ഗണേഷിന്റെ മന്ത്രി മോഹം വിഫലമാവുമോ? രണ്ട് കൂട്ടരേയും എല്‍ഡിഎഫ് പുറത്താക്കാന്‍ സാധ്യത
തിരുവനന്തപുരം: 'വളരും തോറും പിളരും, പിളരും തോറും വളരും' കേരള കോണ്‍ഗ്രസിനെ കുറിച്ച് പറഞ്ഞ് പഴകിയ ഈ ആപ്തവാക്യം വീണ്ടും അന്വർത്ഥമാക്കികൊണ്ട് കേരള കോണ്‍ഗ്രസ് പാർട്ടി വീണ്ടും പിളരുകയാണ്. കേരള കോണ്‍ഗ്രസ് ബി യിലാണ് ഇത്തവണ പിളർപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. ഇനി വളരുമോയെന്ന കാര്യത്തില്‍ സംസയമാണെങ്കിലും പാർട്ടിയില്‍ പിളർപ്പ് ഏതായാലും ഉറപ്പിച്ച് കഴിഞ്ഞു. പാർട്ടി നേതൃപദവിയില്‍ നിന്നും കെബി ഗണേഷ് കുമാറിനെ പുറത്താക്കാന്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരി ഉഷാമോഹന്‍ ദാസിനെ രംഗത്തിറക്കി ഒരു വിഭാഗം കളിക്കുന്ന കളികളാണ് പിളർപ്പിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ചില നേതാക്കള്‍ സമവായ ശ്രമവുമായി മുന്നോട്ട് വന്നെങ്കിലും ആർ ബാലകൃഷ്ണപിള്ളയുടെ മൂത്ത മകൾ കൂടിയായ ഉഷാ മോഹൻദാസിനെ ചെയർപഴ്സനാക്കി പുതിയ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയോതെ പാർട്ടിയിലെ പിളർപ്പ് പൂർണ്ണമായി. പോൾ ജോസഫ് (വൈസ് ചെയർമാൻ), എം വി മാണി (വർക്കിങ് ചെയർമാൻ) എന്നിവരെയും നിയമിച്ചു. മുന്നണി യോഗങ്ങളിലേക്ക് ഇനി ഞങ്ങളെയാണ് വിളിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ച് ഇവർ എല്‍ ഡി എഫിന് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്.

പാർട്ടി ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗത്തോടെ കുടുംബത്തില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളാണ് പാർട്ടിയിലും തർക്കങ്ങള്‍ക്ക് ഇടയാക്കിയത്. ഉഷാ മോഹന്‍ദാസിന് സജീവ രാഷ്ട്രീയത്തില്‍ പ്രവർത്തന പരിചയം ഇല്ലെങ്കിലും പാർട്ടിയില്‍ ദീർഘകാലമായി പ്രവർത്തിക്കുന്ന മുതിർന്ന നേതാക്കളായിരുന്നു അവർക്ക് വേണ്ടി ചരട് വലികള്‍ നടത്തിയത്. കെബി ഗണേഷ് കുമാറിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ഉഷ മോഹന്‍ദാസിന്റെ പേരിലേക്ക് മാറ്റിയതോടെ തന്നെ പിളർപ്പിന്റെ സൂചനകള്‍ പുറത്ത് വന്നിരുന്നു.

പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി കെ ബി ഗണേഷ് കുമാറിന് നല്‍കിയെങ്കിലും മറുവിഭാഗം ഇത് പൂർണ്ണമായും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഗണേഷ് കുമാർ പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്നായിരുന്നു ഇവരുടെ ആക്ഷേപം. ഇതിനിടയില്‍ ഒരുവിഭാഗം പാർട്ടി വിട്ട് യു ഡി എഫുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

ബാലകൃഷ്ണപ്പിള്ളയുടെ മരണത്തിന് പിന്നാലെ വില്‍പ്പത്രത്തെ തുടർന്ന് ഗണേഷ് കുമാറും ഉഷ മോഹന്‍ദാസും തമ്മില്‍ തർക്കമുണ്ടായിരുന്നു. ഈ തർക്കമായിരുന്നു ഗണേഷ് കുമാറിന് തുടക്കത്തില്‍ മന്ത്രി സ്ഥാനം ലഭിക്കാതെ പോയതില്‍ പ്രധാന കാരണം. വിൽപ്പത്രത്തിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഗണേശിനെതിരെ സഹോദരി സി പി എം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.

സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേഷ് അവഗണിക്കുന്നുവെന്നായിരുന്നു വിമതരുടെ പരാതി. ഇതോടെയാണ് സ്വന്തം നിലക്ക് വിമതർ സംസ്ഥാന സമിതി യോഗം വിളിച്ച് ചേർത്ത് പുതിയ കമ്മിറ്റി രൂപീകരിച്ചത്. പുതിയ കമ്മിറ്റി ഗണേഷിനെ പാർട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കെ ബി ഗണേഷ് കുമാർ പാർട്ടി വൈസ് ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയില്ലാതെ ബോർഡ് ചെയർമാൻ സ്ഥാനത്ത് എത്തിയവരെ നീക്കണമെന്നും പുതിയ നേതൃത്വം എല്‍ ഡി എഫിനോട് ആവശ്യപ്പെടും. പാർട്ടി പിളർന്നതോടെ ഇക്കാര്യത്തിലെ സിപിഎം നിലപാടും ശ്രദ്ധേയമാവും. ഒന്നിച്ച് പോവാന്‍ തീരുമാനിച്ചില്ലെങ്കിലും രണ്ട് വിഭാഗത്തേയും മുന്നണിയില്‍ നിന്നും പുറത്താക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രണ്ട് വർഷത്തിനപ്പുറം ഗണേഷിനെ കാത്തിരിക്കുന്ന മന്ത്രി സ്ഥാനം അദ്ദേഹത്തിന് നഷ്ടമായേക്കും.

അതേസമയം, കേരള കോണ്‍ഗ്രസ് ബി കൂടി പിളർന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ തന്നെ 8 കേരള കോണ്‍ഗ്രസുകളാണ് ഇന്ന് പ്രവർത്തിക്കുന്നത്. അനേകം ചെറിയ വിഭാഗങ്ങള്‍ വേറെയുമുണ്ട്. എല്‍ ഡി എഫ് ഘടകക്ഷികളായി തന്നെ 4 കേരള കോണ്‍ഗ്രസുകാരുണ്ട്. ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (സ്കറിയ തോമസ്) എന്നിവരാണ് എല്‍ഡിഎഫില്‍ ഘടകക്ഷികളായിട്ടുള്ള കേരള കോണ്‍ഗ്രസുകാർ. കേരള കോണ്‍ഗ്രസ് ബി പിളർന്നതോടെ ഇടതു ചേരിയിലെ കേരള കോണ്‍ഗ്രസുകാരുടെ എണ്ണം അഞ്ചായി. സ്കറിയ തോമസ് വിഭാഗം നേരത്തെ മുതല്‍ തന്നെ രണ്ട് ചേരികളായിട്ടാണ് പ്രവർത്തിക്കുന്നത്.

രണ്ട് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളാണ് യു ഡി എഫിനൊപ്പമുള്ളത്. പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്, ടിഎം ജേക്കബ് സ്ഥാപിച്ച കേരള കോൺഗ്രസ് (ജേക്കബ്) എന്നിവരാണ് യുഡിഎഫിലുള്ളത്. യുഡിഎഫ് ചേരിയില്‍ ഇത്ര കുറവ് കേരള കോണ്‍ഗ്രസ് പാർട്ടികള്‍ മാത്രമുള്ള ഒരു ഘട്ടം അടുത്ത കാലത്ത് ഇത് ആദ്യമായിട്ടായിരിക്കും. പിസി തോമസ് വിഭാഗം നേതൃത്വം നല്‍കുന്ന പാർട്ടിയില്‍ ലയിച്ചതോടെയാണ് പിജെ ജോസഫ് വിഭാഗം ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസായി മാറിയത്.

ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയിലും ഒരു കേരള കോണ്‍ഗ്രസുണ്ട്. കുരുവിള മാത്യൂസ് ചെയർമാനായ നാഷനലിസ്റ്റ് കേരള കോൺഗ്രസാണ് ബി ജെ പിയുടെ സഖ്യകക്ഷി. നേരത്തെ പിസി തോമസ് വിഭാഗം എന്‍ ഡി എ മുന്നണിയിലായിരുന്നെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിജെ ജോസഫുമായി ലയിച്ച് യു ഡി എഫില്‍ എത്തുകയായിരുന്നു. പേരില്‍ കേരള കോണ്‍ഗ്രസില്ലെങ്കിലും പിസി ജോർജിന്റെ കേരള ജനപക്ഷവും കേരള കോണ്‍ഗ്രസ് പിളർന്നുണ്ടായതാണ്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications