അഹാന കൃഷ്ണ അച്ഛന് വേണ്ടി കൊല്ലത്ത് പ്രചരണത്തിന് ഇറങ്ങുമോ?'; കൃഷ്ണകുമാറിന്റെ പ്രതികരണം ഇങ്ങനെ
കൊല്ലം: സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതായി തോന്നുന്നില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ പ്രചരണം നയിക്കുമെന്നും കൊല്ലം ബി ജെ പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. സുരേഷ് ഗോപിയെ കൂടാതെ ചലച്ചിത്രതാരമായ മകള്‍ അഹാനയെ അടക്കം രംഗത്തിറക്കി പ്രചാരണത്തിന് ഇറക്കുമെന്നും മനോരമ ന്യൂസിനോട് കൃഷ്ണകുമാർ പറഞ്ഞു.
'വളരെ നേരത്തേ തന്നെയാണ് പ്രഖ്യാപനം. നാളെ ഇറങ്ങിയാൽ തന്നെ പ്രചരണത്തിനായി ഒരുമാസത്തെ സമയം കിട്ടും. 20 ദിവസം കൊണ്ട് തന്നെ വളരെ ശക്തമായ പ്രചരണം നയിക്കാൻ സാധിക്കും. സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരത്ത് പാർട്ടി മത്സരിപ്പിക്കുന്നത് വളരെ ശക്തനായ സ്ഥാനാർത്ഥിയെ ആണ്. മികച്ച നേതാവ് എന്നതിലുപരി അദ്ദേഹം ഒരു കേന്ദ്രമന്ത്രി കൂടിയാണ്. നല്ലൊരു ബിസിനസുകാരൻ കൂടിയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് ഇന്ന് മത്സരിപ്പിക്കാൻ പറ്റുന്ന മികച്ച സ്ഥാനാർത്ഥി തന്നെയാണ് അദ്ദേഹം.

കൊല്ലത്ത് തനിക്ക് നിരവധി സുഹൃത്തുക്കൾ ഉണ്ട്. ബന്ധങ്ങളും സ്വന്തങ്ങളും ഉണ്ട്. മുകേഷുമായുള്ള ബന്ധത്തെ ഒന്നും സ്ഥാനാർത്ഥിത്വം ബാധിക്കില്ല. പ്രത്യയശാസ്ത്രപരമായി നമ്മൾ പലതും തർക്കിക്കും എതിർത്ത് സംസാരിക്കുകയുമൊക്കെ ചെയ്യും. അതൊന്നും വ്യക്തിപരമായി ബാധിക്കില്ല', കൃഷ്ണകുമാർ പറഞ്ഞു.
മകളും നടിയുമായ അഹാന പ്രചരണത്തിന് എത്തുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-' അഹാനയെ വിളിച്ചിരുന്നു. അവൾ ഇപ്പോൾ ഐസ്ലന്റിൽ ഷൂട്ടിങ്ങിലാണ്. നാട്ടിൽ വന്നാൽ എല്ലാ ദിവസവും പറ്റില്ലെങ്കിലും കഴിയുന്ന ദിവസങ്ങളിൽ വന്ന് പ്രചരണങ്ങളിൽ പങ്കെടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലുടെയും പ്രചരണം നടത്താമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവളെ നിർബന്ധിക്കാറില്ല.വരുന്നത് നല്ലതാണ്, പക്ഷേ അധികം നിർബന്ധിക്കില്ല, കാരണം അവൾക്ക് രാഷ്ട്രീയമില്ല. അവർ ഇത്തവണയും പറയുന്നത് അച്ഛന് വേണ്ടി വരുന്നത്. കലാകാരൻമാരായി നിൽക്കുമ്പോൾ രാഷ്ട്രീയം ഇല്ലാതിരിക്കുന്നതാണ് നല്ലത്', കൃഷ്ണകുമാർ പറഞ്ഞു.
സുരേഷ് ഗോപിയെ പ്രചരണത്തിനായി എത്തിക്കാൻ നോക്കുമെന്നും കൃഷ്ണകുനാർ പറഞ്ഞു.തൃശൂരിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത്. അദ്ദേഹത്തിന് ഒരുദിവസം പോലും മാറി നിൽക്കാൻ സാധിക്കില്ലല്ലോ. എങ്കിലും രണ്ട് ദിവസം അദ്ദേഹം പ്രചരണത്തിനായി എത്തിക്കാൻ ശ്രമിക്കണം', കൃഷ്ണകുമാർ പറഞ്ഞു.
നിലവിൽ എൻ കെ പ്രേമചന്ദ്രനാണ് കൊല്ലത്ത് നിന്നുള്ള എംപി. ഇത്തവണയും മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയോടെ പ്രേമചന്ദ്രൻ തന്നെയാണ് മത്സരത്തിന് ഇറങ്ങുന്നത്. എൽ ഡി എഫിനായി നടൻ മുകേഷ് ആണ് മത്സരിക്കുന്നത്.












Click it and Unblock the Notifications