'അമ്മ' സ്‌റ്റേജ് ഷോയില്‍ ദിലീപ് ഉണ്ടാകുമോ? സിദ്ദീഖിന്റെ മറുപടി ഇങ്ങനെ
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് താരസംഘടനയായ അമ്മ നടത്തുന്ന പരിപാടിയില്‍ ദിലീപ് പങ്കെടുക്കില്ല എന്ന് ജനറല്‍ സെക്രട്ടറി സിദ്ദീഖ്. ദിലീപ് ഇപ്പോള്‍ അമ്മ അംഗമല്ല എന്നും അതിനാല്‍ തന്നെ അമ്മയുടെ പരിപാടിയില്‍ ദിലീപ് പങ്കെടുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് മുതല്‍ ദിലീപ് അമ്മ സംഘടനയില്‍ നിന്ന് പുറത്താണ്.
അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ദിലീപ് 2018 ലാണ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാകുന്നത്. നടിയ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിനെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാക്കിയിട്ടുണ്ട്. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് സ്‌റ്റേജ് ഷോയാണ് അമ്മ സംഘടിപ്പിക്കാനൊരുങ്ങുന്നത്.

ആഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പരിപാടിയിലെ വരുമാനത്തിന്റെ വിഹിതം വയനാട് ദുരിതബാധിതര്‍ക്കായി നല്‍കും. വയനാട്ടിലെ ദുരന്തം പശ്ചാത്തലമാക്കി സിനിമാ വരരുത് എന്നാണ് ആഗ്രഹം എന്നും സിദ്ദീഖ് പറഞ്ഞു. എല്ലാവരും മറക്കാന്‍ ആഗ്രഹിക്കുന്ന സംഭവമാണിത് എന്നും അത് വീണ്ടും ഓര്‍മയിലേക്ക് വരാതിരിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിച്ചതിന് നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനെ അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല എന്നും സിദ്ദീഖ് പറഞ്ഞു. ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല എന്നും മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പുണ്യപ്രവര്‍ത്തിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തി താല്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ സന്ദര്‍ശനം എന്നും സിദ്ദീഖ് പറഞ്ഞു.
സംഭവത്തില്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച ചെകുത്താന്‍ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ അജു അലക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ സംഘടനയുടെ പേരില്‍ ഇതുവരെ വയനാടിന് വേണ്ടി ഒന്നും നല്‍കിയിട്ടില്ല എന്നും എന്നാല്‍ സംഘടനയിലെ സീനിയര്‍ അംഗങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ വ്യക്തിപരമായി സംഭാവന നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോഹന്‍ലാല്‍ വയനാട് പുനരധിവാസത്തിന് മൂന്ന് കോടി രൂപയും തകര്‍ന്ന ചൂരല്‍മല സ്‌കൂള്‍ തന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ പുനര്‍നിര്‍മ്മിക്കുമെന്നും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ഇത് കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും വയനാടിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications