെ നൂറോളം കുടുംബങ്ങള്‍.

English summary
Wild elephant in Idukkis tribal areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X