കെപിസിസി അധ്യക്ഷനായി അനില്‍ കുമാര്‍ എത്തുമോ? ചര്‍ച്ച ചൂടുപിടിക്കുന്നു, പകരം ആരാകും മന്ത്രി
കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നവരില്‍ മന്ത്രി എപി അനില്‍കുമാര്‍ മുന്നില്‍. കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്, ബെന്നി ബെഹനാന്, ഷാഫി പറമ്പില്‍ എന്നിവരുടെ പേരാണ് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്. കെസി വേണുഗോപാലിന്റെ വിശ്വസ്തന് എന്നതാണ് അനില്‍കുമാറിന് സാധ്യതയേറാന്‍ കാരണം. ഇനിയും ചര്‍ച്ചകള്‍ നടക്കാനുണ്ട്. ഈ മാസം അവസാനത്തോടെ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തി ശക്തമാണ്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരസ്യമായി വിഡി സതീശനെ വിമര്‍ശിച്ചത് വിവാദമായിരുന്നു, കോണ്‍ഗ്രസിലും സര്‍ക്കാരിലും മുന്നണിയിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന രീതിയില്‍ വിമര്‍ശനം ശക്തമാണ്. ഇത് പരിഹരിക്കാന്‍ മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന അഭിപ്രായമുണ്ട്. ജോസഫ് വാഴക്കന് ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് ഇക്കാര്യം ബോധിപ്പിച്ചു.

ആറുതവണ എംഎല്‍എയും നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളുമാണ് എപി അനില്‍ കുമാര്‍. പരിചയ സമ്പത്ത്, ദളിത് പ്രാതിനിധ്യം എന്നിവയും ഇദ്ദേഹത്തിന് അനുകൂല ഘടകമാണ്. എന്നാല്‍ അനില്‍ കുമാറിനെ പ്രസിഡന്റാക്കിയാല്‍ കൊടിക്കുന്നില്‍ സുരേഷിനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന ചോദ്യം ബാക്കിയാണ്.
അധ്യക്ഷപദവിയിലേക്ക് നിരവധി പേരുകള്‍ ചര്‍ച്ചയായെങ്കിലും ഇപ്പോള്‍ എപി അനില്‍ കുമാര്‍, ബെന്നി ബെഹ്നാന്, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. ദളിത് പ്രാതിനിധ്യം ഉയര്‍ത്തിക്കാട്ടി ഖാര്‍ഗെയെയും സോണിയാ ഗാന്ധിയെയും കണ്ട കൊടിക്കുന്നില്‍ സുരേഷിനെ വെട്ടാന്‍ അനില്‍കുമാറിനെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ സാധിക്കും. മാത്രമല്ല, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ കെസി പക്ഷത്തിന് അധികാരം ലഭിക്കുകയും ചെയ്യും.
അതേസമയം, അനില്‍കുമാറിനെ പാര്‍ട്ടി അധ്യക്ഷനാക്കുക എന്നത് എളുപ്പമല്ല. നിലവില്‍ റവന്യൂ മന്ത്രിയാണ് അനില്‍ കുമാര്‍. കെപിസിസി അധ്യക്ഷനായാല്‍ അദ്ദേഹം മന്ത്രിപദവി ഒഴിയേണ്ടി വരും. സര്‍ക്കാര്‍ രൂപീകരിച്ചിട്ട് ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പ് മന്ത്രിസഭയില്‍ അഴിച്ചുപണി മുഖ്യമന്ത്രി സമ്മതിക്കുമോ എന്നതു മറ്റൊരു കാര്യമാണ്. അനില്‍ കുമാറിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിയാല്‍ മാത്യു കുഴല്നാടന് ഉള്‍പ്പെടെയുള്ളവര്‍ക്ക് വഴി തെളിയും.
പാര്‍ട്ടിയും സര്‍ക്കാരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ബോര്‍ഡ്, കോര്പറേഷന് നിയമനങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുന്നതിനും അനില്‍കുമാറിന്റെ വരവോടെ സാധിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്നുള്ള താല്‍പ്പര്യം അവഗണിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റ് എടുത്ത ചരിത്രവും നിരവധിയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സസ്പെന്‍സ് തുടരുകയാണ്.


Click it and Unblock the Notifications
