''അതിഥി തൊഴിലാളികളെന്ന പരിഗണന ദൗര്‍ബല്യമായി കാണരുത്''; കര്‍ശന നടപടിയുണ്ടാകുമെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: ആലുവ കൊലപാതകത്തില്‍ ശക്തമായ നടപടിയുണ്ടാകും എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരും എന്ന് അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലേക്ക് എത്തുന്ന അതിഥികള്‍ എന്ന നിലയില്‍ നല്‍കുന്ന പരിഗണന ദൗര്‍ബല്യമായി കാണരുത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. തൊഴിലാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കര്‍ശന വ്യവസ്ഥയാക്കി മാറ്റും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട് എന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ക്കായുള്ള അതിഥി ആപ് അടുത്തമാസം തന്നെ ഏര്‍പ്പെടുത്തും എന്നും മന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. ലേബര്‍ ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സന്ദര്‍ശനം നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1979 ലെ കേന്ദ്ര നിയമത്തിനെ ബാധിക്കാതെ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനം ആലോചിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തിയാവും നിയമ നിര്‍മാണം എന്നും ശിവന്‍കുട്ടി പറഞ്ഞു.
എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തില്‍ എത്തുന്നത് തടയുന്ന തരത്തിലായിരിക്കും നിയമനിര്‍മാണം നടപ്പിലാക്കുക. ആലുവയില്‍ ഉണ്ടായത് മനസാക്ഷിയുള്ള ഒരു മനുഷ്യനും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. കേരളമാകെ കരയുകയാണ്. ഭാവിയില്‍ ഇത്തരം ഒരു അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത് എന്നും അതിനാല്‍ കര്‍ശന നിലപാടിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കുട്ടികളുടെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരം ഒരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ് എന്നും പൊലീസ് വീഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്ക് 51, 60, 350 ആണ്. എന്നാല്‍ ഈ കണക്ക് പൂര്‍ണമല്ല എന്നും അതിഥി തൊഴിലാളികള്‍ വന്നും പോയും നില്‍ക്കുന്നവരാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കണക്കില്‍ കൃത്യത വരുത്തും എന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications