സിപിഎം പിന്തുണയില്‍ പൊന്നാനിയില്‍ മല്‍സരിക്കുമോ? ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം ഇങ്ങനെ
കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ചാണ്. മലപ്പുറത്തെ സംഘടനാ തിരഞ്ഞെടുപ്പ് വിഷയത്തിലും ശേഷം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലുമടക്കം ചര്‍ച്ച ചെയ്യപ്പെട്ട പേരും ഷൗക്കത്തിന്റേതായിരുന്നു. നേതൃത്വം നല്‍കിയ നിര്‍ദേശം ലംഘിച്ച് പലസ്തീന്‍ റാലി നടത്തിയതാണ് ഏറെ വിവാദമായത്.
ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച റാലി കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ഷീണമായിരുന്നു. പാടില്ല എന്ന് പറഞ്ഞിട്ടും നടത്തിയതാണ് നേതൃത്വത്തിന് വെല്ലുവിളിയായത്. പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ ഒരാള്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നോ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായി താനൊന്നും ചെയ്തില്ലെന്നാണ് ഷൗക്കത്തിന്റെ നിലപാട്.

തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിന് നോട്ടീസ് നല്‍കിയത്. ഇതിന് അദ്ദേഹം മറുപടി നല്‍കി. എന്നാല്‍ റാലി നടത്തിയ ശേഷം വീണ്ടും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കി. ഇതിനും ആര്യാടന്‍ ഷൗക്കത്ത് മറുപടി നല്‍കി. വിഷയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി മുമ്പാകെ എത്തുകയും സമിതിക്ക് മുമ്പാകെ ഹാജരായി ഷൗക്കത്ത് മറുപടിയും നല്‍കുകയും ചെയ്തു.
അതിനിടെ എകെ ബാലന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നടത്തിയ പ്രതികരണമാണ് വിഷയത്തിന് മറ്റൊരു ദിശ നല്‍കിയത്. പലസ്തീന്‍ വിഷയത്തിന്റെ പേരില്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്താല്‍ തങ്ങള്‍ സംരക്ഷിക്കുമെന്നായിരുന്നു പ്രതികരണം. ഇതോടെ ചര്‍ച്ചയുടെ വ്യാപ്തി വര്‍ധിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷൗക്കത്ത് മല്‍സരിച്ചേക്കുമെന്നും പ്രചാരണമുണ്ടായി.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ സിപിഎം പിന്തുണയില്‍ ആര്യാടന്‍ ഷൗക്കത്ത് മല്‍സരിക്കുമെന്നായിരുന്നു പ്രചാരണം. സിപിഎം പുതിയ ഓഫറുമായി ഷൗക്കത്തിനെ സമീപിച്ചുവെന്നും പ്രചാരണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആര്യാടന്‍ ഷൗക്കത്ത് തന്നെ മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷൗക്കത്ത് നിലപാട് വ്യക്തമാക്കിയത്.
''പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തിയതിലൂടെ എന്തെങ്കിലും നേടാമെന്ന് താന്‍ കരുതുന്നില്ല. പലസ്തീന്‍ വിഷയം സമ്മര്‍ദ്ദ തന്ത്രമായി ഉപയോഗിക്കില്ല. സിപിഎം തന്നോട് അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. അവര്‍ ആവശ്യപ്പെടുമെന്ന് താന്‍ കരുതുന്നുമില്ല. ഊഹം വച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും'' ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
''കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ട ജനറല്‍ സെക്രട്ടറിയാണ് താന്‍. പാര്‍ട്ടിയുടെ നിലപാട് മാത്രമാണ് തനിക്കുള്ളത്. അത് ലംഘിച്ച് പോകരുത് എന്നാണ് ആഗ്രഹം. ആശുപത്രിയില്‍ വച്ച് പിതാവ് തന്നോട് പറഞ്ഞത്, കോണ്‍ഗ്രസ് പതാക പുതയ്ക്കാന്‍ മറക്കരുത് എന്നാണ്. പാര്‍ട്ടിയില്‍ നിന്ന് എന്ത് കിട്ടിയില്ല എന്നല്ല, എന്തൊക്കെ പാര്‍ട്ടി തന്നു എന്നാണ് ചിന്തിക്കേണ്ടത്''- ആര്യാടന്‍ ഷൗക്കത്ത് വിശദീകരിച്ചു.












Click it and Unblock the Notifications