സ്വർണ വില 2 ലക്ഷത്തിലേക്കോ? ഗോൾഡ് കൗൺസിൽ സിഇഒയുടെ പറയുന്നത് ഇങ്ങനെ
സ്വർണ വില സമാനതകളില്ലാത്ത വിധം കുതിക്കുകയാണ്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 98640 രൂപയാണ്.ഇന്നലെ വില 99,000 തൊട്ടിരുന്നു. രാജ്യാന്തര വില കുതിച്ചതാണ് കേരളത്തിലെ വിലയും പ്രതിഫലിച്ചത്. ഇന്ന് രാജ്യാന്തര വില ഔൺസിന് 29 ഡോളർ ഉയർന്ന് 4,331 ഡോളറിലെത്തി.
അതേസമയം സ്വർണ വിലയിലെ വർധനവിന് ഇവിടം കൊണ്ടൊന്നും അവസാനമാകില്ലെന്ന് പറയുകയാണ് വേൾഡ് ഗോൾഡ് കൗൺസിൽ സി.ഇ.ഒ ഡേവിഡ് ടൈറ്റ്. ടൈംസ് നെറ്റ്‌വർക്ക് ഇന്ത്യ എക്കണോമിക് കോൺക്ലേവ് 2025-ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വർണ്ണവില കുതിച്ചുയരുന്നതിന് കാരണം ആഗോള കടം വർധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള താരിഫുകളും ഹ്രസ്വകാല സാമ്പത്തിക സംഭവവികാസങ്ങളും ഒരു ചെറിയ വശം മാത്രമാണ്. സ്വർണ്ണത്തിന്റെ ദീർഘകാല മുന്നേറ്റം താത്കാലിക ഭൗമ-രാഷ്ട്രീയ സംഭവങ്ങൾ കൊണ്ട് മാത്രമല്ല, മറിച്ച് ആഴത്തിലുള്ള ഘടനാപരമായ വിഷയങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വില ഉയരാൻ പ്രധാനമായും ആറ് കാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കൽ, ആഗോള കറൻസികളുടെ മൂല്യത്തകർച്ച, നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങൾ, വ്യാപാര-താരിഫ് സമ്മർദ്ദങ്ങൾ, വർധിച്ചുവരുന്ന ആണവ ഭീഷണി, മോശമാകുന്ന സാമ്പത്തിക അസ്ഥിരത എന്നിവയാണത്. ഈ ഘടകങ്ങളെല്ലാം തന്നെ 2026 ലും സ്വർണ വിലയിൽ വലിയ സ്വാധീനം ഉണ്ടാക്കും, അദ്ദേഹം ആവർത്തിച്ചു.
നിലവിലുള്ള ഈ മുന്നേറ്റത്തിന് യുക്രൈൻ യുദ്ധമോ താരിഫ് തർക്കങ്ങളോ കാരണമല്ലെന്നും ടൈറ്റ് വിശദീകരിച്ചു; അത്തരം സംഭവങ്ങൾ വന്നുപോകുന്നവയാണ്. അമിതമായ സർക്കാർ ചെലവുകൾ മൂലമുണ്ടാകുന്ന നിലനിൽക്കുന്ന സാമ്പത്തിക സമ്മർദ്ദമാണ് യഥാർത്ഥ കാരണം. ഇതിന് ഉദാഹരണമായി യുകെ സർക്കാരിന്റെ ചെലവുകൾ നിയന്ത്രിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
വില പ്രവചനങ്ങളിൽ, 2026-ഓടെ ഒരു ഔൺസിന് 6,000 ഡോളർ (ഏകദേശം 100 ഗ്രാമിന് 1,92,800) എന്നത് അസംഭവ്യമല്ലെന്ന് ടൈറ്റ് അഭിപ്രായപ്പെട്ടു. ആഗോള കടങ്ങളിൽ കാര്യമായ കുറവുണ്ടാകാതെ സ്വർണ വിലയുടെ ഈ മുന്നേറ്റം നിലയ്ക്കില്ല. സെൻട്രൽ ബാങ്കുകൾ സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നത് തുടരുമെന്നും നിക്ഷേപകരുടെ ആവശ്യം കാലക്രമേണ ക്രമാനുഗതമായി വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എന്ത് സംഭവിക്കും?
ആഗോള വില ഔണ്‍സിന് 4,331 ഡോളർ എത്തിയപ്പോഴേക്കും കേരളത്തിൽ വില ഒരു പവന് ഒരു ലക്ഷത്തിലേക്ക് അടക്കുകയാണ്. അപ്പോൾ ഔണ്‍സിന് 6000 ഡോളർ ആയാൽ കേരളത്തിൽ സ്വർണ വില എന്താകും? തീർച്ചയായും ഒരു40000 രൂപയുടെ വർധനവ് എങ്കിലും പ്രതീക്ഷിക്കാ അതായത് ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 1.38-1.40 ലക്ഷം വരെയെങ്കിലും നൽകേണ്ടി വരുമെന്ന് സാരം. ഇത് പവൻ വില മാത്രമാണ് കേട്ടോ. പണിക്കൂലിയും ജി എസ് ടിയും ഇതിനൊപ്പം കൊടുക്കണം. അതായത് അടിസ്ഥാന പണിക്കൂലി 5 ശതമാനമാണ്. വിവാഹ ആവശ്യങ്ങൾക്കുള്ള ആഭരണങ്ങൾക്കുള്ള പണിക്കൂലി 35 ശതമാനം വരെ വരും. ഇത്രയൊക്കെ തുക കൊടുത്ത് സാധാരണക്കാരന് സ്വർണം വാങ്ങാൻ സാധിക്കുമോ? തീർച്ചയായും ഇല്ല. ഇത് വിപണിയിൽ എന്ത് മാറ്റമായിരിക്കും കൊണ്ടുവരിക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications