'ഫോട്ടോയെടുക്കാൻ തോളിൽ കൈയ്യിട്ടെന്നൊക്കെ ആരെങ്കിലും വിശ്വസിക്കുമോയെന്ന് കടകംപള്ളി; മറുപടിയുമായി സ്വപ്ന
തിരുവനന്തപുരം; സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാതെ ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെ്. സ്വപ്ന സുരേഷ് ചെന്ന് പെട്ടിരിക്കുന്നത് കോൺഗ്രസും ബി ജെ പിയും അടങ്ങുന്ന പത്മവ്യൂഹത്തിലാണെന്നും കടകംപള്ളി വിമർശിച്ചു.

'സ്വപ്‌ന സുരേഷ് തന്റെ പേര് പറഞ്ഞതില്‍ ആസൂത്രിത നീക്കമുണ്ട്. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായി. തനിക്ക് തോന്നിയതെല്ലാം വിളിച്ച് പറയുകയാണ് സ്വപ്ന. കഴിഞ്ഞ 3 വർഷത്തിനിടെ പലരെ കുറിച്ചും അവർ ആക്ഷേപം ഉന്നയിച്ചെങ്കിലും എന്നെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഞാനവരുടെ വീട്ടിൽ പോയി എന്ന് പറയുന്നതാണ് തനിക്കെതിരായ ഒരു ആരോപണം. രാമപുരത്താണ് അവരുടെ വീട്. രാമപുരത്ത് പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയുടെ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചത് താനായിരുന്നു.ആ ചടങ്ങ് കഴിഞ്ഞ ശേഷം സംഘാടകരുടെ നിർബന്ധ പ്രകാരമാണ് സ്വപ്ന സുരേഷിന്റെ വീട്ടിൽ പോയത്.അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സ്വപ്നയുടെ വീടാണെന്ന് അറിഞ്ഞത്. വീട്ടിലേക്ക് കയറി അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ ചായ കുടിച്ചു മടങ്ങി'.

'ഫോട്ടോയെടുക്കുമ്പോൾ അവരുടെ തോളിൽ കൈയ്യിട്ടെന്നാണ് പറയുന്നത്. ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ? എന്റെ ഒരു ഫോട്ടോ കാണിക്കട്ടെ. മാധ്യമങ്ങൾ വരെ പരിശ്രമിച്ചിട്ട് അത്തരമൊരു ഫോട്ടോ കിട്ടിയോ? അവരോടൊപ്പം ഒരു ഫോട്ടോയും ഞാനെടുത്തിട്ടില്ല. രണ്ട് പരിപാടികളിൽ കോൺസുലേറ്റിന്റെ ക്ഷണപ്രകാരം ഞാൻ പോകാറുണ്ട്. ഒന്ന് യുഎഇയുടെ സ്ഥാപക ദിനം.അത് കമ്മീഷ്ണർ ഓഫീസിന് നേരെയുള്ള ഹോട്ടലിൽ വെച്ചാണ് നടക്കാറുള്ളത്.അവിടെ ഞാനാണ് മുഖ്യാതിഥി. കോവളത്ത് വെച്ച് നടക്കുന്ന പെരുന്നാൾ ആഘോഷത്തിലും പങ്കെടുത്തിട്ടുണ്ട്. അതിൽ എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കാറുണ്ട്. അവരുടെ തോളിൽ പിടിക്കുകയോ ചേർത്ത് നിർത്തി ഫോട്ടോ എടുത്തിട്ടോ ഇല്ല'.

'സ്വപ്ന സുരേഷിനോട് യുദ്ധം ചെയ്യാനില്ല. അവരുടെ അവസ്ഥ എനിക്ക് അറിയാം, ഒന്നോ രണ്ടോ വർഷക്കാലം കഠിനമായ യാതന അനുഭവിച്ച സ്ത്രീയാണ് അവർ. ഇന്നിപ്പോൾ ബി ജെ പിയുടെ പാളയത്തിലാണവർ. ഞാൻ അവരുമായി നല്ല ബന്ധമാണ്. യുഎഇ കോൺസലേറ്റുമായുള്ള എല്ലാ ചെറുതും വലുതുമായ പ്രശ്നങ്ങളിൽ ഞാൻ ഇടപെട്ടിട്ടുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെ അയക്കുകയാണ് സർ എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്നല്ലാതെ അല്ലാതൊരു വിളിയും ഞാനും അവരും തമ്മിൽ ഫോണിൽ നടത്തിയിട്ടില്ല'.

'അവരുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് മറ്റൊരു ആരോപണം. അങ്ങനെ ആരേയും ഞാൻ കള്ളക്കേസിൽ കുടുക്കിയിട്ടില്ല. എന്നാൽ ബി എ മൂന്നാം വർഷ വിദ്യാർത്ഥിയായ ഒരു പെൺകുട്ടിക്ക് വേണ്ടി ഞാൻ ഒരു വലിയ പോരാട്ടം നടത്തിയിട്ടുണ്ട്. അതിനെ കുറിച്ച് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
സ്വപ്ന സുരേഷ് ചെന്ന് പെട്ടിരിക്കുന്നത് കോൺഗ്രസും ബി ജെ പിയും അടങ്ങുന്ന പത്മവ്യൂഹത്തിലാണ്.അതിൽ നിന്നും രക്ഷപ്പെട്ട് വരാൻ അവർ ശ്രമിക്കുകയാണ്. അതിന് സിപിഎം നേതാക്കളെ കൈകാര്യം ചെയ്യാനാണ് അവർ ശ്രമിക്കുന്നത്', കടകംപള്ളി പറഞ്ഞു. അതേസമയം കടകംപള്ളിയെ വെല്ലുവിളിച്ച് കൊണ്ട് സ്വപ്ന രംഗത്തെത്തി. താൻ ഉന്നയിക്കുന്നത് ആരോപണമാണെങ്കിൽ അദ്ദേഹം തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടെയെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

'ചായയും കുടിച്ച് മാങ്ങയും കഴിച്ചാണ് മടങ്ങിയത്. ഒരു പ്രോട്ടോക്കോളും നോക്കാതെയാണ് എന്റെ വീട്ടിൽ വന്നത്. ഒറ്റക്കാണ് വന്നത്. അല്ലാതെ രാത്രി 9 മണിക്ക് ശേഷം പാർട്ടിക്കാരെ കൊണ്ട് വീട്ടിൽ വരേണ്ട കാര്യമില്ല. എന്നെ മാധ്യമ പ്രവർത്തകൻ നിർബന്ധിച്ച് പേര് പറയിച്ചുവെന്ന ആരോപണം ശരിയല്ല. അങ്ങനെയെങ്കിൽ അദ്ദേഹം എനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യട്ടെ. അദ്ദേഹത്തിന് ബോൾഗാട്ടി ഹയാത്ത് ഹോട്ടലിന്റെ ഉദ്ഘാടനം ഓർമയുണ്ടെങ്കിൽ അന്ന് അദ്ദേഹം മുറിയുടെ നടയിൽ നിന്ന് അദ്ദേഹത്തിനെ ചീത്ത വിളിച്ചതിന്റെ ദൃശ്യങ്ങൾ ഹോട്ടലിൽ ഉണ്ടാകും. പുള്ളിക്കാരൻ വളരെ ട്രിക്കിയാണ്. അതോണ്ടാണ് എന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം സഹതപിച്ച് സംസാരിച്ചത്. ഞാൻ കള്ളക്കടത്തുകാരിയല്ലെന്ന് ഉറപ്പായത് കൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിച്ചത്', സ്വപ്ന പറഞ്ഞു.












Click it and Unblock the Notifications