പാൽ സംഭരണ പ്രതിസന്ധിക്ക് ഉടൻ പരിഹാരം:മന്ത്രി ചിഞ്ചുറാണി
സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ സംഭരണം ഊർജ്ജിതമായി നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി. കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ പാൽ സംഭരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ വിളിച്ച് ചേർത്ത അടിയന്ത്ര യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

അധികമായി സംഭരിക്കുന്ന പാൽ അംഗനവാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി. കൂടുതൽ പാൽ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാൽപ്പൊടി ഫാക്ടറികളിൽ എത്തിച്ച് പാൽപ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
നിലവിൽ 80 ശതമാനം സംഭരണംവരെ സാധ്യമാകുന്നുണ്ട്. ഒരാഴ്ചമുൻപ് വരെ 60 ശതമാനം മാത്രമായിരുന്നു സംഭരണം. തിങ്കളാഴ്ചയോടെ സംഭരണം 100 ശതമാനം എത്തുമെന്നും അതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സാഹചര്യം ഒഴിവാക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്നും അതിനുള്ള നടപടികൾക്ക് തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 മൂലം പല സംസ്ഥാനങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പാലിന്റെ ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായി. മലബാർ മേഖലയിൽ മാത്രം പ്രതിദിനം നാല് ലക്ഷത്തിലധികം ലിറ്റർ പാൽ അധികമായി സംഭരിക്കേണ്ടിവന്നു. സാധാരണയായി ഇത്തരത്തിൽ സംഭരിക്കുന്നപാൽ മിച്ചംവന്നാൽ അയൽ സംസ്ഥാനങ്ങളായ തിമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലുള്ള പാൽപ്പൊടി ഫാക്ടറികളിൽ എത്തിച്ച് പൊടിയാക്കി മാറ്റുകയാണ് പതിവ്. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം മറ്റു സ്ഥാനങ്ങളിലും പാൽ അധികമായി ശേഖരിക്കേണ്ട അവസ്ഥയുണ്ടായി. ഇതാണ് സംസ്ഥാനത്തെ പാൽ സംഭരണം പ്രതിസന്ധിയിലെത്തിച്ചതെന്ന് യോഗത്തിൽ വിലയിരുത്തി.മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കുബിസ്വാൾ, മിൽമ മാനേജിംങ് ഡയറക്ടർ സൂരജ് പാട്ടീൽ, ക്ഷീരവികസനവകുപ്പ് ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.












Click it and Unblock the Notifications